Latest News

ഒരു ഇന്റസ്ട്രിയെ മൊത്തത്തില്‍ മോശക്കാരാക്കി; പീഡിപ്പിച്ചു എന്ന് പറയുന്നവര്‍ ചങ്കൂറ്റത്തോടെ ആ പേരുകള്‍ വെളിപ്പെടുത്തട്ടെ; ശ്രിയ രമേഷ് പങ്ക് വച്ചത്

Malayalilife
 ഒരു ഇന്റസ്ട്രിയെ മൊത്തത്തില്‍ മോശക്കാരാക്കി; പീഡിപ്പിച്ചു എന്ന് പറയുന്നവര്‍ ചങ്കൂറ്റത്തോടെ ആ പേരുകള്‍ വെളിപ്പെടുത്തട്ടെ; ശ്രിയ രമേഷ് പങ്ക് വച്ചത്

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും അതിക്രമങ്ങളുമെല്ലാം ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതാ വിമര്‍ശനവുമായി എത്തിയിരിക്കുകായണ് നടി ശ്രിയ രമേഷ്. റിപ്പോര്‍ട്ട് മൂലം മാന്യമായി തൊഴില്‍ ചെയ്ത് കുടുംബമായി ജീവിക്കുന്ന ഒരുപാട് പേരുടെ ജീവിതമാണ് ആശങ്കയിലായതെന്നാണ് ശ്രിയ പറയുന്നത്. താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുകയാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്. കുറ്റക്കാരുടെ പേരുകള്‍ പുറത്തുവിടുകയാണ് വേണ്ടിയിരുന്നതെന്നും അല്ലാതെ ഞരമ്പ് രോഗികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും പടച്ചുവിടുവാന്‍ അവസരം ഒരുക്കല്‍ അല്ലായിരുന്നുവെന്നും നടി കുറിച്ചു. 

അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേര്‍ ഉള്ള ഒരു ഇന്റസ്ട്രിയെ മൊത്തത്തില്‍ മോശക്കാരാക്കി. 12 വര്‍ഷമായി മലയാള സിനിമയിലെ പ്രമുഖര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നുമാണ് ശ്രിയ കുറിക്കുന്നത്. 

സിനിമയുടെ ഫെയിം ആവോളം ആസ്വദിച്ച് പിന്നീട് അതില്‍ നിന്നും പുറത്തായി വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഓരോന്നും പറഞ്ഞ് പോയാ മതി. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നരാണ് അതിന്റെ പേരില്‍ അവഹേളിക്കപ്പെടുന്നത്. പീഡിപ്പിച്ചു എന്ന് പറയുന്നവര്‍ ചങ്കുറ്റത്തോടെ ആ പേരുകള്‍ വെളിപ്പെടുത്തട്ടെയെന്നും ശ്രിയ പറയുന്നു.

മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. സ്‌പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാര്‍പ്പെറ്റ് ബോംബിംഗ് പോലെ ആയി അത്.സത്യത്തില്‍ ഇവര്‍ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വേണ്ടത്ര കണ്‍സേണ്‍ ആയിരുന്നോ? ആണെങ്കില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കാതെ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവരുടെ പേരുകള്‍ പുറത്ത് വിടണം. നടപടി എടുക്കണം.

അതല്ലാതെ കണ്ട ഞരമ്പ് രോഗികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും ലൈംഗിക വൈകൃത കഥകളും പടച്ചുവിടുവാന്‍ അവസരം ഒരുക്കല്‍ അല്ലായിരുന്നു വേണ്ടത്.അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേര്‍ ഉള്ള ഒരു ഇന്റസ്ട്രിയെ മൊത്തത്തില്‍ സമൂഹ മധ്യത്തില്‍ മോശക്കാരാക്കുവാനും, സിനിമ വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുവാന്‍ അവസരം ഉണ്ടാക്കുകയല്ല വേണ്ടത്.

ഇന്നിപ്പോള്‍ പരമാവധി വഷളത്തരവും അഭ്യൂഹങ്ങളും ചേര്‍ത്ത് കൊഴുപ്പിച്ച് വിളമ്പുവാനും അതുവഴി വ്യൂവേഴ്‌സിനെ കൂട്ടുവാനും കുറേ ഞരമ്പ് രോഗികള്‍ ഇറങ്ങിയിട്ടുണ്ട്.മാധ്യമങ്ങളില്‍ വന്നിരുന്ന് അലറി വിളിക്കുന്നു വേറെ ഒരു കൂട്ടര്‍. ഈ അഭ്യൂഹം പരത്തുന്ന കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നത് ഈ മേഖലയില്‍ മാന്യമായി തൊഴില്‍ ചെയ്തു കുടുംബവുമായി ജീവിക്കുന്ന ഒരു പാട് പേരുടെ ജീവിതത്തെ പറ്റിയാണ്. അവരുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കേണ്ടതുണ്ട് എന്ന് കമ്മീഷനുള്‍പ്പെടെ ഉള്ളവര്‍ ചിന്തിക്കണം.

അതിവേഗം വളരുന്ന മലയാളം പോണ്‍ ഇന്റസ്ട്രി മലയാളിള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ ഞരമ്പ് രോഗികളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്. അത്തരം ആള്‍ക്കാര്‍ക്കായിപടച്ചു വിടുന്ന അഭ്യൂഹ കഥകള്‍ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ള പ്രേക്ഷകര്‍ സിനിമ പ്രവര്‍ത്തകരോടും അവരുടെ സിനിമകളോടും വിമുഖത കാണിക്കില്ലേ?

സ്വാഭാവികമായും അത് സിനിമാ ഇന്റസ്ട്രിയെ തളര്‍ത്തും. ആയിരക്കണക്കിന് പേരാണ് സിനിമ ഇന്റസ്ട്രിയില്‍ ജോലി ചെയ്യുന്നത്. അവര്‍ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലര്‍ പ്രശ്‌നക്കാരായിട്ട് ഉണ്ടെങ്കില്‍ ആ പേരില്‍ ഇന്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ല.
റിപ്പോര്‍ട്ട് വന്ന ശേഷം പരക്കുന്ന അഭ്യൂഹങ്ങളുടെ ചുവട് പിടിച്ച് പലരും നേരിട്ടും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും കമ്മീഷന്‍ വെളിപ്പെടുത്താത്ത പേരുകള്‍ ആരെല്ലാമാണ്, നിങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടോ എന്നെല്ലാം നിരന്തരം എന്നോട് ചോദിക്കുന്നു. മറ്റുള്ളവരോടും ചോദിക്കുന്നുണ്ടാവാം.

കഴിഞ്ഞ 12 വര്‍ഷമായി മലയാള സിനിമയിലെ ലജന്റ്‌സിന്റെ സിനിമകളില്‍ ഉള്‍പ്പെടെ ഞാന്‍ പ്രവര്‍ത്തിക്കുന്നു. അവരില്‍ ഒരാളും മോശമായി പെരുമാറിയിട്ടില്ല.സിനിമയുടെ ഫെയിം ആവോളം ആസ്വദിച്ച് പിന്നീട് അതില്‍ നിന്നും പുറത്തായി വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഓരോന്നും പറഞ്ഞ് പോയാ മതി. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നരാണ് അതിന്റെ പേരില്‍ അവഹേളിക്കപ്പെടുന്നത്. പീഡിപ്പിച്ചു എന്ന് പറയുന്നവര്‍ ചങ്കുറ്റത്തോടെ ആ പേരുകള്‍ വെളിപ്പെടുത്തട്ടെ. അഭ്യൂഹങ്ങള്‍ക്ക് അവസരം ഉണ്ടാക്കരുത്.

സിനിമയില്‍ അഭിനയിക്കുവാന്‍ കിടപ്പറയില്‍ സഹകരിയ്ക്കണം ,ആണുങ്ങള്‍ എല്ലാം കുഴപ്പക്കാരാണ് എന്ന പൊതു ബോധം തെറ്റാണ്.എങ്ങനേലും സിനിമയില്‍ അഭിനയിക്കണം എന്ന് കരുതി നടക്കുന്നവര്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചാടുന്നുണ്ടാകാം. അത്തരക്കാരെ ആരെങ്കിലും ചൂഷണം ചെയ്യുന്നതിന് മറ്റുള്ളവര്‍ എന്തിന് ചീത്ത പേര് കേള്‍ക്കണം?നമ്മള്‍ നമ്മളായി നിന്നാല്‍ ഒരാളും പ്രശ്‌നത്തിന് വരില്ല വന്നാല്‍ അന്നേരം പ്രതികരിയ്ക്കണം അതല്ലേല്‍ അത്തരം ആളുകളില്‍ നിന്നും മാറിപ്പോകണം.

പ്രൊഡക്ഷന്‍ രംഗത്ത് ഉള്ളവരെ വളഞ്ഞിട്ട് കുറ്റപ്പെടുത്തുന്നുണ്ട്. വളരെ മാന്യമായി പ്രവര്‍ത്തിക്കുന്ന എത്രയോ പേരുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ സീന്‍ കഴിഞ്ഞാല്‍ പോകും എന്നാല്‍ ഒരു സിനിമ എന്നത് യാദാര്‍ത്ഥ്യമാകുവാന്‍ അഹോരാത്രം ജോലി ചെയ്യുന്നവര്‍. ഇത്തരം അഭ്യൂഹങ്ങളും അതുവച്ചുള്ള മസാല വാര്‍ത്തകളും മൂലം അവരുടെ കുടുംബത്തിനും കുട്ടികള്‍ക്കും സമൂഹത്തിനും മുമ്പില്‍ അപമാനിതരാകുന്നവരുടെ വേദന തിരിച്ചറിയണം.

ആര്‍ക്കെങ്കിലും ദുരനുഭവം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കില്‍ / ഇരകള്‍ ആക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സഹായിക്കുവാനും സംരക്ഷിക്കുവാനും നടപടി എടുക്കണം. പക്ഷെ മൊത്തം ആളുകളെയും ചെളിവാരി എറിയുവാന്‍ കടുത്ത ലൈംഗിക ദാരിദ്ര്യവും അത് സൃഷ്ടിക്കുന്ന വൈകൃത മനസ്സുകള്‍ക്ക് സംതൃപ്തിയേകുന്ന വാര്‍ത്തകള്‍ക്ക് അവസരം നല്‍കരുതായിരുന്നു.

സിനിമാ ഇന്റസ്ട്രിയില്‍ വളരെ മാന്യമായി ജീവിയ്ക്കുന്നവര്‍ക്ക് നേരെ സൈബര്‍ ഇടത്തില്‍ അപഖ്യാതി പ്രചരിപ്പിക്കുന്ന വര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ശ്രിയ രമേഷ് കുറിച്ചു.

Read more topics: # ശ്രിയ രമേഷ്
actress shriya ramesh hema committee

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES