ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ ഒരുക്കുന്ന മാപ്പിള ഖലാസികളുടെ സാഹസിക കഥ പറയുന്ന മിഷന്‍ കൊങ്കണ്‍ എന്ന പേരില്‍ പുറത്തിറക്കുന്ന ചിത്രം ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുന്നു. എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. സിനിമയില്‍ കഥാപാത്രങ്ങളാഎത്തുന്നത് ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ്. താരനിര പിന്നീട് അറിയിക്കും.
മനുഷ്യാല്‍ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന.
ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം നടക്കുക ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ്. ഡിസംബറില്‍ രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും.