ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായ ലുവിയേന ലോധ്. മഹേഷ് ഭട്ട് ബോളിവുഡ് സിനിമയിലെ ഡോണ്‍ ആണെന്നും നിരവധി പേരുടെ ജീവിതം തകര്‍ത്തെന്നും ലുവിയേന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപിച്ചു. മഹേഷിന്റെ അനന്തിരവന്‍ സുമിത്ത് സഭര്‍വാളിന്റെ ഭാര്യയാണ് ലുവിയേന.
വീഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.
ബോളിവുഡിലെ ഡോണ്‍ ആണ് മഹേഷ് ഭട്ട്. ബോളിവുഡിലെ നടന്മാര്‍ക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചു നല്‍കുന്നത് തന്റെ ഭര്‍ത്താവ് സുമിത്താണെന്നും ഇവര്‍ പറഞ്ഞു. ഇതേക്കുറിച്ച് മഹേഷ് ഭട്ടിന് അറിയാമെന്നും ലുവിയേന പറഞ്ഞു. സുമിത്തില്‍ വിവാഹ മോചനത്തിന് താന്‍ ശ്രമിച്ചെന്നും നടി പറയുന്നു. അമൈറ ദാസ്തൂറിന് മയക്കുമരുന്ന് എത്തിച്ചുവെന്നും നടി ആരോപിക്കുന്നുണ്ട്.
വിവാഹ മോചനത്തിന് നീങ്ങിയപ്പോള്‍ കുടുംബം തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും ലുവിയേന പറയുന്നു. ബോളിവുഡിനെ നിയന്ത്രിക്കുന്നത് മഹേഷ് ഭട്ടാണ്. തന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ ജീവിതം തന്നെ മഹേഷ് പ്രശ്‌നത്തിലാക്കുമെന്ന് ലുവിയേന പറയുന്നു.
നിരവധി പേരുടെ ജീവിതം മഹേഷ് തകര്‍ത്തിട്ടുണ്ട്. അയാളുടെ ഒരു ഫോണ്‍ കോളില്‍ ജോലി നഷ്ടമാകും. അദ്ദേഹത്തിനെതിരെ താനൊരിക്കല്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചെന്നും നടി പറയുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി മഹേഷ് ഭട്ടും കുടുംബവുമാണെന്നും ലുവിയേന പറയുന്നു.
അതേസമയം ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് മഹേഷ് ഭട്ട് രംഗത്തെത്തി. നടിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മഹേഷ് തന്റെ പ്രസ്താവനയില്‍ അറിയിച്ചു. ആരോപണങ്ങള്‍ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ലുവിയേന ആരോപണം ഉന്നയിച്ച നടി അമൈറ ദാസ്തുറും ആരോപണങ്ങള്‍ തള്ളി. ലുവിയേനക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മഹേഷ് ഭട്ടിന്റെ അഭിഭാഷകന്‍ മറുപടി നല്‍കി.