ഇരിക്ക സ്ഥാനത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന തലക്കുന്നി.. വലുപ്പമാര്‍ന്ന ചെവികള്‍... തേന്‍ നിറമാര്‍ന്ന കണ്ണുകള്‍, വീണെടുത്ത കൊമ്പുകള്‍, വെറുതെ നില്‍ക്കുമ്പോള്‍ പോലും തലയുയര്‍ത്തിപിടിച്ചുള്ള ഭാവഗംഭീരമായ നില്‍പ്. ഇതാണ് വിശ്വനാഥന്‍, കീഴുട്ട് വിശ്വനാഥനെന്ന നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിന്റെ സ്വന്തം സ്വത്ത്.
ഈ ആനയാണ് ഇപ്പോള്‍ പാപ്പന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മദ്യപിച്ചെത്തിയ ശേഷം പാപ്പാനും സഹായിയും ആനയെ വളരെ ക്രൂരമായി തുടരെ തുടരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നാട്ടുകാര്‍ പുറത്തു വിട്ടതോടെയാണ് ക്രൂരമര്‍ദ്ദനം പുറം ലോകമറിഞ്ഞത്. ഗണേഷ് കുമാര്‍ മകനെ പോലെ സ്‌നേഹിക്കുന്ന ആനയാണ് കീഴൂട്ട് വിശ്വനാഥന്‍.
കെബി ഗണേഷ് കുമാറും വിശ്വനാഥനും സുഹൃത്തുക്കളെ പോലെയാണ്. ഒരു മകനെ പോലെയാണ് താന്‍ അവനെ സ്‌നഹിക്കുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെറുതെ നില്‍ക്കുമ്പോള്‍ പോലും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിശ്വനാഥന്‍ കീഴുട്ട് തറവാട്ടിലെത്തിയത് ഇത്തിരിയില്ലാത്ത പ്രായത്തിലാണ്. ഗണേഷ് കുമാറിനൊപ്പം വിശ്വനാഥനും വളരുകയായിരുന്നു. ഇരുപതാം വയസില്‍ എട്ടേകാല്‍ അടിയിലേറെ തലയുയര്‍ത്തിയ ഈ സഹ്യപുത്രന്‍ സ്‌നേഹത്തോടെ തലകുനിക്കുന്നത് ഗണേഷ് കുമാറിനു മുന്നിലാണ്.
വിദേശയാത്രകള്‍ കഴിഞ്ഞെത്തുമ്പോള്‍ മക്കള്‍ക്കു കൊണ്ടു വരുന്നതു പോലെ തന്നെ വിശ്വനാഥനും കഴിക്കാനുള്ള സാധനങ്ങള്‍ കൊണ്ടുവരും. ഇണങ്ങിയും പിണങ്ങിയും വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഇരുവരും കണ്ടുനില്‍ക്കുന്നവര്‍ക്ക് പലപ്പോഴും അത്ഭുതം തന്നെയാണ്. എവിടെ വച്ചു കണ്ടാലും എത്ര ദൂരെ വച്ചു കണ്ടാലും എത്ര കാലം കഴിഞ്ഞു കണ്ടാലും തന്നെ തിരിച്ചറിഞ്ഞ് വിശ്വനാഥന്‍ സ്‌നേഹം പ്രകടിപ്പിക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ദേഹത്ത് എവിടെയെങ്കിലും വേദനയോ മുറിവോ ഉണ്ടെങ്കില്‍ തുമ്പിക്കൈ കൊണ്ട് അതു കാണിച്ചു തരുമെന്നും ഗണേഷ് കുമാര്‍ പറയുന്നു.
മുന്‍പും ഒരു പാപ്പാന്റെ അടുത്ത് നോക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍ നല്ല ആഹാരവും വെള്ളവും ഒന്നും കൊടുത്തിരുന്നില്ല. ഒരിക്കല്‍ കാണാന്‍ പോയപ്പോഴാണ് തനിക്ക് അതു മനസിലായത്. ഉടനെ വിശ്വനാഥനോട് നമുക്ക് പത്തനാപുരത്ത് പോകാം എന്ന് പറഞ്ഞപ്പോള്‍ സമ്മതാര്‍ത്ഥത്തില്‍ തല കുലുക്കിയ കഥയും ഗണേഷ് കുമാര്‍ പങ്കുവച്ചിട്ടുണ്ട്. ഉടന്‍ തന്നെ വിശ്വനാഥനെ പത്തനാപുരത്തേക്ക് എത്തിക്കുകയും ചെയ്തു.
നുള്ളിപോലും നോവിക്കാതെ സ്‌നഹേത്തോടെ ഗണേഷ് കുമാര്‍ പരിചരിക്കുന്ന ആനയാണ് ഇപ്പോള്‍ പാപ്പാന്റെയും സഹായിയുടെയും ക്രൂര മര്‍ദ്ദനത്തിന് ഇരയായിരിക്കുന്നത്. നാട്ടുകാര്‍ പുറത്തു വിട്ട വീഡിയോ ഞെട്ടലോടെയാണ് ഗണേഷ് കുമാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പാപ്പാനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎഫ്ഒയ്ക്ക് ഗണേഷ് കുമാര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ആനയെ എത്രയും പെട്ടെന്ന് കീഴൂട്ട് തറവാട്ടിലെത്തിക്കാനും നിര്‍ദ്ദേശം നല്‍കി.
കോന്നി ആനക്യാമ്പില്‍ നിന്ന് 1994ലാണ് ഗണേഷ് കുമാര്‍ ആനയെ വാങ്ങിയത്. കുട്ടിക്കൊമ്പന്‍ കോന്നിയില്‍ എത്തുന്ന കാലത്ത് കെ പി വിശ്വനാഥന്‍ ആയിരുന്നു കേരളത്തിലെ വനം വകുപ്പ് മന്ത്രി. വകുപ്പ് മന്ത്രിയോടുള്ള ബഹുമാന സൂചകമായിട്ടായിരിക്കും കോന്നിയിലെ വനം വകുപ്പ് മേധാവികള്‍ കുട്ടിക്കൊമ്പന് ആ പേരു നല്‍കിയത് എന്നു കരുതുന്നു. കുഴിയില്‍ വീണോ കെണിയില്‍ വീണോ ആനക്കൂട്ടിലെത്തുന്ന ആനകള്‍ക്ക് മന്ത്രിമാരുടെയോ റെയ്ഞ്ച് ഓഫീസര്‍മാരുടെയോ പേരുകളായിരുന്നു അന്ന് അധികപക്ഷവും ഇട്ടിരുന്നത്. അല്ലെങ്കില്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മക്കളുടെയോ കൊച്ചു മക്കളുടേയോ പേരുകള്‍. ഗണേഷ് കുമാറും വിശ്വനാഥനും തമ്മിലുള്ള സ്‌നേഹവും ബന്ധവും ഗജപരിപാലന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സ്‌നേഹ ഗാഥയാണ്.