Latest News

പാരീസ് ചോക്ലേറ്റും ബ്രിട്ടാണിയ ബിസ്കറ്റ് പാക്കറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചി; മീനയുടെ ഓർമ്മകൾ പങ്കുവച്ച് സഹോദരീപുത്രന്‍

Malayalilife
topbanner
പാരീസ് ചോക്ലേറ്റും ബ്രിട്ടാണിയ ബിസ്കറ്റ് പാക്കറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചി; മീനയുടെ ഓർമ്മകൾ പങ്കുവച്ച്  സഹോദരീപുത്രന്‍

നാലു പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ കാമുകിയായും ഭാര്യയായും അമ്മയായുമൊക്കെ  പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മീന എന്ന മേരി ജോസഫ്. ഇന്ന് താരം വിടവാങ്ങിയിട്ട്  23 വര്‍ഷം  പിന്നിടുകയാണ്. മീനയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു​ അഭിനേത്രിയും വേര്‍പാടിന്റെ ഈ 23-ാം വര്‍ഷത്തിലും മലയാളികള്‍ക്ക് ഇല്ലെന്ന് വരുന്നിടത്ത് തന്നെയാണ് താരത്തെ കുറിച്ചുള്ള ഓർമ്മകൾ പുറത്തുവരുന്നത്. മീന എന്ന മേരി ജോസഫിനെ കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഹോദരീപുത്രനായ റോയി കോശി ജോയി.

"പാരീസ് ചോക്ലേറ്റും ബ്രിട്ടാണിയ ബിസ്കറ്റ് പാക്കറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചിയെ ആണ് എന്റെ കുട്ടിക്കാല ഓര്‍മകളിലൊക്കെ കാണാന്‍ കഴിയുക. വല്യമ്മച്ചിയുടെ നാട്ടിലേക്കുള്ള ഓരോ വരവും എനിക്ക് ഉത്സവമായിരുന്നു. അന്ന് അംബാസിഡറിലാണ് വല്ല്യമ്മച്ചി മുതുകുളത്തെ ഞങ്ങളുടെ വീട്ടിലേക്ക് വരിക. ആ കാറ് വരുമ്ബോഴെ അറിയാം, ഞങ്ങളെ അമ്മവീട്ടിലേക്ക് കൂട്ടികൊണ്ടുപോവാനാണെന്ന്. വല്ല്യമ്മച്ചി തിരിച്ചുപോവും വരും പിന്നെ ഞങ്ങള്‍ അമ്മ വീട്ടിലാവും."

"സഹോദരങ്ങളോടെല്ലാം ഏറെ അടുപ്പവും സ്നേഹവും സൂക്ഷിച്ച വ്യക്തിയായിരുന്നു വല്ല്യമ്മച്ചി. കുട്ടിക്കാല ഓര്‍മകളില്‍ ഇപ്പോഴും തെളിയുന്ന ഒരു രംഗമുണ്ട്. വല്ല്യമ്മച്ചി നാട്ടിലെത്തുമ്ബോള്‍ അമ്മ വീട്ടിലെ ഫ്രിഡ്ജില്‍ എപ്പോഴും ഇന്‍സുലിന്‍ കാണും. പ്രമേഹ രോഗിയായിരുന്നു വല്യമ്മച്ചി. എന്റെ അമ്മയും അമ്മയുടെ അനിയത്തിയും അതെ. സിറിഞ്ചുകള്‍ വേറെയാണെന്നേ ഉള്ളൂ, മൂന്നുപേരും ഒരേ കുറ്റിയില്‍ നിന്നാണ് ഇന്‍സുലിന്‍ എടുത്തിരുന്നത്. അക്കാലത്ത് കേരളത്തില്‍ ഡയബറ്റിക് റിസര്‍ച്ച്‌ സെന്ററുകള്‍ കുറവാണ്. പ്രമേഹലക്ഷണങ്ങള്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മയെ മദ്രാസില്‍ കൊണ്ടുപോയി റോയല്‍പേട്ടയിലെ ഡയബറ്റിക് റിസര്‍ച്ച്‌ സെന്ററില്‍ കൊണ്ടുപോയി കാണിക്കുന്നതൊക്കെ വല്ല്യമ്മച്ചിയാണ്. "

മീന മറഞ്ഞിട്ട് ഇന്നേക്ക് 23 വര്‍ഷം

"സഹോദരിമാരോട് മാത്രമല്ല, അവരുടെ കുട്ടികളെയും വലിയ കാര്യമായിരുന്നു. വല്ല്യമ്മച്ചിയ്ക്ക് ഒരു മകളാണ്, ആണ്‍മക്കളില്ലാത്തതുകൊണ്ട് എന്നോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു എന്നും. വെക്കേഷനൊക്കെ എന്നെ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോവും. എന്റെ സ്കൂള്‍ കാല ഓര്‍മ്മകളില്‍ ചെന്നൈയിലെ വേനലവധിക്കാലത്തിന്റെ മനോഹരമായ ഓര്‍മചിത്രങ്ങളുണ്ട്. അവിടെ വല്ല്യമ്മച്ചിയ്ക്കും മകള്‍ ദീപാമാമ്മാ എന്നു ഞാന്‍ വിളിക്കുന്ന ഡോ. എലിസബത്തിനും ഒപ്പം സിനിമകളുടെ പ്രിവ്യൂ കാണാന്‍ പോവുന്നത്, വലിയ താരങ്ങളെ ഒക്കെ നേരില്‍ കാണുന്നത്. തിരിച്ച്‌ നാട്ടിലെത്തി സുഹൃത്തുക്കളോടൊക്കെ കഥ പറയുമ്ബോള്‍ ആരും വിശ്വസിക്കില്ല. കാരണം, ആ സിനിമകള്‍ ഒന്നും അപ്പോള്‍ നാട്ടില്‍ റിലീസ് ചെയ്തിട്ടുണ്ടാവില്ല."

"ചെന്നൈയില്‍ ഏതെങ്കിലും സ്റ്റുഡിയോയില്‍ ആണ് ഷൂട്ടെങ്കില്‍ ചിലപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വല്ല്യമ്മച്ചി കോടമ്ബാക്കത്തെ വീട്ടിലേക്ക് വരും. ആ കാറില്‍ നസീര്‍ സാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ചിലപ്പോള്‍ ഉണ്ടാവും. എല്ലാവരും ഒന്നിച്ചാണ് വരിക. കോടമ്ബാക്കത്തെ വല്ല്യമ്മച്ചിയുടെ വീട്ടില്‍ അഞ്ചുപേര്‍ക്കുള്ള ആഹാരം എപ്പോഴും കാണും. അത് താരങ്ങള്‍ക്കോ അതിഥികള്‍ക്കോ വേണ്ടിയല്ല, സിനിമാലോകത്ത് ഒരു തുടക്കം കിട്ടാനായി അലഞ്ഞുനടക്കുന്നവര്‍ക്കും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ക്കും വേണ്ടിയായിരുന്നു ആ ഭക്ഷണം എപ്പോഴും മാറ്റിവച്ചിരുന്നത്. തന്നാലാവുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ വല്ല്യമ്മച്ചി ഒരിക്കലും മടിച്ചിരുന്നില്ല.

വല്ല്യമ്മച്ചി മരിക്കുമ്ബോള്‍ ഞാന്‍ സൗദിയിലായിരുന്നു. ഏഷ്യാനെറ്റിലാണ് ഞാന്‍ മരണവാര്‍ത്ത ആദ്യം കാണുന്നത്. എനിക്കന്ന് വരാന്‍ പറ്റിയില്ല. വല്ല്യമ്മച്ചിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ കൊടുംമഴയായിരുന്നു, ചെന്നൈയില്‍ വലിയൊരു വെള്ളപ്പൊക്കമുണ്ടായ സമയമായിരുന്നു അത്. വല്ല്യമ്മച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ് അന്ന് വീട്ടിലെത്തിയ മോഹന്‍ലാല്‍ കാര്‍പോര്‍ച്ചില്‍ നിന്നു കരഞ്ഞതിനെ കുറിച്ചൊക്കെ അമ്മ ഇപ്പോഴും പറയാറുണ്ട്. മോഹന്‍ലാലുമായി നല്ല സൗഹൃദമുണ്ടായിരുന്നു വല്ല്യമ്മച്ചിയ്ക്ക്. തമിഴകത്ത് കമലഹാസന്‍, ജയലളിത എന്നിവരുമായും നല്ല സൗഹൃദം വല്ല്യമ്മച്ചി സൂക്ഷിച്ചിരുന്നു."

Actress meena memories shared her Nephew

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES