ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ഒരു കാലത്ത് ഒന്നിന് പിറകെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു ബാബു ആന്റണി. മാര്‍ഷ്യല്‍ ആര്‍ട്ട്‌സിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യമായിരുന്നു ബാബു ആന്റണിയെ സൂപ്പര്‍ താരമാക്കിയത്. ഇപ്പോള്‍ യുഎസില്‍ കഴിയുന്ന താരം ഇടയ്ക്കിടെ വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ, കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ തന്റെ ആരാധികയുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് താരം.
''എനിക്കൊട്ടും വയ്യ, കൊറോണയാണ്... എനിക്കു വേണ്ടി പ്രാര്‍ഥിക്കണേ...'' എന്ന സന്ദേശം ബാബു ആന്റണിയുടെ ഫോണിലേക്ക് വന്ന് അതു വായിക്കുമ്പോള്‍ താരത്തിന്റെ ഹൃദയം പൊള്ളിയിരുന്നു. പിറ്റേന്ന് വീണ്ടും സന്ദേശമെത്തി. ''ദൈവം എനിക്കൊന്നും വരുത്തല്ലേയെന്നു പ്രാര്‍ഥിക്കുകയാണ് ഞാന്‍. സംസാരിക്കാനും ശ്വാസമെടുക്കാനും പറ്റുന്നില്ല. എപ്പോഴും ചൂടുവെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മോള്‍ക്കു ഞാന്‍ മാത്രമേയുള്ളൂ. അവള്‍ക്കു മൂന്നു വയസ്സുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് അവളുടെ അച്ഛന്‍. എനിക്കെന്തെങ്കിലും പറ്റിയാല്‍ മോള്‍ക്കു ആരുമില്ലാതായിപ്പോകും...''
അവരുടെ സന്ദേശം ബാബു ആന്റണി അമേരിക്കയില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുത്തു. അരമണിക്കൂറിനകം അവരെ തേടി കളക്ടറുടെയും സംഘത്തിന്റെയും അന്വേഷണമെത്തി. കാര്യങ്ങളെല്ലാം സത്യമാണെന്നറിഞ്ഞതോട അവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് ബാധിച്ചു ഗുരുതരനിലയിലായിരുന്ന അവര്‍ ഇപ്പോള്‍ സുഖം പ്രാപിക്കുകയാണ്.
വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാനായത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായെന്നാണ് ബാബു ആന്റണി പറഞ്ഞത്. ''ഭാര്യയുമായി സംസാരിച്ചപ്പോഴാണ് കേരളത്തിലേക്കു വിളിച്ച് അന്വേഷിച്ചാലോയെന്ന് അഭിപ്രായപ്പെട്ടത്. സുഹൃത്തായ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബുവിനെ വിളിച്ചപ്പോള്‍ അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ നമ്പര്‍ തന്നത്. ഒരു പരിചയവുമില്ലാത്ത മുഖ്യമന്ത്രിക്കു സന്ദേശം അയക്കുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, നിമിഷങ്ങള്‍ക്കകം അദ്ഭുതകരമായ രീതിയിലാണ് അവിടെ ഇടപെടലുകളുണ്ടായതും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതും.'' -ബാബു ആന്റണി പറഞ്ഞു.
ടി.എസ്. സുരേഷ്ബാബു പറയുന്നത് ഇങ്ങനെ:
മുഖ്യമന്ത്രി നാം അയക്കുന്ന മെസേജുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മറുപടി അയയ്ക്കാറുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ദിവസം ഞാന്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചിരുന്നു, ഉടന്‍ തന്നെ അദ്ദേഹം 'താങ്ക് യു' എന്ന് മറുപടി അയച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിനും ഞാന്‍ ആശംസകള്‍ അറിയിച്ചു, അദ്ദേഹം മറുപടി അയക്കുകയും ചെയ്തു. ഈ വിവരം ഞാന്‍ സുഹൃത്ത് ബാബു ആന്റണിയോട് പറഞ്ഞിരുന്നു. ബാബുവും അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു, അദ്ദേഹം ഉടന്‍തന്നെ മറുപടിയും അയച്ചിരുന്നു.
അങ്ങനെയിരിക്കെ ആണ് ബാബുവിന്റെ ആരാധികയായ ഒരു യുവതി തനിക്ക് കൊറോണ ആണെന്നും താനും മകനും മകനും മാത്രമേ ഉള്ളൂ എന്നും ബാബു ആന്റണിയെ അറിയിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കുട്ടിക്ക് ആരുമില്ലാതെ ആകുമെന്നും ബന്ധുക്കളോ സുഹൃത്തുക്കളോ സഹായത്തിനില്ല എന്നും യുവതിപറഞ്ഞു. ആ കുട്ടി ഭര്‍ത്താവില്‍ നിന്നും ബന്ധം വേര്‍പെട്ട് ഒറ്റപ്പെട്ടു ജീവിക്കുകയാണ്. ഈ യുവതി ബാബു ആന്റണിക്ക് വല്ലപ്പോഴും മെസ്സേജ് അയക്കാറുള്ളതാണ്. യുവതിയുടെ ശബ്ദത്തിലെ ബുദ്ധിമുട്ടു മനസ്സിലാക്കിയ ബാബു ആന്റണി എന്താണ ചെയ്യേണ്ടത് എന്ന് എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു, 'ബാബു ഒരു കാര്യം ചെയ്യൂ മുഖ്യമന്ത്രിക്ക് ഒരു മെസേജ് അയക്കൂ, അദ്ദേഹം പ്രതികരിക്കാതിരിക്കില്ല'. അങ്ങനെ ബാബു ഈ വിവരം കാണിച്ച് മുഖ്യമന്ത്രിക്ക് ഒരു മെസ്സേജ് അയച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കലക്ടര്‍ വിളിച്ചിട്ട് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടി എടുത്തിട്ടുണ്ട് എന്ന് അറിയിച്ചു. എറണാകുളം കലക്ടറും കൊല്ലം കലക്ടറും ഈ യുവതിയെ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആരോഗ്യപ്രവര്‍ത്തകര്‍ വന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവര്‍ സുഖം പ്രാപിച്ചു വരുന്നതായി മെസേജ് അയച്ചു ബാബുവിനെ അറിയിച്ചിട്ടുണ്ട്. തിരക്കിനിടയിലും അദ്ദേഹം സുഹൃത്തുക്കളുടെ മെസേജുകള്‍ നോക്കാറുണ്ടെന്നും ആര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിയെ തന്നെയാണ് നാം തിരഞ്ഞെടുത്തതെന്നും മനസ്സിലായി. ഇനി ഇതുപോലെ എന്ത് ആവശ്യം വന്നാലും തന്നെ അറിയിക്കണം എന്ന് മുഖ്യമന്ത്രി ബാബുവിന് മെസ്സേജ് അയച്ചു.
കൊല്ലം സ്വദേശിനിയായ യുവതിയെ എറണാകുളത്തെ ആശുപത്രിയില്‍ കൊണ്ടുവന്നാണ് ചികിത്സിച്ചത്. രോഗത്തിനു ശമനമുണ്ടായി ആശുപത്രിയില്‍ നിന്നു വീട്ടില്‍ തിരിച്ചെത്തിയശേഷം ആരാധിക താരത്തിനു വീണ്ടും ഒരു സന്ദേശം അയച്ചു. ''സുഖമായിരിക്കുന്നു, ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. ചേട്ടന്‍ ചെയ്തുതന്ന സഹായം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരാഗ്രഹം കൂടിയുണ്ട്, ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ ചേട്ടനെ നേരിട്ടുകാണണം.''