ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ മലയാള മേഖലയ്ക്കെതിരെയും താരങ്ങള്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളില്‍ ശ്രദ്ധേയ പ്രതികരണവുമായി നടി നൈല ഉഷ. സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന അഭിനയ മോഹികളായ ചിലര്‍ക്കാണ് അഡ്ജസ്റ്റ്മെന്റ് ചോദ്യങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വരുന്നതെന്ന് നടി നൈല ഉഷ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ പോലുള്ള സിനിമയിലെ അംഗങ്ങള്‍ മുഖാന്തിരം അവസരം തേടുന്നവരെയാണ് ചൂഷണത്തിനായും അഡ്ജസ്റ്റ്മെന്റിനായും ഉന്നമിടുന്നതെന്നും നൈല പറയുന്നു. വ്യക്തിപരമായി തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇതുവരെ ഒന്നിച്ച് അഭിനയിച്ചവരെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും നൈല വ്യക്തമാക്കി.
'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേള്‍ക്കുന്നതിലാണ് എന്റെ ഞെട്ടല്‍. വ്യക്തിപരമായി മോശം അനുഭവങ്ങളോ ഈ പറയുന്ന അഡ്ജസ്റ്റ്മെന്റുകളോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം അവസരം തേടേണ്ടി വന്നിട്ടില്ല. എന്നെ ക്ഷണിച്ചതാണ്. ഓരോ സിനിമ സെറ്റിലും എന്റെ റിലേറ്റീവായ ഒരാള്‍ ഒപ്പമുണ്ടായിരുന്നു. മാത്രമല്ല, ശമ്പളത്തിന്റെ കാര്യമാകട്ടെ, താമസ സ്ഥലം സംബന്ധിച്ചുള്ള എന്റെ ആവശ്യങ്ങളാകട്ടെ അതെല്ലാം കോണ്‍ട്രാക്ട് മൂഖാന്തിരം അംഗീകരിച്ചിട്ടുണ്ട്. ഇതെല്ലാം ഞാന്‍ അംഗീകരിക്കുമ്പോഴും അത്തരം പ്രിവിലേജ് ഇല്ലാത്തവര്‍ക്കൊപ്പമാണ് ഞാന്‍ നില്ക്കുക.
ഇതിനു മുന്‍പും പല സ്ത്രീകളും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ചിലര്‍ പരാതി കൊടുത്തു. ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞു. പക്ഷേ, അതൊന്നും വേണ്ട ഗൗരവത്തില്‍ സ്വീകരിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. എനിക്കു തോന്നുന്നു, ഇതാണ് അനുയോജ്യമായ സമയം. ഇനിയെങ്കിലും അത്തരം പരാതികള്‍ ഗൗരവത്തോടെ സ്വീകരിക്കും. മാറ്റം ഇവിടെ നിന്നു തുടങ്ങട്ടെ.
ജോമോള്‍ അവരുടെ അനുഭവമാണ് പറഞ്ഞത്. എന്നോടു ചോദിച്ചാല്‍ എനിക്കു ദുരനുഭവങ്ങള്‍ ഇല്ല. പക്ഷേ, അത്തരം പ്രശ്നങ്ങള്‍ നേരിട്ടവര്‍ക്കൊപ്പമാണ് ഞാന്‍ നില്ക്കുക. പക്ഷേ, ആ സമയത്ത് ജോമോള്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല. ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ ഇല്ലെങ്കിലും നിങ്ങള്‍ ഇത്തരം അനുഭവങ്ങള്‍ പലരില്‍ നിന്നും സ്വാഭാവികമായി കേള്‍ക്കുമല്ലോ. സിനിമ മോശമാണെന്നു പറഞ്ഞ് ഞാന്‍ ആരുടെയും സിനിമാസ്വപ്നങ്ങളെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് സിനിമയോട് വലിയ ആദരവുണ്ട്. സ്നേഹമുണ്ട്. ഏതൊരാള്‍ക്കും സിനിമയെന്ന സ്വപ്നം പിന്തുടരാന് കഴിയണം. എന്തായാലും മലയാള സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുകയാണ്. ചിലപ്പോള്‍ ആളുകള്‍ നിങ്ങളുടെ കതകില്‍ മുട്ടിയേക്കാം, എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ചേക്കാം. പക്ഷേ, ധൈര്യത്തോടെ 'നോ' പറയണം,' നൈല ഉഷ പറഞ്ഞു.
എന്റെ ആദ്യ ചിത്രം റിലീസ് ആകുന്നതിനു മുന്പെയാണ് ഞാന്‍ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജയസൂര്യ നായകനായ പുണ്യാളന് അഗര്‍ബത്തീസ്. അദ്ദേഹത്തിനൊപ്പം സിനിമയില്‍ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പെട്ടെന്നു വിളിച്ച്, എന്റെ സുഹൃത്തിന്റെ പിറന്നാളാണ്... ഒരു ആശംസാ വിഡിയോ തരാമോ എന്നൊക്കെ പറയാന്‍ പറ്റുന്ന അത്ര അടുപ്പമുള്ള കക്ഷി. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു. അതിനുശേഷം, ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ആ ആരോപണം സര്‍പ്രൈസ് ആയെന്നു പറയുമ്പോള്‍, ഞാന്‍ ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നോ ജയസൂര്യക്കൊപ്പം നില്‍ക്കുന്നുവെന്നോ അര്‍ഥമില്ല. പക്ഷേ ഈ ആരോപണം എന്നെ ശരിക്കും ഞെട്ടിച്ചു