മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പ്രിയങ്ക. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ കുറേക്കാലമായി ആലോചിച്ച് തീരുമാനിച്ച് നടത്താനിരുന്ന കുറച്ച് യാത്രകൾ കൊറോണയെന്ന വില്ലൻ ഇല്ലാതാക്കിയെന്ന് തുറന്ന് പറയുകയാണ്.
പ്രിയങ്കയുടെ വാക്കുകളിലൂടെ
‘ഒരു നല്ല കർഷകന്റെ മകളായി ജനിച്ചതിന്റെ ഗുണമാണത്. നമ്മളൊക്കെ മണ്ണിൽ ചവിട്ടി നിൽക്കുന്നവരാണ്. ഞാൻ വളർന്നത് അത്തരമൊരു പശ്ചാത്തലത്തിൽ ആയതിനാലാകാം കാടിനോടും മേടിനോടും ഒക്കെ ഒരു പ്രത്യേക ഇഷ്ടം. ഞാൻ എപ്പോൾ യാത്ര നടത്തിയാലും അതിലൊക്കെ പ്രകൃതിയുമായൊരു അടുപ്പമുണ്ടാകും. കാട്ടിലേക്കുള്ള യാത്രകൾ തന്നെയാണ് താൽപര്യം.
എന്റെ യാത്രകളിലധികവും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടായിരിക്കും. ഷൂട്ടിനിടയിൽ വീണുകിട്ടുന്ന സമയം ആ സ്ഥലത്തെ കാഴ്ചകൾ കാണും. അതിനടുത്തൊരു കാടോ കുന്നോ ഉണ്ടെങ്കിൽ നേരേ അങ്ങോട്ട് വിടും. ഒരു ചെറിയ ട്രെക്കിങ് ഒക്കെ കഴിയുമ്പോൾ മനസ്സിന് ഒരു സുഖം കിട്ടും. നമ്മളെ ആന്ദന്ദിപ്പിക്കുന്ന കാര്യമായിരിക്കും അത്. അതുവരെയുള്ള ഷൂട്ടിന്റെ ബഹളവും തിരക്കും എല്ലാം മറക്കാൻ ആ ഒരൊറ്റ യാത്ര കൊണ്ട് സാധിക്കും.
ലോക്ഡൗണിന് തൊട്ടുമുമ്പാണ് എന്റെ ലാസ്റ്റ് പ്രോജക്ടിന്റെ ഷൂട്ട് കഴിഞ്ഞത്. ചിത്രീകരണം ഏർക്കാട് വച്ചായിരുന്നു. ഈയടുത്ത് ഞാൻ നടത്തിയ ഗംഭീര യാത്രയായിരുന്നു അത്. നേരത്തേ പറഞ്ഞതുപോലെ ഷൂട്ടിനിടയിൽ ഞാൻ ഏർക്കാടിനടുത്തുള്ള കാട് കാണാനായി പോയി. വലിയൊരു മലയിലേക്ക് ഒരു ട്രെക്കിങ്ങും നടത്തി. മറക്കാനാവാത്തൊരു അനുഭവം ആയിരുന്നു അത്. തികച്ചും അപ്രതീക്ഷിതമായൊരു ട്രിപ്പായിരുന്നു അതെങ്കിലും അവിടെ നിന്നു കിട്ടിയ ഊർജം ഇപ്പോഴും ഉണ്ട്.
2020 ൽ എനിക്ക് ധാരാളം പ്ലാനുകൾ ഉണ്ടായിരുന്നു. ബക്കറ്റ് ലിസ്റ്റിൽ 3-4 സ്ഥലങ്ങൾ ഈ വർഷം കവർ ചെയ്യണമെന്ന തീരുമാനമൊക്കെ എടുത്ത് പല പ്ലാനുകളും നടത്തിയതായിരുന്നു. എന്നാൽ കൊറോണ എല്ലാം തരിപ്പണമാക്കി. ഇനി എന്ന് ഒരു യാത്ര സാധ്യമാകുമെന്ന് ഒരു അറിവുമില്ല. എന്നുവെച്ച് ഒരു ഗ്യാപ് കിട്ടിയാൽ ഞാൻ പോവുകയൊന്നുമില്ല കേട്ടോ. സേഫ്റ്റിയാണ് പ്രധാനം. മകനും കൂടിയുള്ളതുകൊണ്ട് റിസ്ക് എടുത്തൊരു യാത്രയും ഞാൻ നടത്തില്ല. അല്ലെങ്കിലും റിസ്കെടുത്ത് കഷ്ടപ്പെട്ട് ചെയ്യേണ്ട ഒന്നല്ലോ അത്. ടെൻഷനുകളിൽ നിന്നെല്ലാം റിലീഫ് നേടാനല്ലേ നമ്മൾ യാത്ര ചെയ്യുന്നത്.
അഗസ്ത്യാർകൂടം, ആൻഡമാൻ, മാലദ്വീപ്, ഹിമാലയം ഇതൊക്കെയായിരുന്നു എന്റെ ഈ വർഷത്തെ ലക്ഷ്യസ്ഥാനങ്ങൾ. സാധാരണ ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഞാൻ ട്രിപ്പൊക്കെ നടത്താറ്. അതാകുമ്പോൾ മോനും ഒപ്പമുണ്ടാകും. പക്ഷേ ഇത്തവണ എല്ലാം പൊളിഞ്ഞു. സത്യം പറഞ്ഞാൽ ശരിക്കും മിസ് ചെയ്യുന്നുണ്ട് യാത്രകളെ. അഗസ്ത്യാർകൂടം പോകണമെന്നത് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു. അതിനുവേണ്ടി നാളുകൾക്ക് മുമ്പേ ബുക്കിങ്ങൊക്കെ നടത്തിയതാണ്. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ അത് നടക്കാതെ പോയി.
ആ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആൻഡമാനിൽ പോകാനുള്ള അവസരം ലഭിക്കുന്നത്. അങ്ങോട്ട് ഷിപ്പിലും തിരിച്ച് ഫ്ളൈറ്റിലും പോരാമെന്നൊക്കെ പദ്ധതിയിട്ടതാണ്. ഞാനാണെങ്കിൽ ഇന്ന് വരെ ആൻഡമാനിൽ പോയിട്ടുമില്ല. അവിടുത്തുകാരിയായ ഒരു സുഹൃത്തിനൊപ്പമായിരുന്നു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പോകാൻ സമയമായപ്പോഴാണ് കൊവിഡിന്റെ ശക്തി കൂടുകയും എല്ലായിടത്തും ലോക്ഡൗൺ പ്രഖ്യാപിച്ചതും. അതോടെ അതും നടക്കാതെയായി.
മറ്റൊരു സ്വപ്നമായിരുന്നു ഈവർഷം അവസാനത്തോടെ ഹിമാലയത്തിലേക്കു പോകണമെന്നത്. ഇപ്പോൾ അത് നടക്കുമെന്നും ഉറപ്പില്ല. വല്ലാത്തൊരു മിസ്സിങ്ങുണ്ട് അതുകൊണ്ട്. എങ്കിലും ഇതൊക്കെ പെട്ടെന്നുതന്നെ ശരിയാകുമെന്ന പ്രതീക്ഷയുണ്ട്. ഹിമാലയം കാണണമെന്നത് കുറേക്കാലമായുള്ള സ്വപ്നം തന്നെയാണ്. സീസണിൽതന്നെ പോകണമെന്നുമുണ്ടായിരുന്നു. ഇതുവരെ സാധിക്കാത്തൊരു യാത്രയാണത്.
പൊൻമുടി കാണാൻ പോവുക എന്നുപറഞ്ഞാൽ എന്നെ സംബന്ധിച്ച് അമ്മവീട്ടിലേക്കു പോകുന്നത് പോലെയാണ്. എന്റെ വീട് പൊൻമുടിക്ക് അടുത്തായതിനാൽ ഒരു ചെറിയ ഡ്രൈവ് നടത്തിയാൽ അവിടെയെത്താം. പെട്ടെന്നൊരു കുഞ്ഞു യാത്ര പോകണമെന്ന് തോന്നിയാൽ നേരെ വണ്ടിയുമെടുത്ത് അങ്ങോട്ട് വിടും. എത്ര കണ്ടാലും മതിവരാത്തൊരു സ്ഥലമാണ് പൊൻമുടി. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും ഓരോ ഭാവമായിരിക്കും. എന്റെ മകനും അവിടെ പോകാൻ വലിയ ഇഷ്ടമാണ്. അവന് മഞ്ഞുള്ള സ്ഥലങ്ങളാണ് കൂടുതൽ ഇഷ്ടം.
കുടജാദ്രി പോയപ്പോൾ മല അവൻ തനിച്ച് കയറി. അന്ന് അവന് അഞ്ച് വയസ്സാണ് പ്രായം. എടുക്കേണ്ടിവരുമോ എന്നൊക്കെ ഞാൻ പേടിച്ചു, പക്ഷേ പുള്ളി ശരിക്കും എൻജോയ് ചെയ്തു അത്.
ഞാൻ നേരത്തേ പറഞ്ഞല്ലോ, ഷൂട്ടിനിടയിൽ കാണാൻ പറ്റുന്ന സ്ഥലങ്ങളൊക്കെ പോയിക്കാണുമെന്ന്. അങ്ങനെ ഉദുമൽപേട്ടിലും നെല്ലിയാമ്പതിയിലുമെല്ലാം അധികമാരും കാണാത്ത സ്ഥലങ്ങളിലൂടെ ഞാൻ പോയിട്ടുണ്ട്. ഒരിക്കൽ കൊടൈക്കനാലിൽ ഒരു ഷൂട്ടിനിടയിൽ ചുമ്മാ കറങ്ങാൻ ഇറങ്ങിയ ഞാൻ കാടിനുള്ളിലേയ്ക്ക് കുറേ പോയിനോക്കി. വല്ലാത്തൊരു ഫീലായിരുന്നു അത്. അങ്ങനെയുള്ള സ്ഥലങ്ങളോട് എനിക്ക് പറഞ്ഞറിയിക്കാനാവാത്തൊരു അടുപ്പമുണ്ട്.’
ഈ വർഷത്തെ പ്ലാനുകൾ ഒക്കെ പൊളിഞ്ഞ സ്ഥിതിയ്ക്ക് അടുത്ത വർഷത്തേയ്ക്ക് പുതിയൊരു ലിസ്റ്റ് ഉണ്ടാക്കേണ്ടിവരുമെന്നാണ് പ്രിയങ്ക പറയുന്നത്. ആ ലിസ്റ്റിലും ഇത്തവണ നടക്കാതെപോയ സ്ഥലങ്ങൾ ഒക്കെ ഉൾപ്പെടുത്തുമെന്നും യാത്രകൾ ആസ്വദിക്കാനുള്ളതാണെന്നും അത് അങ്ങനെതന്നെയായിരിക്കണമെന്നും പറയുന്നു പ്രിയങ്ക.