മലയാള സിനിമ പ്രേമികളുടെ മനസ്സിൽ എന്നും ഒരു ഓർമ്മയായി കഴിയുകയാണ് നടി ശരണ്യയുടെ വേർപാട്. അർബുദത്തെ പിടിച്ചു കെട്ടാൻ ശരണ്യ തന്നാൽ കഴിയുന്ന വിധം ശ്രമിച്ചു എങ്കിൽ കൂടിയും വിധിയുടുപ്പ് മറ്റൊരു മുഖമായിരുന്നു ശരണ്യയെ തേടി എത്തിയത്. എന്നാൽ ഇപ്പോൾ ശരണ്യയുടെ അവസാന നാളുകളെ പറ്റി ശോണിമയും ശരൺജിത്തും സീമ ജി നായരും പറഞ്ഞ വാക്കുകൾ വായനക്കാരിൽ വിങ്ങലായി ബാക്കിയാക്കുകയാണ്
പതിവായി രോഗം വരുന്നതോടെ വിദഗ്ധ അഭിപ്രായം തേടി. അങ്ങനെ 2015ലാണ് ഈ അസുഖം ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്തു വരുന്ന കാൻസർ ആ ഭാഗത്തു വളരാതെ തലച്ചോറിൽ വളരുന്ന അവസ്ഥയായ മെറ്റാസ്റ്റാറ്റിക് കാർസിനോമ ആണെന്ന് സ്ഥിരീകരിച്ചത്. ഒരേ ഭാഗത്തു തന്നെ പലതവണ ശസ്ത്രക്രിയ നടത്തിയതോടെ തലയോട്ടിയിലെ മുറിവ് കൂട്ടിച്ചേർക്കാനായി മെഷ് പിടിപ്പിക്കേണ്ടി വന്നിരുന്നു. ആദ്യം രോഗം വന്നിരുന്നത് പതിനേഴും പതിനെട്ടും മാസത്തെ ഇടവേളയിലാണ്. എന്നാൽ 2018ലെ ശസ്ത്രക്രിയയ്ക്ക് ശേഷം എട്ടു മാസത്തിനുള്ളിൽ വീണ്ടും ക്യാൻസർ കണ്ടെത്തി. അപ്പോഴേക്കും സമ്പാദ്യമെല്ലാം തീർന്ന് കടവും കടത്തിനു മേൽ കടവുമായി ചികിത്സ വഴിമുട്ടിയിരുന്നു. അങ്ങനെയാണ് സഹായം അഭ്യർഥിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ പലയിടത്തു നിന്നും സുമനസ്സുകളുടെ സഹായമെത്തിയതോടെയായിരുന്നു എട്ടാമത്തെ ശസ്ത്രക്രിയ നടന്നത്.
കോതമംഗലം പീസ് വാലിയിൽ ഫിസിയോതെറാപി തുടങ്ങി. 2020 ഒക്ടോബർ 24ന് പുതിയ വീട്ടിലേക്കു ശരണ്യ വലതുകാൽ വച്ചു കയറിയെന്നും സീമ ഓർക്കുന്നു. സ്നേഹത്തോടെ കൂടെ നിന്ന എന്നോടുള്ള ഇഷ്ടം ചേർത്താണ് അവൾ വീടിന് പേരിട്ടത്, ‘സ്നേഹസീമ’. ആ വീട്ടിൽ ശരണ്യയ്ക്കായി ഒരുപാട് സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പിടിച്ചു നടക്കാനും വ്യായാമം ചെയ്യാനും ഹാൻഡ് റെയിൽസും, അടിയന്തര ഘട്ടം വന്നാൽ വീൽചെയറിൽ കടക്കാവുന്ന തരത്തിൽ ബാത്റൂമിൻ്റെ വാതിലിനു വീതി കൂട്ടിയതും അടക്കം ഒരുപാട് സൗകര്യങ്ങൾ. എന്നാൽ ശരണ്യയ്ക്ക് അവിടെ അധികനാൾ കഴിയാനായില്ല എന്നതായിരുന്നു വിധി.
എട്ടാമത്തെ സർജറിക്കു ശേഷം വീട്ടിലെത്തിയ ശരണ്യ വളരെ അവശയായിരുന്നു. വീട്ടിൽ ഫിസിയോ തെറാപി ചെയ്യുന്നതിനിടെ ഒരു ദിവസം വല്ലാത്ത നടുവേദന തോന്നുന്നെന്നു പറഞ്ഞു. പിറ്റേന്ന് വേദന കാരണം ഉറങ്ങാൻ പോലുമായില്ല. അടുത്ത സ്കാനിങ് റിപ്പോർട്ട് ഞങ്ങളെ മരവിപ്പിച്ചു, തലച്ചോറിൽ രണ്ടു ഭാഗത്തേക്കും കഴുത്തിനു പിന്നിലേക്കും സുഷുമ്നാ നാഡിയിലേക്കും ട്യൂമർ വ്യാപിച്ചെന്നായിരുന്നു റിപ്പോർട്ട്.
ഭക്ഷണം പോലും ഇറക്കാൻ പറ്റാതെ ചേച്ചി കിടപ്പിലായി, നാലഞ്ച് പേർ ചേർന്ന് സ്ട്രച്ചറിൽ കിടത്തിയാണ് ചേച്ചിയെ വീണ്ടും ആർസിസിയിലേക്ക് എത്തിക്കാൻ ആംബുലൻസിലേക്ക് കയറ്റിയത്. റേഡിയേഷൻ പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തി കീമോ ആരംഭിക്കാൻ ഇരിക്കെയാണ് എല്ലാവർക്കും കൊവിഡ് പോസിറ്റീവായത്.
വീട്ടിലെത്തി രണ്ടു ദിവസത്തിനു ശേഷം സോഡിയം നില താഴ്ന്ന് കണ്ണു പോലും തുറക്കാൻ പറ്റാതെയായി. ഇതിനിടെ ട്യൂമർ സർജറി ചെയ്ത ഭാഗത്ത് നീർക്കെട്ടു മാറാനായി ട്യൂബ് ഇട്ടിരുന്നു. അടുത്ത സ്കാനിങ്ങിൽ തലച്ചോറു മുതൽ സുഷുമ്നാ നാഡിയുടെ താഴ്ഭാഗം വരെ ട്യൂമർ വ്യാപിച്ചെന്നു കണ്ടെത്തി. അപ്പോഴേക്കും ബിപി താഴ്ന്ന് മുപ്പതിൽ എത്തി. രാവിലെ അമ്മയെ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടു വന്നെങ്കിലും ചേച്ചിയെ കാണാൻ തയ്യാറായില്ല. അച്ഛൻ്റെ അനിയനും ഞാനും സീമചേച്ചിയും കാത്തുനിൽക്കുമ്പോൾ ഐസിയുവിൽ നിന്ന് എമർജൻസി കോൾ വന്നു. ചെന്നപ്പോഴേയ്ക്കും ചേച്ചി പോയി.