ആറുവര്‍ഷമായി ജലച്ചായത്തിലും അക്രിലിക്കിലും വരച്ച 56 ചിത്രങ്ങളാണ് 'ഡ്രീംസ് ഓഫ് കളേഴ്സ്' എന്നപേരില്‍ കൊച്ചി ദര്‍ബാര്‍ഹാളിലെ പ്രദര്‍ശനത്തിലുള്ളത് ചിത്രം വരച്ചത് ആരാന്നു കേട്ടാല്‍ ഒന്നു ഞെട്ടും.നടനും മിമിക്രിതാരവുമായ കോട്ടയം നസീര്‍. പ്രകൃതിയും പൂക്കളും മൃഗങ്ങളും മനുഷ്യനും മനുഷ്യാവസ്ഥയും ഗാന്ധിജിയും ഒബാമയുമെല്ലാം ഇതിലുള്‍പ്പെടും. ചിത്രങ്ങള്‍ കാണാന്‍ നിരവധിയാളുകള്‍ എത്തുന്നുണ്ട്.
മിമിക്രിക്കുമുമ്പെ ചിത്രരചനയിലാണ് നസീര്‍ കൈവച്ചത്. 27 വര്‍ഷംമുമ്പ് ചിത്രരചന പഠിച്ചെങ്കിലും മിമിക്രിയില്‍ സജീവമായതോടെ ശ്രദ്ധ അതിലേക്കായി. എങ്കിലും വരയ്ക്കാനുളള ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നു. ഇടവേളകളിലെല്ലാം ചിത്രം വരച്ചു. ചിത്രത്തിനുള്ളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന രീതിയും പരീക്ഷിച്ചു. ആസിഫ് അലി കോമുവാണ് ചിത്രപ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍. പ്രദര്‍ശനത്തിലെ ചിത്രം വിറ്റുകിട്ടുന്ന തുകയുടെ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.ഗാന്ധിജയന്തിയാഘോഷത്തിന്റെ ഭാഗമായി കോട്ടയം നസീര്‍ വരച്ച ഗാന്ധിജിയുടെ ചിത്രം കെ വി തോമസ് എംപി അനാച്ഛാദനംചെയ്തു. പ്രദര്‍ശനം 18ന് സമാപിക്കും.
ഒന്നിനും സമയമില്ലെന്ന് പറയുന്നത് ഒഴിവുകഴിവ് മാത്രമാണ്. എന്തെങ്കിലും ചെയ്യാന്‍ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, എത്ര തിരക്കുണ്ടെങ്കിലും നാം അതിനുവേണ്ടി സമയം കണ്ടെത്തും. അങ്ങനെ സമയം കണ്ടെത്തി ഏറെ ഇഷ്ടത്തോടെ വരച്ചതാണീ ചിത്രങ്ങളെല്ലാം'' കോട്ടയം നസീര്‍ പറഞ്ഞു.