വിനയന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ അതിശയന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച ദേവദാസ് നായകനാകുന്നു. ദേവദാസിന്റെ അച്ഛനും നടനുമായ രാമു നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മകന്‍ നായകനായി മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. അതേസമയം അതിശയനിലെ ആറുവയസുകാരനില്‍ നിന്നും 23 വയസുള്ള യുവാവായി മാറിയ ദേവന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ആനന്ദഭൈരവി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും അതിശയനിലെ വേഷമാണ് പ്രേക്ഷകര്‍ക്കിടയില്‍ ദേവനെ ശ്രദ്ധേയനാക്കിയത്. ഹിന്ദിതാരം ജാക്കി ഷറോഫ്, ജയസൂര്യ, കാവ്യ മാധവന്‍ എന്നിവര്‍ അഭിനയിച്ച അതിശയനില്‍ കേന്ദ്രകഥാപാത്രത്തെയാണ് ദേവദാസ് അവതരിപ്പിച്ചത്. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും ദേവദാസ് വേഷമിട്ട അതിശയന്‍ എന്ന അമാനുഷിക കഥാപാത്രത്തെ സിനിമാപ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീടും സിനിമാ ഓഫറുകള്‍ എത്തിയെങ്കിലും പഠിത്തത്തില്‍ ശ്രദ്ധിക്കാനായിരുന്നു ദേവദാസിന്റെ തീരുമാനം. മുംബൈയില്‍ ബി.എസ്.സി ഫിലിം മേക്കിംഗ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ദേവദാസ് ഇപ്പോള്‍ സെമസ്റ്റര്‍ ബ്രേക്കിനിടയിലാണ് സിനിമയില്‍ വീണ്ടും അഭിനയിക്കുന്നത്.
ദേവന്‍ നായകനായി തിരികെയെത്തുന്ന കാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന കളിക്കൂട്ടുകാര്‍' എന്ന ചിത്രത്തിന്റെ സംവിധാനം പി.കെ. ബാബുരാജാണ്. ആറുപേരുടെ കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. നായകന് എന്നതിലുപരി സിനിമയുടെ മറ്റ് പ്രധാന മേഖലകളില്‍ കൂടി വര്‍ക്ക് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദേവദാസ് പറയുന്നു. സിനിമയില്‍ നിന്നുമാറി നില്‍ക്കുമ്പോഴും നാടകവേദിയില്‍ സജീവമായിരുന്ന ദേവദാസ് അമേച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്തായാലും മലയാള സിനിമയ്ക്ക് കരുത്തുറ്റ ഒരു യുവ നടനെ കൂടി ലഭിക്കുമെന്നാണ് ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ.