ബോളിവുഡിനൊപ്പം ഹോളിവുഡിലും ചുവടുവച്ച നടി ദീപിക പദുക്കോൺ മെഴുകുസുന്ദരിയാകുന്നു.ലണ്ടനിലെ മാഡം തുസോയിലെ മെഴുകു പ്രതിമകളിൽ അടുത്തവർഷത്തോടെ നടിയും ഇടംപിടിക്കും.ഇതിനു വേണ്ടി മ്യൂസിയത്തെ വിദഗ്ദ്ധർ ലണ്ടനിൽ വച്ച് ദീപികയുമായി കൂടിക്കാഴ്ച നടത്തി. ഏതാണ്ട് ഇരുന്നൂറോളം അളവുകളും നിരവധി ഫോട്ടോകളും അവർ താരസുന്ദരിയിൽ നിന്ന് സ്വീകരിച്ചുകഴിഞ്ഞു. താൻ മെഴുകുപ്രതിമയാകാൻ പോകുന്ന വിവരം ദീപിക തന്നെയാണ് ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്.
രസകരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. അവിസ്മരണീയമായിരുന്നു ഇവർക്കൊപ്പമുള്ള അനുഭവമെന്നും തന്റെ പ്രതിമയ്ക്കായുള്ള കാത്തിരിപ്പിലാണെന്നും ദീപിക പറഞ്ഞു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഐശ്വര്യാ റായി കത്രീന കൈഫ്. പ്രഭാസ് തുടങ്ങിയവരുടെയെല്ലാം പ്രതിമകൾ ഇപ്പോൾ തന്നെ മ്യൂസിയത്തിലുണ്ട്. അതിനു പിന്നാലെയാണ് ദീപികയും അവിടെ ഇടംനേടുന്നത്
ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ ദീപികയുടെ മെഴുകു പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം തന്നെ ലണ്ടനിലെ മ്യൂസിയത്തിൽ പ്രതിമ എത്തും. മാസങ്ങൾക്കുള്ളിൽ ഡൽഹിയിലും വരും ദീപിക പ്രതിമ.