തിരുവനന്തപുരം: വയലിനില്‍ ഇന്ദ്രജാലം നിറച്ച ബാലഭാസ്‌കറിന് ഇന്ന് നാട് യാത്രാമൊഴി ചൊല്ലും. ഇന്നുരാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. സംസ്‌കാരചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെയാകും നടക്കുക. പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ച ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കലാഭവനിലും പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു പൂജപ്പുരയിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോയി. അവിടേയും ജനസഞ്ചയം ഒഴുകിയത്തി. രാവിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ശാന്തികവാടത്തിലേക്ക് വിലാപയാത്രയായി കൊണ്ടു പോകും, അപകടദിവസം വിടപറഞ്ഞ മകള്‍ക്കു പിന്നാലെയാണു മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കറും വിടചൊല്ലിയത്.
വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍.... ആ സംഗീതം മരിക്കുന്നില്ലെന്നാണ് ബാലഭാസ്‌കറിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്നു വിശ്വസിക്കുന്നില്ലെന്ന് നടി മഞ്ജു വാരിയര്‍ കുറിച്ചു. ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയില്‍ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകള്‍ മുമ്പ് ഉണ്ടായ ഓസ്ട്രേലിയന്‍ യാത്രയില്‍ അദ്ഭുതം കേള്‍പ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല...-മഞ്ജു വാര്യര്‍ കുറിച്ചത്.
ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ള ഭാര്യ ലക്ഷ്മി മകളുടെയോ ഭര്‍ത്താവിന്റെയോ വേര്‍പാട് അറിഞ്ഞിട്ടില്ല. ഓര്‍മ വീണ്ടെടുക്കാനാകാതെ സങ്കീര്‍ണാവസ്ഥയിലായിരുന്നെങ്കിലും മരണത്തിനു തലേന്നാള്‍ ബാലഭാസ്‌കറിന്റെ സ്ഥിതി അല്‍പം മെച്ചപ്പെട്ടിരുന്നു.എന്നാല്‍ ഹൃദയാഘാതം ജീവന്‍ എടുത്തു. തലയ്ക്കും നട്ടെല്ലിനും കഴുത്തെല്ലിനും ശ്വാസകോശത്തിനും ഗുരുതര ക്ഷതമേറ്റ ബാലഭാസ്‌കറിനെ ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. ബാലഭാസ്‌കറിനെ അമ്മാവനും വയലിന്‍ വാദകനുമായ ബി.ശശികുമാറാണു സംഗീതലോകത്തേക്കു നയിച്ചത്. ഫ്യൂഷന്‍ സംഗീത പരിപാടികളിലൂടെ ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധേയനായി.
തൃശൂരില്‍നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തില്‍ ഇടിച്ചത്. അപകടത്തില്‍ ഏകമകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ്രൈഡവര്‍ അര്‍ജുനും ചികിത്സയിലാണ്. വയലിനിസ്റ്റ് എന്ന നിലയില്‍ രാജ്യാന്തരശ്രദ്ധ നേടിയ ബാലഭാസ്‌കര്‍ ചെറുപ്രായത്തില്‍തന്നെ സിനിമയ്ക്കു സംഗീതമൊരുക്കിയും പ്രസിദ്ധി നേടിയിരുന്നു. 1978 ജൂലായ് പത്തിന് തിരുമല സ്വദേശി റിട്ട. പോസ്റ്റ് മാസ്റ്റര്‍ സി.കെ. ഉണ്ണിയുടെയും തിരുവനന്തപുരം സംഗീതകോളേജില്‍നിന്ന് വിരമിച്ച സംസ്‌കൃത അദ്ധ്യാപിക ശാന്തകുമാരിയുടെയും മകനായി ജനിച്ചു. മീരയാണ് സഹോദരി. മൂന്നാം വയസ്സില്‍ അമ്മാവന്‍ ബി. ശശികുമാറിന്റെ കീഴില്‍ സംഗീതപഠനം തുടങ്ങി. 12-ാം വയസ്സില്‍ ആദ്യ കച്ചേരി നടത്തി. 17-ാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന ചലച്ചിത്രത്തിലൂടെ സംഗീതസംവിധായകനായി. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളിലും സംഗീതം ചെയ്തു. നിനക്കായ്, ആദ്യമായി തുടങ്ങിയ സംഗീത ആല്‍ബങ്ങളും ശ്രദ്ധനേടി.
വേദികളില്‍ ഫ്യൂഷന്‍ സംഗീതത്തിലൂടെ മലയാളിക്ക് പുതിയ സംഗീതാനുഭവം പകര്‍ന്നു. എ.ആര്‍. റഹ്മാന്‍, സാക്കീര്‍ ഹുസൈന്‍, ലൂയിസ് ബാങ്ക്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുമായെല്ലാം ഫ്യൂഷന്‍ സംഗീതവേദികള്‍ പങ്കിട്ടു. കോളേജ് പഠനകാലത്ത് കണ്‍ഫ്യൂഷന്‍ എന്ന ബാന്‍ഡും പിന്നീട് ദ ബിഗ് ബാന്‍ഡും തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ വേദികളില്‍ പരിപാടി അവതരിപ്പിച്ചു. 2008-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാരം ലഭിച്ചു.