ഗോപിക അനില്‍ എന്ന പേരു കേട്ടാല്‍ സാന്ത്വനത്തിലെ അഞ്ജലിയെയാണ് പ്രേക്ഷകര്‍ക്ക് ആദ്യം ഓര്‍മ്മ വരിക. എന്നാല്‍ സാന്ത്വനത്തിനു ശേഷവും വിവാഹ ശേഷവും മറ്റൊരു പരമ്പരയിലൂടെയും തിരിച്ചു വരാതെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് ആ ഗോപിക ഇപ്പോള്‍. ആ ഒഴിവിലേക്കാണ് മറ്റൊരു ഗോപികാ അനില്‍ രംഗപ്രവേശം ചെയ്തത്. അതു മറ്റാരുമല്ല, മായാമയൂരം എന്ന സീരിയലിലെ നായികയായ ഗംഗ എന്ന സുന്ദരി പെണ്‍കുട്ടിയാണ്. ഗംഗയുടേയും മഹിയുടേയും പ്രണയ ജീവിത കഥ പറയുന്ന പരമ്പരയാണ് സീ കേരളത്തിലെ മായാമയൂരം. ഈ വര്‍ഷം ജനുവരിയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര ഇപ്പോഴും സംപ്രേക്ഷണം തുടരവേയാണ് ഗോപികയും തന്റെ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. 12 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഗോപികയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നത്.
പുഴയോരം റിസോര്‍ട്ടില്‍ വച്ച് അടുത്ത ബന്ധുക്കളേയും പ്രിയപ്പെട്ടവരേയും സാക്ഷിനിര്‍ത്തിയാണ് ഗോപിക അനില്‍ പ്രിയപ്പെട്ടവന്റെ കയ്യില്‍ മോതിരമണിയിച്ചത്. തേജസ് എന്ന പയ്യനെയാണ് ഗോപിക വിവാഹം കഴിക്കുന്നത്. തികച്ചും അപരിചിതരായി തുടങ്ങി ക്ലാസ്മേറ്റ്സായി.. പിന്നെയത് ഫ്രണ്ട്സായി.. ബെസ്റ്റ് ഫ്രണ്ട്സായി.. പിന്നെയത് ക്രഷും ലൗവുമായി മാറി.. അതില്‍ നിന്നും ഇപ്പോള്‍ എന്റെ എല്ലാമെല്ലാമായി മാറിയെന്നാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഗോപിക കുറിച്ചത്. ഇക്കഴിഞ്ഞ 12-ാം തീയതിയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അതിമനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് തങ്ങളുടെ 12 വര്‍ഷത്തെ പ്രണയ കഥ ഗോപിക പങ്കുവച്ചത്.
ഇതൊരു മനോഹരമായ യാത്രയായിരുന്നു! ഈ 12 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ഒരുപാട് മുന്നോട്ട് പോയി??, ജീവിതത്തിന്റെ അടുത്ത ഘട്ടത്തിനായി ഇനിയും കാത്തിരിക്കാനാവില്ല. സുഹൃത്തുക്കളേ, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞാനും @thejuz-ഉം തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇവിടെ പ്രണയവും ചിരിയും ജീവിതകാലം മുഴുവന്‍ പ്രിയപ്പെട്ട ഓര്‍മ്മകളുമുണ്ട്.. എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഗോപിക കുറിച്ചത്.
അതിമനോഹരമായ തൂവെള്ള ലാച്ചയാണ് വിവാഹ നിശ്ചയ വേഷമായി ഗോപിക അണിഞ്ഞത്. തൂവെള്ളയില്‍ ചെയ്ത ഗോള്‍ഡന്‍ ഡിസൈനുകള്‍ ഗോപികയുടെ അഴക് ഇരട്ടിപ്പിക്കുന്നതായിരുന്നു. പച്ചക്കല്ലു പതിച്ചതും മാങ്ങാ ഡിസൈനും ചെയ്ത രണ്ട് സ്വര്‍ണ നെക്ലേസുകളും മുടിയോടു ചേര്‍ത്തൊരുക്കിയ ജിമുക്ക കമ്മലുമാണ് ആഭരണങ്ങളായി ധരിച്ചിരുന്നത്. ഗോപികയുടെ വസ്ത്രത്തോടു ചേരുന്ന മുണ്ടും ജുബ്ബയുമാണ് തേജസും ധരിച്ചത്. ഇരുവരുടേയും മാതാപിതാക്കളുടേയും അടുത്ത ബന്ധുക്കളുടേയും സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയം നടത്തിയത്. ആ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സ്വന്തം അമ്മയുടെ കൊലപാതകി അച്ഛനാണെന്നു കരുതി അച്ഛനെ വെറുക്കുന്ന മകള്‍.. തെറ്റിദ്ധാരണകള്‍കൊണ്ട് അകന്നു പോയ ആ അച്ഛനെയും മകളെയും ഒന്നിപ്പിക്കാനെത്തുന്ന ഗംഗാ എന്ന പെണ്‍കുട്ടിയുടെ കഥയാണ് മായാമയൂരം എന്ന പരമ്പര പറയുന്നത്. അച്ഛന്‍, അമ്മ, സഹോദരന്‍, അമ്മൂമ്മ എന്നിവരടങ്ങുന്നതാണ് ഗോപികയുടെ കുടുംബം. തമി എന്ന ഷൈന്‍ ടോം ചാക്കോ ചിത്രത്തിലൂടെ മലയാളത്തിലും ഓടവിട്ട് സുടലാമാ എന്ന ചിത്രത്തിലൂടെ തമിഴിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ചില പരസ്യ ചിത്രങ്ങളിലൂടെയും മ്യൂസിക്കല്‍ ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയയാണ് ഗോപിക.