നടി മധുബാലയെ അത്രപെട്ടെന്ന് മലയാളികള്‍ക്ക് മറക്കാനാകില്ല. ഒറ്റയാള്‍ പട്ടാളം, യോദ്ധ എന്നോടീഷ്ടം കൂടാമോ തുടങ്ങി ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ മധുബാല മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും റോജ എന്ന തമിഴ് ചിത്രവും ചിന്ന ചിന്ന ആസൈ എന്ന പാട്ടും ഇന്നും മൂളാത്ത മലയാളികള്‍ കാണില്ല. വിവാഹശേഷം മധുബാലയെ പിന്നീട് അധികം കണ്ടിട്ടില്ല. മധുബാലയുടെ വിശേഷങ്ങള്‍ അറിയാം.
മമ്മൂട്ടി നായകനായ അഴകന്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മധുബാല എന്ന മധു. തൊണ്ണൂറുകളില് തെന്നിന്ത്യന് സിനിമാലോകത്ത് നിറസാന്നിധ്യമായി മാറിയ താരമാണ് മധു. മണിരത്നം സംവിധാനം ചെയ്ത റോജയിലും മലയാള ചിത്രം യോദ്ധയിലുമെല്ലാം നായികയായി മധുബാല തിളങ്ങി. ഒറ്റയാള് പട്ടാളം, എന്നോടിഷ്ടം കൂടാമോ, നീലഗിരി എന്നിവയാണ് മധുബാല നായികയായ മറ്റുമലയാള ചിത്രങ്ങള്‍. 1992ല്‍ പുറത്തിറങ്ങിയ റോജയായിരുന്നു മധുവിന്റെ കരിയറില് വഴിത്തിരിവായി മാറിയത്. റോജയിലെ റോജ എന്ന കഥാപാത്രം നല്കിയ പ്രശസ്തി മധുവിന് ബോളിവുഡിലും ഇടം നേടി കൊടുത്തു. അരവിന്ദ് സ്വാമിയുടെ ഭാര്യയായിട്ടായിരുന്നു ഇതില്‍ മധു വേഷമിട്ടത്. പക്ഷേ രസകരമായ കാര്യമെന്തെന്നാണ് അരവിന്ദ് സ്വാമിയെക്കാള്‍ പ്രായം കൂടുതലാണ് മധുവിനെന്നതാണ്.
നടി ഹേമമാലിനിയുടെ അടുത്ത ബന്ധുവാണ് മധുബാല. ഒപ്പം തന്ന ജൂഹി ചൗളയും താരത്തിന്റെ കസിനാണ്. 1999 ലായിരുന്നു മധു ബിസിനസുകാരനായ ആനന്ദ് ഷായെ വിവാഹം കഴിച്ചത്. ഭര്‍ത്താവിനും മക്കളായ അമേയ, കേയ എന്നിവര്‍ക്കുമൊപ്പം മുംബൈയിലാണ് മധു താമസിക്കുന്നത്. വിവാഹത്തിന് ശേഷം പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുലാഖാത് എന്ന ചിത്രത്തിലൂടെ മധു സിനിമയില് തിരിച്ചെത്തി. മലയാളത്തില്‍ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലും മധുബാല അഭിനയിച്ചു. അതേസമയം മധുബാലയുടെ പണ്ടത്തെ മുഖശ്രീയൊക്കെ പോയെന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. മെലിഞ്ഞുണങ്ങിപോയ താരത്തിന്റെ സൗന്ദര്യം പോയെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.