രഞ്ജിനി ഹരിദാസ് എലിമിനേറ്റ് ആകും മുമ്പ് ബിഗ് ബോസ് ഷോയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് അര്‍ച്ചനയ്ക്ക് രമേശിനോടുള്ള പ്രേമമായിരുന്നു. ഒരു ക്യാമറയെ നോക്കി സംസാരിച്ചുകൊണ്ടിരുന്ന അര്‍ച്ചന ക്യാമറയോട് മിണ്ടാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. രമേശ് എന്ന് ക്യാമറയ്ക്ക് പേരിട്ട് അതിനോട് സംസാരിച്ച അര്‍ച്ചനയ്ക്ക് മനോരോഗ വിദഗ്ധന്റെ ചികിത്സ വേണമെന്ന് സാബുവും രഞ്ജിനിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രമേശ് അതിഥിയായി ബിഗ്ബോസിലെത്തിയതോടെ അര്‍ച്ചനയ്ക്കും ഏറെ സന്തോഷമായിരിക്കുകയാണ്.
ഇന്നലെയാണ് ബിഗ്ബോസ് വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നതായി ബിഗ്ബോസ് അംഗങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയത്. എത്തുന്ന ആളിനെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നിരുന്നെങ്കിലും അപരിചിതനായ ഒരു ചെറുപ്പക്കാരനെ ബിഗ്ഗ്ബോസ് വീടിന്റെ പരിസരത്ത് ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയെന്നും അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത് അയാള്‍ ഓര്‍മ്മ നഷ്ടപ്പെട്ട ആള്‍ ആണെന്നും അയാളാണ് ബിഗ്ബോസ് വീട്ടിലേക്ക് എത്തിയതെന്നും ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വലിയ ഒരു മനുഷ്യന്റെ രൂപത്തിലുളള പാവയാണ് ബിഗ്ഗ്ബോസ് വീട്ടിലെത്തിയത്.
ഇപ്പോള്‍ അയാള്‍ക്ക് വേണ്ടത് സ്നേഹവും ശുശ്രൂഷയുമാണെന്നും അതിനാല്‍ എല്ലാവരും അയാളെ സനേഹപൂര്‍വ്വം വരവേല്‍ക്കണമെന്നും ബിഗ്ബോസ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബിഗ്ഗ്ബോസ് അംഗങ്ങള്‍ പാവയ്ക്ക് രമേഷ് എന്നു പേരു നല്‍കുകയും അയാളെ എടുത്ത് ലാളിച്ച് പാടുപാടി നൃത്തം ചെയ്തു. പിന്നീട് തന്റെ കാണാതായ രമേഷിനെ തിരിച്ചു കിട്ടിയെന്ന് പറഞ്ഞ് അര്‍ച്ചന രമേശിനു ഒപ്പമിരിക്കാനും തലചീകി കൊടുക്കുകയുമൊക്കെ ചെയ്തു. പിന്നീട് വീട്ടിലെ എല്ലാവരും രമേശിനെ കൂടെ കൊണ്ടു നടക്കുകയും പരിചരിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ബിഗ്ബോസ് അംഗങ്ങള്‍ വിചാരിക്കുന്നപോലെ അത് രമേശ് അല്ലെന്നും ഇയാളെക്കുറിച്ച് നിഗൂഡത തോന്നുന്നവരും ഇല്ലാത്തവരും രണ്ടു ഗ്രൂപ്പുകളായി തിരിയണമെന്നും ബിഗ്ഗബോസ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നിഗൂഡത ഉണ്ടെന്ന് പറഞ്ഞ സാബുവും പേളിയും ഇയാളെക്കുറിച്ചുളള അന്വേഷണം ആരംഭിച്ചു. അല്‍പ സമയത്തിനു ശേഷം കാര്യങ്ങള്‍ ചോദിച്ചറിയാനായി അപരിചിതനെ കണ്‍ഫഷന്‍ റൂമില്‍ എത്തിക്കാന്‍ ബിഗ്ബോസ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഷിയാസ് അയാളെ കണ്‍ഫഷന്‍ റൂമിലെത്തിച്ചു. എന്നാല്‍ പിന്നീട് ബിഗ്ഗബോസ് ഹൗസിലെ വെറുപ്പിക്കലില്‍ നിന്നും താന്‍ രക്ഷപ്പെട്ടതായി അപരിചിതന്‍ എഴുതി കത്താണ് സാബു എല്ലാവരെയും വായിച്ചു കേള്‍പ്പിച്ചത്.