സീ കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി വിജയകരമായി സംപ്രേക്ഷണം തുടരുന്ന പരമ്പരയാണ് മാംഗല്യം. സനല്‍ കൃഷ്ണയും മരിയ പ്രിന്‍സും നായികാ നായകന്മാരായി അഭിനയിക്കുന്ന പരമ്പരയില്‍ വരദയും സിന്ധു ശിവസൂര്യയും ഗ്രീഷ്മാ രമേഷും അടക്കം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. നേരത്തെ പരമ്പരയില്‍ നിന്നും നടി അര്‍ച്ചനാ കൃഷ്ണ പിന്മാറിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, പരമ്പരയില്‍ നിന്നും വീണ്ടും ഒരാള്‍ കൂടി പിന്മാറിയിരിക്കുകയാണ്. സീരിയലിന് ആവേശം പകരുന്ന ഏട്ടത്തിയമ്മ കഥാപാത്രമായി തിളങ്ങിയിരുന്ന, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കി നെഗറ്റീവ് കഥാപാത്രങ്ങള്‍ക്കെതിരെ പോരടിച്ചു നിന്ന നടി ഷെമി മാര്‍ട്ടിന്‍ ആണ് പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുന്നത്.
പകരം സീരിയല്‍ നടി സിമി എത്തിയതോടെയാണ് ഷെമി പരമ്പരയില്‍ നിന്നും പിന്മാറിയത് ആരാധകരും തിരിച്ചറിഞ്ഞത്. ഇതോടെ ഷെമിയുടെ വെടിക്കെട്ട് പ്രകടനം കാത്തിരുന്നവര്‍ക്ക് വലിയ സങ്കടമാണ് ഈ പിന്മാറ്റം നല്‍കിയിരിക്കുന്നത്.
ഏറെ വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തു നിറഞ്ഞുനില്‍ക്കുന്ന നടിയാണ് ഷെമി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന, മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ വൃന്ദാവനം എന്ന സീരിയലിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷെമി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായത്. വളരെ ബോള്‍ഡ് ആയ കഥാപാത്രമായിരുന്നു ഓറഞ്ചിന്റേയും. ചില കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സിലാണ് സ്ഥാനം പിടിക്കുക. കാലമെത്ര കഴിഞ്ഞാലും അത് മായാതെ നില്‍ക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്കിടയില്‍ ഷെമി ഇപ്പോഴും ഓറഞ്ച് ആയി ശ്രദ്ധ നേടവേയാണ് വിവാഹജീവിതത്തിലേക്കും കടന്നത്.
നാലു വര്‍ഷത്തോളം എയര്‍ഹോസ്റ്റസ് ജോലി ചെയ്ത് മടുപ്പ് തോന്നിയപ്പോഴാണ് ഷെമി ജോലി രാജിവെച്ചത്. ഇനിയെന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് മഴവില്‍ മനോരമയുടെ 'തനി നാടന്‍' എന്ന പ്രോഗ്രാമിലേക്ക് അവതാരകയായി അവസരം ലഭിച്ചത്. അതു കണ്ടാണ് വൃന്ദാവനത്തിലേക്കും എത്തിയത്. വൃന്ദാവനം' എന്ന പേരില്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ സീരിയല്‍ ഇടയ്ക്കുവച്ച് 'നന്ദനം' എന്ന പേരില്‍ മറ്റൊരു ചാനലിലേക്ക് മാറ്റിയിരുന്നു. ആ സമയത്ത് ചിത്രീകരിച്ച 'ഇത്തിരിപ്പൂവേ പൂങ്കിനാവേ പതിയെ പതിയെ ഉണരുന്നതോ' എന്ന ടൈറ്റില്‍ സോങ് ഇപ്പോഴും പ്രേക്ഷക മനസുകളിലുണ്ട്.
2013ലായിരുന്നു വിവാഹം. വിവാഹത്തിനു പിന്നാലെ കുടുംബ ജീവിതവുമായി മുന്നോട്ടു പോയ ഷെമിയ്ക്ക് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മകളും പിന്നാലെ മകനും ജനിച്ചു. വൈകാതെ ഭര്‍ത്താവുമായി വേര്‍പിരിയലും. രണ്ടു മക്കള്‍ക്കൊപ്പം വീണ്ടും ജീവിതം ആരംഭിക്കവേയാണ് മക്കള്‍, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളുടെയും പൗര്‍ണമി തിങ്കളിന്റെയും ഒക്കെ ഭാഗമായി വീണ്ടും തിരിച്ചു വരികയും ചെയ്തത്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായാണ് മാംഗല്യത്തിലേക്ക് എത്തിയതും ഇപ്പോള്‍ പിന്മാറിയതും. അതേസമയം, സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷെമിയുടെ വീഡിയോകള്‍ക്കു താഴെ നിരവധി പേരാണ് ഇക്കാര്യം ചോദിച്ച് എത്തുന്നതും.