വാതരോഗങ്ങള്‍ക്ക് ആയുര്‍വേദം

Malayalilife
topbanner
 വാതരോഗങ്ങള്‍ക്ക് ആയുര്‍വേദം

അസ്ഥികള്‍, സന്ധികള്‍, ഞരമ്പുകള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളാണ് വാതരോഗങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ആയുര്‍വേദശാസ്ത്രത്തിന്റെ മുഖ്യാചാര്യന്മാരായ സുശ്രുതന്‍, ചരകന്‍, വാഗ്ഭടന്‍ തുടങ്ങിയവര്‍ മനുഷ്യശരീരത്തിലെ അസ്ഥികളെകുറിച്ചും അസ്ഥി സന്ധികളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഇതില്‍ സുശ്രുതസംഹിതയിലാണ് വ്യക്തവും വിശദവുമായ വിവരണം നല്‍കിയിരിക്കുന്നത്. ശസ്ത്രക്രിയാപ്രധാനമായ ഗ്രന്ഥമായതിനാലാണ് സുശ്രുതന്‍ ഇവയെ വിശദമായി വിവരിച്ചത്.

 

ലക്ഷണങ്ങള്‍


1. സന്ധികളില്‍ വെള്ളം നിറച്ച തോള്‍ സഞ്ചി പോലെ നീരു വന്നു വീര്‍ക്കുകയും മടക്കാനും നിവര്‍ത്താനും കഴിയാതാവുകയും ചെയ്യുന്ന അവസ്ഥ. 
2. സന്ധികളില്‍ ചൂട്, ചുവപ്പുനിറം, ചലനശേഷിക്കുറവ്, സന്ധികള്‍ ചലിപ്പിക്കുമ്പോള്‍ ഉരയുന്ന ശബ്ദം, വാതവ്യാധികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി വിവരിക്കുന്ന വാതരക്തം, ഊരുസ്തംഭം, ആമവാതം എന്നീ രോഗാവസ്ഥകള്‍ ലക്ഷണങ്ങള്‍ കൊണ്ട് സന്ധിഗതവാതത്തിന് സമാനങ്ങളാണ്.

 

 

ആമവാതം


സന്ധിവാതരോഗികളില്‍ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നത് ആമവാതരോഗികളാണ്. കൈകാലുകള്‍, കഴുത്ത് തുടങ്ങിയവയിലെ എല്ലാ സന്ധികളിലും തീവ്രമായ വേദനയും നീരും പനിയുമുണ്ടായിരിക്കും. ദുഷ്ടമായ ആഹാരരസം രസധാതുവഴി ശരീരത്തിലെ ശ്ലേഷ്മസ്ഥാനങ്ങളില്‍ എത്തുന്നു. 
തന്മൂലം ദഹനക്കേടുണ്ടാവുകയും രുചിയില്ലായ്മ, എപ്പോഴും വായില്‍ ഉമിനീര്‍ നിറയുക, ശരീരത്തിന് കനം, ഉത്സാഹക്കുറവ്, വയറ്റില്‍ വേദനയും കട്ടിപ്പും, മൂത്രം അധികമായി പോവുക, വെള്ളംദാഹം, ഛര്‍ദ്ദി, തലകറക്കം, കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്ക് തളര്‍ച്ച തോന്നുക, നെഞ്ചുവേദന, മലബന്ധം, കുടലിരപ്പ്, വയര്‍വീര്‍പ്പ്, ഉറക്കക്കുറവ് തടങ്ങിയ ഉപദ്രവങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും.

 

മിക്കവാറും പനിയും ദഹനക്കേടുമായിരിക്കും രോഗാരംഭം. ദേഹം നുറുങ്ങുന്ന നോവും സന്ധികളില്‍ തേള്‍ കുത്തുന്നതുപോലുള്ള വേദനയും അനുഭവപ്പെടും. വിരുദ്ധ സ്വഭാവമുള്ള ആഹാരം കഴിക്കുക, പതിവില്ലാത്ത പ്രവൃത്തികള്‍ ചെയ്യുക, വ്യായാമക്കുറവ്, ആഹാരം കഴിച്ച ഉടന്‍ ജോലി ചെയ്യുക തുടങ്ങിയ കാരണങ്ങളാല്‍ ദഹനശക്തി കുറയുകയും ആഹാരം ദഹിക്കാതെ (ആമമായി) ഇരിക്കുകയും ശരിയായ പചനവും ധാതുപരിണാമവും നടക്കാതെവരികയും ചെയ്യുന്നു. ദുഷിച്ച രക്തം ശരീരത്തിലാകമാനം സഞ്ചരിച്ച് സന്ധികളില്‍ ചുവപ്പുനിറം, ചൂട്, വേദന, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളുണ്ടാകുന്നു. ഈ രക്തം ഹൃദയത്തിലെത്തുമ്പോള്‍ നെഞ്ചുവേദനയുണ്ടാകുന്നു. കാലക്രമത്തില്‍ ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാകുന്നു.

1. സന്ധികളിലെ വീക്കവും പ്രയാസങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറിമാറി വന്നുകൊണ്ടിരിക്കും. 
2. വലിയ സന്ധികളെ (കാല്‍മുട്ട്, അരക്കെട്ട്, തോള്‍ സന്ധി മുതലായവ) കൂടുതലായി ബാധിക്കുന്നു. 
3. വീക്കം കൂടുതലായിരിക്കും 
4. ആന്റിസ്‌ട്രെപ്‌റ്റോലൈസിന്‍ ആന്റിബോഡീസ് (എ.എസ്.ഒ ടിറ്റര്‍) വളരെ കൂടുതലായിരിക്കും.

ചികിത്സ


ദഹനശക്തി ഏറ്റവും കുറവും പനിയുമുണ്ടായിരിക്കുമെന്നതിനാല്‍ ആമവാതത്തില്‍ ആദ്യം ഉപവസിപ്പിക്കുയാണ് ചെയ്യുന്നത്. സന്ധികളില്‍ വേദനയുള്ളഭാഗത്ത് മണല്‍ക്കിഴികൊണ്ട് വിയര്‍പ്പിക്കാം. ആമാവസ്ഥവിട്ട് പനി മാറിയ ശേഷം ചെറിയ തോതില്‍ വയറിളക്കുന്നു. ഇതിന്നായി ശുദ്ധി ചെയ്ത ആവണക്കെണ്ണ പാലില്‍ കൊടുക്കാം.

 

ആഹാരമായോ ഔഷധമായോ എണ്ണമയമുള്ളവയോ ദഹിക്കാന്‍ പ്രയാസമുള്ള സാധനങ്ങളോ കൊടുക്കരുത്. എളുപ്പം ദഹിക്കുന്ന തരത്തിലുള്ള പൊടിയരിക്കഞ്ഞി തുടങ്ങിയവയാണ് കഴിക്കേണ്ടത്. എണ്ണമയമുള്ളവയും എരിവ്, പുളി എന്നിവയും തീരെ ഒഴിവാക്കണം. തല നനച്ചു കുളിക്കുകയോ തണുത്ത സാധനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. പൂര്‍ണവിശ്രമവും ആവശ്യമാണ്. 

uploads/news/2019/04/303228/Sandhivatham220419a.jpg

വാതരക്തം


ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെടുന്ന സന്ധിരോഗം വാതരക്തം ആണ്. കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി ക്രമേണ എല്ലാ സന്ധികളിലേക്കും രോഗം വ്യാപിക്കുന്നു. ദീര്‍ഘകാലംകൊണ്ട് കരള്‍, ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയെക്കൂടി ബാധിക്കുന്നു. ജനിതകത്തകരാറുകളും വൈറസ് ബാധയും രോഗകാരണങ്ങളില്‍പ്പെടുന്നു.

 

അനാരോഗ്യകരമായ ജീവിതരീതിമൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ ഒന്നാണ് വാതരക്തം. ദഹനശക്തി, പ്രായം, ദേഹപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയില്‍ ശ്രദ്ധിക്കാതെയുള്ള ആഹാരം, വ്യായാമം, ഉറക്കം, ലൈംഗികവൃത്തി എന്നിവ രക്തദുഷ്ടിയുണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ തീരെ വ്യായാമം ചെയ്യാതിരിക്കുന്നതും രക്തത്തെ ദുഷിപ്പിക്കുന്നു. ഇങ്ങനെ രക്തദുഷ്ടിയുണ്ടാക്കുന്ന ശീലമുള്ളവയും ആയ ആഹാരവും മറ്റും ശീലിക്കുമ്പോള്‍ വാതം വര്‍ധിക്കുകയും രക്തവുമായി ചേര്‍ന്ന് സ്രോതോരോധമുണ്ടാക്കുകയും ചെയ്യുന്നു.

ശാരീരിക മാറ്റങ്ങള്‍


രക്തപ്രവാഹത്തില്‍വരുന്ന തടസംമൂലം പനി, അധികം വിയര്‍പ്പ്, ശ്വേതരക്താണുക്കളുടെ എണ്ണത്തില്‍ വര്‍ധനവ്, ശ്വാസവൈഷമ്യം, സന്ധികളില്‍ വീക്കം, വേദന, ചുവപ്പുനിറം, കുത്തിനോവ്, തരിപ്പ്, കനം, ചൊറിച്ചില്‍ തുടങ്ങിയ ഉപദ്രവങ്ങള്‍ ഉണ്ടാകുകയും ശരീരത്തിന് തളര്‍ച്ച, ഭാരക്കുറവ്, പേശിവേദന എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു.

രാവിലെ ഉണരുമ്പോള്‍ ഏതാനും മണിക്കൂര്‍ നേരത്തേക്ക് സന്ധികള്‍ ബലംപിടിച്ചിരിക്കും. വാതരക്തത്തിന് ഇടയ്ക്കിടെ സുഖമാവുകയും വീണ്ടും ഉണ്ടാവുകയും ചെയ്യുന്ന സ്വഭാവമാണ് ഉള്ളത്. രോഗത്തിന്റെ പഴക്കം കൂടുന്നതും ചികിത്സ വൈകുന്നതും കാലക്രമത്തില്‍ വിവിധ തരത്തിലുള്ള സന്ധിവൈകല്യങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

ചൊറിച്ചില്‍, തടിപ്പ്, വേദന, തരിപ്പ് എന്നിവയാണനുഭവപ്പെടുക. ക്രമേണ ഈ പ്രയാസങ്ങള്‍ അധികമാകുകയും കല്ലിപ്പും പഴുപ്പുമുള്ള നീര്‍ക്കെട്ടുകളുണ്ടാവുകയും ചെയ്യും. ശരീര മാസകലമുള്ള അസ്ഥി-മജ്ജകളില്‍ പിളര്‍ക്കുന്നതുപോലുള്ള വേദനയുണ്ടാവും. മര്‍മ്മാസ്ഥിസന്ധികളെ ബാധിക്കുന്ന ഈ രോഗത്തിന് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന് ആധുനിക ശാസ്ത്രത്തില്‍ വിവരിക്കുന്ന രോഗവുമായി ഏറെ സാമ്യമുണ്ട്.

പ്രധാന കാരണങ്ങള്‍


1. വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങള്‍ (മത്സ്യവും തൈരും ഒന്നിച്ചുപയോഗിക്കുക, പാലും പുളിയുള്ള പഴങ്ങളും ഒന്നിച്ചുപയോഗിക്കുക, തേന്‍, പാല്‍, ഉഴുന്ന്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ ഇവയിലേതെങ്കിലും മത്സ്യമാംസങ്ങള്‍ക്കൊപ്പമോ ശര്‍ക്കര, മുള്ളങ്കി, താമര വളയം ഇവയൊന്നിച്ചോ ഉപയോഗിക്കുക. വാഴപ്പഴം മോരിന്റെയോ തൈരിന്റെയോ ഒപ്പം ഉപയോഗിക്കുക, പായസവും മദ്യവും ഒന്നിച്ചുപയോഗിക്കുക, തേനും നെയ്യും സമം ചേര്‍ക്കുക, തേന്‍ ചൂടുള്ളവയ്‌ക്കൊപ്പം ഉപയോഗിക്കുക തുടങ്ങിയവ) പതിവായി ശീലിക്കുന്നവര്‍ക്ക് രക്തദുഷ്ടിയുണ്ടാവുന്നു.

 

വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങള്‍ കൂട്ടിച്ചേര്‍ത്തുപയോഗിക്കുമ്പോള്‍ ശരീരത്തില്‍ വിഷതുല്യമായി പ്രവര്‍ത്തിക്കുന്നു. ഉള്‍പ്പുഴുക്കത്തെ ഉണ്ടാക്കുന്ന ഉപ്പ്, പുളി, ക്ഷാരം, എരിവ് എന്നിവ കൂടുതലുള്ള ആഹാരസാധനങ്ങളുടെ അമിതോപയോഗം കാലക്രമത്തില്‍ രക്തദുഷ്ടിയുണ്ടാക്കുന്നു. മുതിര, ഉഴുന്ന്, അമരയ്ക്ക, മാംസം, കരിമ്പ്, തൈര്, മദ്യം, ശര്‍ക്കര തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.

2. പകലുറക്കം, അലസത, രാത്രി ഉറങ്ങാതിരിക്കുക, പുകവലി എന്നിവ പതിവായുള്ളവര്‍ക്ക് അമിതവണ്ണവും മലബന്ധം തുടങ്ങിയ പ്രയാസങ്ങളും പതിവായിരിക്കും. ഇവര്‍ക്ക് രക്തദുഷ്ടയുണ്ടാകുവാനെളുപ്പമാണ്. വ്യായാമം ചെയ്യാതിരിക്കുമ്പോള്‍ സന്ധികള്‍ക്ക് സ്തബ്ധതയുണ്ടാവും.

3. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന വിഷാംശം രക്തത്തില്‍ കലര്‍ന്ന് വിഷസ്വഭാവമുണ്ടാക്കുന്നതുകൊണ്ട് പുകവലിക്കുന്നവരില്‍ ദഹനശക്തി കുറവാകുന്നതിനാല്‍ ആഹാരത്തിന്റെ ശരിയായ പചനവും ആഗിരണവും നടക്കുന്നില്ല. ഇത് രക്തക്കുറവിനും കാരണമാകുന്നു.

Read more topics: # health tips ayurveda
health tips ayurveda

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES