മകള്‍ മറിയം അമീറ സല്‍മാന് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസമായിരുന്നു മറിയത്തിന്റെ ആറാം പിറന്നാള്‍. ആശംസ അറിയിച്ച് ദുല്‍ഖര്‍ കുറിച്ചത് ഇങ്ങനെ
''എന്റെ രാജകുമാരിക്ക് ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. സ്‌നേഹത്തിന്റെ നിര്‍വചനവും ഒപ്പം അത്ഭുതവും ആനന്ദവും സന്തോഷവും ആണ് നീ. രണ്ട് കാലടിയില്‍ ആണ് എന്റെ മുഴുവന്‍ ഹൃദയവും. നീ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനും നിന്റെ സ്വപ്നങ്ങള്‍ സഫലമാകാനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും. നിനക്ക് നക്ഷത്രങ്ങളെ തൊടാന്‍ കഴിയുന്നത് വരെ ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും. പക്ഷേ, എനിക്കറിയാം നിനക്ക് അതെല്ലാം സ്വന്തമായി തന്നെ ചെയ്യാനാണ് ഇഷ്ടം. പൂര്‍ണതയോടെ, നിന്റെ താളത്തില്‍ അത് നിനക്ക് ചെയ്യാന്‍ കഴിയും. ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഞങ്ങള്‍ നിന്നെ അത്രയധികം സ്‌നേഹിക്കുന്നു.'' - ദുല്‍ഖര്‍ കുറിച്ചു
ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുല്‍ഖര്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. വിദേശത്തെവിടെയോ യാത്ര പോയ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. മകള്‍ക്കൊപ്പം ഭാര്യ അമാലിനെയും ചിത്രങ്ങളില്‍ കാണാം.
2011 ഡിസംബര്‍ 21നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ഒരു ആര്‍ക്കിടെക്ട് കൂടിയാണ് അമാല്‍. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കിങ്ങ് ഓഫ് കൊത്ത' യുടെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അഭിനയത്തില്‍ മാത്രമല്ല നിര്‍മാണ മേഖലയിലും സജീവമാണ് ദുല്‍ഖര്‍. താരത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രം 'അടി' വിഷു റിലീസമായി എത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.