Latest News

'കാന്തന്റെ തിരക്കഥ വായിച്ച ദയാഭായി കരഞ്ഞു'; രണ്ട് വർഷത്തെ കഠിനാധ്വാനത്തിനിടയിലും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് തന്റെ സ്വപ്നം പൂർത്തിയാക്കിയതെന്ന് 'കാന്തൻ ദ ലവർ ഓഫ് കളറി'ന്റെ സംവിധായകൻ; കഥാപാത്രം ചെയ്യാൻ ദയാഭായി ആദ്യം സമ്മതിച്ചില്ലെന്നും തിരക്കഥ ഇഷ്ടപ്പെട്ടാണ് വന്നതെന്നും ഷെരീഫ് ഈസ; പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന സിനിമ ഒരു ഓർമ്മപ്പെടുത്തൽ

Malayalilife
topbanner
'കാന്തന്റെ തിരക്കഥ വായിച്ച ദയാഭായി കരഞ്ഞു'; രണ്ട് വർഷത്തെ കഠിനാധ്വാനത്തിനിടയിലും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് തന്റെ സ്വപ്നം പൂർത്തിയാക്കിയതെന്ന് 'കാന്തൻ ദ ലവർ ഓഫ് കളറി'ന്റെ സംവിധായകൻ; കഥാപാത്രം ചെയ്യാൻ ദയാഭായി ആദ്യം സമ്മതിച്ചില്ലെന്നും തിരക്കഥ ഇഷ്ടപ്പെട്ടാണ് വന്നതെന്നും ഷെരീഫ് ഈസ; പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന സിനിമ ഒരു ഓർമ്മപ്പെടുത്തൽ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു 'കാന്തൻ ദ ലവർ ഓഫ് കളർ'. പരിസ്ഥിതിയുടേയും ആദിവാസി ഊരുകളിലെ ജീവിതങ്ങളുടേയും വിവരണമായ ചിത്രത്തിലേക്ക് ദയാഭായി എന്ന പൊതുപ്രവർത്തക എങ്ങനെ എത്തി എന്ന് പറയുകയാണ് സംവിധായകൻ ഷെരീഫ് ഈസ. ഒട്ടേറെ പ്രതിസന്ധികൾ തരമം ചെയ്താണ് താൻ ചിത്രം സംവിധാനം ചെയ്തതെന്നും രണ്ടു വർഷത്തിലേറെയാണ് താൻ ഇതിനായി കഠിനാധ്വാനം ചെയ്തതെന്നും ഷെരീഫ് പറയുന്നു. കണ്ണൂർ പ്രസ് ക്ലബിൽ വച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ സിനിമയുടെ പിന്നാമ്പുറ കഥ പറഞ്ഞത്.

പരിസ്ഥിതിയുടെ രാഷ്ട്രീയവും വയനാട്ടിലെ ആദിവാസി ഊരുകളിലെ ജീവിതങ്ങളും വരച്ചു കാട്ടുന്ന ചിത്രത്തിൽ ആദിവാസി വിഭാഗങ്ങൾക്കായി പോരാടുന്ന ദയാഭായി തന്നെ മുഖ്യകഥാപാത്രമായി എത്തണമെന്ന് ഷെരീഫിന് ആദ്യം മുതൽ തന്നെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആദ്യം ദയാഭായി ഇതിന് തയാറായില്ല. ഇതിനു ശേഷം തിരക്കഥ കാണണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഷെരീഫും തിരക്കഥാകൃത്ത് പ്രമോദ് കൂവേരിയും പൂണെയിലെത്തി കഥ പറഞ്ഞു. അന്ന് തിരക്കഥ മുഴുവനും വായിച്ച ദയാബായി കരഞ്ഞുവെന്നും സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നെന്ന് ഷെരിഫ് പറയുന്നു.

താൻ നേരിട്ട് ചില പ്രതിസന്ധികളും ഷെരീഫ് പരിപാടിയിൽ പങ്കുവെച്ചു. 'സിനിമയുടെ ആദ്യപ്രദർശനം കാണാൻ മലയാളത്തിലെ പ്രമുഖനായ ഒരു തിരക്കഥാകൃത്തുമുണ്ടായിരുന്നു. സിനിമ വെട്ടിച്ചുരുക്കി അരമണിക്കൂറാക്കി സ്‌കൂളുകളിൽ പ്രദർശിപ്പിക്കണമെന്നാണ് അയാൾ ഉപദേശിച്ചത്. എന്നാൽ തങ്ങളുടെ ത്യാഗത്തിന്റെ ഫലമായ സിനിമ വെട്ടിച്ചുരുക്കാൻ തയ്യാറായില്ല. ദയാബായിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ ദയാബായി ഉൾപ്പെടെ സന്തോഷത്തിലാണ്'. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറർ സിജി ഉലഹന്നാൻ എന്നിവർ സംസാരിച്ചു.

ജീവിക്കാനായി റബർ ടാപ്പിങ്: സിനിമയോടുള്ള അടങ്ങാത്ത കനലുമായി ഷെരിഫ് ഈസ

ജീവിക്കാനായി റബർ ടാപ്പിങ് തൊഴിലെടുക്കുന്നയാളാണ് ചിത്രത്തിന്റെ സംവിധായകൻ എന്ന വാർത്ത കൂടി കേട്ടാൽ ചലച്ചിത്രത്തോട് ഇദ്ദേഹത്തിനുള്ള 'അടങ്ങാത്ത പ്രണയം' എന്തെന്ന് ഏവർക്കും പെട്ടന്ന് പിടികിട്ടും.തന്റെ ആകെയുള്ള ചെറിയ വീട് പണയം വെച്ചും ഭാര്യയുടെ ആഭരണങ്ങൾ വിറ്റുമാണ് ഷെരീഫ് ഈസയെന്ന പ്രതിഭ ഈ ചിത്രം പൂർത്തിയാക്കിയത്. സിനിമയെന്ന ഷെരിഫിന്റെ സ്വപ്നം പൂർത്തിയാക്കാൻ തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലുമുള്ള ഒരുപറ്റം യുവാക്കൾ അദ്ദേഹത്തോടൊപ്പം അണിനിരക്കുകയും ചെയ്തു. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുമ്പോൾ മാത്രമല്ല ജീവിതം എന്ന ചക്രം ഉരുട്ടാനും ഏറെ കഷ്ടപ്പാടാണ് ഷെരീഫ് സഹിക്കുന്നത്.

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ നാടകം എഴുതിയും സംവിധാനം ചെയ്തും പ്രതിഭ തെളിയിച്ചയാളാണ് ഷെരീഫ്. ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി എന്ന ഗ്രാമ നിവാസിയാണ് ഷെരീഫ്. ഉപജീവനത്തിനായി റബർ ടാപ്പിങ് നടത്തുമ്പോഴും സിനിമ മാത്രമാണ് ഷെരീഫിന്റെ മനസിലുള്ളത്. 20 ലക്ഷം രൂപ മുതൽ മുടക്കിലാണ് കാന്തൻ-ദ ലവർ ഓഫ് കളർ എന്ന സിനിമ പൂർത്തിയാക്കിയത്.

ബാങ്ക് വായ്പ സിനിമ പൂർത്തിയാക്കാൻ മതിയാകില്ലെന്ന് മനസിലായതോടെ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങുകയും ഭാര്യയുടെ സ്വർണം വിറ്റും ഷെരീഫ് പണം കണ്ടെത്തി. ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ തന്നെ പെടാപ്പാട് പെടുമ്പോൾ സിനിമയ്ക്കായി എടുത്ത കടം എങ്ങനെ വീട്ടുമെന്ന ആശങ്ക മനസിൽ മുളച്ചെങ്കിലും സിനിമയോടുള്ള അടങ്ങാത്ത കനലിനെ അണയ്ക്കാൻ അതിന് സാധിച്ചില്ല.

കാന്തൻ- ദ ലവർ ഓഫ് കളറിലൂടെ വയനാട് തിരുനെല്ലി നെങ്ങന കോളനിയിലെ അടിയവിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് വരച്ചു കാട്ടുന്നത്. ആദിവാസി-ദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കവിയും കഥാകൃത്തുമായ പ്രമോദ് കൂവേരി കഥയും തിരക്കഥയും ഒരുക്കി. കൂവേരി സ്വദേശികളായ സംവിധായകന്റെയും രചയിതാവിന്റെയും നേട്ടം ഒരു ഗ്രാമം ഒന്നാകെ ആഘോഷിക്കുകയാണ്. കൂവേരി പാലയാട്ടെ റബ്ബർ ടാപ്പിങ് തൊഴിലാളി പി.പി. ഈസാന്റെയും ആസ്യയുടെയും മകനാണ് ഷെരീഫ്. ഭാര്യ ഷബ്ന. മകൻ ആദിൽ ഈസ.

മനുഷ്യരുടെ പുറംമോടി കണ്ട് അവരുടെ സംസ്‌കാരം വിലയിരുത്തപ്പെടുകയും ഇന്നത്തെ സമൂഹത്തിൽ അവർക്ക് സഹവസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു പറ്റം പച്ചയായ മനുഷ്യരുടെ കഥയാണ് കാന്തൻ ദ ലവർ ഓഫ് കളർ പറയുന്നത്. മാറിവരുന്ന ഭരണകൂട വ്യവസ്ഥിതികൾ നിരന്തരം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കാട്ടുകുരങ്ങന്മാർ എന്നുവിളിക്കപ്പെടുന്ന ആദിവാസി-ദളിത് വിഭാഗങ്ങൾക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമായി മാത്രമാണ് താൻ ഈ സിനിമയെ നോക്കിക്കാണുന്നത് എന്നു ദയാബായി പറയുന്നു.

ഏതുകാലഘട്ടത്തിലും അരികുവൽക്കരിക്കപ്പെടുന്ന ജനതയുടെ ജീവിതവും പോരാട്ടവും കലാപരവും സൂഷ്മവുമായി ആവിഷ്‌കരിച്ചിട്ടുണ്ട്. അതേപ്രാധാന്യം തന്നെയുണ്ട് ഈ ദളിത്-ആദിവാസി അതിജീവനകഥക്കും. അവർ അനുഭവിക്കുന്ന അവഹേളനം, അവകാശധ്വസംനം, ജനാധിപത്യസ്വത്വം എല്ലാം അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് കാന്തൻ.

വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗ മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. കർഷക ആത്മഹത്യകൾ, കപട പരിസ്ഥിതിവാദങ്ങൾ പ്രകൃതി ചൂഷണം, വരൾച്ച, ദാരിദ്രം, നാട്ടുഗദ്ദിക, കാക്കപ്പെലെ, തീണ്ടാരിക്കല്യാണം തുടങ്ങിയ ആചാരങ്ങൾ, പ്രണയം, പ്രതിരോധം, നിലനിൽപ്പിന്റെ രാഷ്ട്രീയം തുടങ്ങിയ ജീവിത സന്ധികളോടു സമരസപ്പെടുകയാണ് സിനിമ.

kanthan the lover of colour director sherif issa

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES