അമിതാഭ് ബച്ചന്റെ നര്‍മം നിറഞ്ഞ ട്വീറ്റുകളും പോസ്റ്റുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ബച്ചന്റെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു പൊലീസ് ജീപ്പിനരികെ തലകുനിച്ചു നില്ക്കുന്ന ചിത്രമാണ് ബിഗ് ബി പങ്കുവച്ചിരിക്കുന്നത്. ''അറസ്റ്റ് ചെയ്യപ്പെട്ടു'' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. അടുത്തിടെ വാര്‍ത്തയായ ഹെല്‍മറ്റ് വിവാദത്തിനുള്ള താരത്തിന്റെ മറുപടിയാണിതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
മുംബൈ നഗരത്തിലൂടെ ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്തതിന് മുംബൈ പൊലീസ് അമിതാഭ് ബച്ചനെ താക്കീത് ചെയ്യുകയും കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ബച്ചന്റെ പോസ്റ്റ്. ഏതെങ്കിലും പുതിയ സിനിമയിലെ രംഗമാണോ ഇതെന്നു വ്യക്തമല്ല. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.
അമിതാഭ് ബച്ചനും അനുഷ്ക ശര്‍മയും ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് ഷൂട്ടിങ് സൈറ്റിലെത്തിയതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. താരങ്ങളും വാഹനം ഓടിച്ചവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചതിനു പിന്നാലെ, ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിക്കുകയായിരുന്നു.
ദീപിക പദുക്കോണും പ്രഭാസും അഭിനയിക്കുന്ന പ്രോജക്ട് കെ ആണ് അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. നാഗ അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ദ്വിഭാഷാ ചിത്രമാണ്.