സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ നിലപാടുകള്‍ ശക്തമായി തുറന്നു പറയാന്‍ താരം മടികാണിക്കാറില്ല. മാത്രമല്ല ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളും വൈറലാവാറുണ്ട്. അതിനാല്‍ വിമര്‍ശകരും കുറവല്ല. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിമര്‍ശകന് അഭയ നല്‍കിയ മറുപടിയാണ്.
കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയുടെ വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നല്ലൊരു ഗായികയായിരുന്നു പറഞ്ഞിട്ട് കാര്യമില്ല വിധി അല്ലാതെന്ത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി അഭയ എത്തി. താങ്കള്‍ എനിക്ക് കല്‍പ്പിച്ചു തന്ന വിധി എന്തായാലും ഞാന്‍ അങ്ങ് സഹിച്ചു എന്നാണ് ഗായിക കുറിച്ചത്.
മോശം കമന്റ് രേഖപ്പെടുത്തി ആളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചാണ് ഗായിക പ്രതികരിച്ചത്. ഇത് കൂടാതെ ഇതിനെ കുറിച്ച് പരാമര്‍ശിക്കുന്ന പുതിയ പോസ്റ്റും അഭയ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് താരം കമന്റ് ഉള്‍പ്പെടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സാജിദ് അബ്ദുള്‍ ഹമീദ് എന്ന അക്കൗണ്ടില്‍ നിന്നാണ് അഭയയ്‌ക്കെതിരെ മോശം കമന്റ് വന്നത്.
സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗം നഗ്‌നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ' എന്നായിരുന്നു കമന്റ്. പിന്നാലെയാണ് അഭയ മറുപടിയുമായി രംഗത്തെത്തിയത്.
അഭയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
'സ്ത്രീകള്‍ക്ക് വഴി പിഴക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവന്‍ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തില്‍ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അതു തീര്‍ത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും'- എന്നാണ് അഭയ കുറിച്ചത്.
പ്രതികരണമെന്നോണം അഭയ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ക്യാപ്ഷനില്‍ കുറിക്കു കൊള്ളുന്ന മറുപടിയും അഭയ ഉള്‍പ്പെടുത്തിയിട്ടുണ്ട്: 'നഗ്‌നതാ പ്രദര്‍ശനം ചെയ്ത് കാശുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പാന്റ്‌സ് ഇടാന്‍ മറന്നു പോയ യുവതി. അത് വഴി... കേരളത്തിന്റെ സാംസ്‌കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാന്‍ ഉദ്ദേശിക്കുന്ന അഹങ്കാരി ! അടുത്ത ഷോക്ക് ബിക്കിനി ഇടാന്‍ ഉദ്ദേശിക്കുന്നുണ്ട് അത്രേ! മ്ലേച്ഛം' എന്നാണ് ക്യാപ്ഷന്‍