Latest News

മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി പ്രണയ വിവാഹം; മദ്യപാനം നശിപ്പിച്ച ജീവിതം; അവസാന കാലത്ത് ഭര്‍ത്താവിനെ തിരിഞ്ഞു നോക്കിയില്ല;പിന്നാലെ മകളുടെ മരണവും;കണ്ണീര്‍ തോരാത്ത നടി സേതുലക്ഷ്മിയുടെ ജീവിത കഥ

Malayalilife
topbanner
മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി പ്രണയ വിവാഹം; മദ്യപാനം നശിപ്പിച്ച ജീവിതം; അവസാന കാലത്ത് ഭര്‍ത്താവിനെ തിരിഞ്ഞു നോക്കിയില്ല;പിന്നാലെ മകളുടെ മരണവും;കണ്ണീര്‍ തോരാത്ത നടി സേതുലക്ഷ്മിയുടെ ജീവിത കഥ

നാടകത്തില്‍ നിന്നും മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തി താരമായി മാറിയ നടിയാണ് സേതുലക്ഷ്മി. സ്നേഹം നിറഞ്ഞ അമ്മ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വില്ലത്തി വേഷങ്ങളിലൂടെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്ന അസാധ്യ നടിയാണ് സേതു ലക്ഷ്മി. സ്വകാര്യ ജീവിതത്തില്‍ ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തേടിയെത്തിയ ഈ അമ്മ ജീവിതം നല്‍കിയ കരുത്തിന്റെ ബലത്തിലാണ് ഇന്നും ജീവിക്കുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും അതിലൊന്നും തളരാതെ മകള്‍ ലക്ഷ്മിയ്ക്കും മകന്‍ കിഷോറിനും ഒപ്പം നല്ലൊരു വാര്‍ധക്യ ജീവിതം ആഗ്രഹിച്ചാണ് സേതുലക്ഷ്മി ഇപ്പോള്‍ ജീവിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ സേതുലക്ഷ്മി 1943ലാണ് ജനിച്ചത്. ഇപ്പോള്‍ 79 വയസുള്ള നടിയ്ക്ക് കുട്ടിക്കാലത്ത് തന്നെ നാടകങ്ങളില്‍ അഭിനയിക്കുവാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. അങ്ങനെയാണ് ഏറെ ആഗ്രഹത്തോടെ ഡാന്‍സ് പഠിക്കാന്‍ ശ്രമിച്ചത്. പക്ഷെ വീട്ടുകാര്‍ക്ക് ഒന്നും ഒട്ടും താല്‍പര്യമില്ലായിരുന്നു ഡാന്‍സ് പഠിക്കുന്നത്. അന്ന് നാടകങ്ങളില്‍ സജീവമായി അഭിനയിച്ചു വരുന്നതിന്റെ ഇടയിലായിരുന്നു ഒരു മേക്കപ്പുകാരനുമായി പ്രണയത്തിലായത്. ജീവിക്കാന്‍ ഒരു നിവൃത്തിയും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ സേതുലക്ഷ്മി കുറേ സ്വത്തൊക്കെയുള്ള ആളാണ് എന്നാണ് അയാള്‍ കരുതിയത്. അതു മനസില്‍ കണ്ടാണ് അദ്ദേഹം സേതുലക്ഷ്മിയെ പ്രണയിച്ചത്. എന്നാല്‍ വിവാഹശേഷമാണ് കാര്യങ്ങളെല്ലാം മനസിലായത്. ഇതോടെ അതു വരെ ഉണ്ടായിരുന്ന സ്നേഹം പതുക്കെ വെറുപ്പിലേക്കും വഴക്കുകളിലേക്കും എല്ലാം എത്തിച്ചു. സേതുലക്ഷ്മിയെ തള്ളിക്കളയണം എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ സേതുലക്ഷ്മിയുടെ അമ്മ മാത്രം എപ്പോഴെങ്കിലുമൊക്കെ ആരും കാണാതെ ഒളിച്ചു വരുമായിരുന്നു.

പപ്പ എന്നായിരുന്നു സേതുലക്ഷ്മി ഭര്‍ത്താവിനെ വിളിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ കഷ്ടപ്പെട്ടായിരുന്നു ഇവരുടെ ജീവിതം. കടുത്ത മദ്യപാനിയായിരുന്നു ഭര്‍ത്താവ്. സാമ്പത്തികമൊന്നും ഇല്ലാതിരുന്നിട്ടും ജോലി ചെയ്ത് കിട്ടുന്ന കാശിനു മുഴുവന്‍ മദ്യപിക്കുന്ന അയാള്‍ കുടുംബവും നോക്കിയിരുന്നില്ല. മദ്യപിച്ച് വീട്ടിലെത്തിയാല്‍ ഒരുപാട് ഉപദ്രവിക്കുകയും ചെയ്യും. ആദ്യമൊന്നും സേതുലക്ഷ്മിയ്ക്ക് മദ്യത്തിന്റെ മണം മനസിലാവില്ലായിരുന്നു. പിന്നീട് കാര്യങ്ങള്‍ മനസിലായപ്പോള്‍ ഇങ്ങനെ കുടിച്ചാല്‍ ശരിയാവില്ലെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. വീട്ടു ചെലവിനുള്ള കാശ് പോലും നല്‍കിയിരുന്നില്ല. എപ്പോഴും സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപാനമാണ്. അങ്ങനെ ദാമ്പത്യം കണ്ണീരിലും കഷ്ടപ്പാടിലുമൊക്കെ നീങ്ങുമ്പോഴും ഇവര്‍ക്ക് നാല് മക്കളും ജനിച്ചിരുന്നു. മൂന്നു പെണ്‍കുട്ടികളും ഒരാണും. അപ്പോഴും നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു മക്കളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോയത്. മക്കളെല്ലാം ചെറുതായിരുന്നു. ശമ്പളവും കുറവായിരുന്നു. എങ്കിലും അവരുടെ വയറു നിറയ്ക്കാന്‍ എന്തെങ്കിലും കിട്ടുമല്ലോ എന്നു കരുതി അഭിനയിക്കാന്‍ പോവുകയായിരുന്നു സേതു ലക്ഷ്മി. മദ്യപാനം മൂലമുള്ള ഭര്‍ത്താവിന്റെ ഉപദ്രവവും കഷ്ടപ്പാടുകളും എല്ലാം സഹിച്ചാണ് നടി അന്ന് മുന്നോട്ടു പോയത്.

വിവാഹം കഴിഞ്ഞ് കൊല്ലത്തേക്ക് താമസം മാറി വന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചെലവിനൊന്നും തരാത്തതിനെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഭര്‍തത്താവിന്റെ ഉപദ്രവം. ശരീരമാസകലം അടികൊണ്ട് വേദന സഹിച്ച് നടന്ന സേതുലക്ഷ്മി പിന്നീട് അടിക്കാന്‍ വരുമ്പോള്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി ഓടുമായിരുന്നു. നാടകമൊക്കെ കഴിഞ്ഞ് വന്ന് ഒളിച്ച് കിടക്കും. അദ്ദേഹം രാവിലെ എഴുന്നേറ്റ് പോവും. മക്കളെ ഭര്‍ത്താവിന്റെ സഹോദരിമാരെയും മറ്റും ഏല്‍പ്പിച്ചായിരുന്നു സേതുലക്ഷ്മി അഭിനയിക്കാന്‍ പോയിരുന്നത്. അവരെല്ലാം മരിച്ചപ്പോഴാണ് അമ്മയ്ക്കൊപ്പം മക്കള്‍ എത്തിയത്. ഭര്‍ത്താവിന്റ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ അയാള്‍ക്ക് അനങ്ങാന്‍ പറ്റാതെ ആയിപ്പോയെങ്കില്‍ എന്നു വരെ നടി ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന് പരാലിസിസ് വന്നത്.

അപ്പോഴേക്കും മക്കളെല്ലാം വലുതായിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് മകള്‍ ലക്ഷ്മി സീരിയലുകളിലും സിനിമകളിലും തിളങ്ങിയപ്പോള്‍ മകന്‍ കിഷോറും ടെലിവിഷന്‍ താരമായി പ്രശസ്തി നേടിയിരുന്നു. ഭര്‍ത്താവിന് അസുഖം വന്ന് കിടപ്പിലായപ്പോള്‍ മക്കളായിരുന്നു നോക്കിയത്. അദ്ദേഹത്തെ ചികിത്സിക്കണമെന്നോ സ്നേഹത്തോടെ പരിചരിക്കണമെന്നോ ഒന്നും സേതുലക്ഷ്മിയ്ക്ക് തോന്നിയിരുന്നില്ല. വിവാഹം കഴിച്ച നാള്‍ മുതല്‍ തന്നെ കണ്ണീരിലേക്ക് തള്ളിവിട്ട ഒരാളെ എന്തിനു സ്നേഹിക്കണം എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. അതുകൊണ്ടു തന്നെ അദ്ദേഹം മരിച്ചെന്നറിഞ്ഞപ്പോഴും സേതുലക്ഷ്മിയ്ക്ക് ഒന്നും തോന്നിയിരുന്നില്ല.

നാടകം ചെയ്യണം, അഭിനയിക്കണം അതൊക്കെയായിരുന്നു എപ്പോഴും മനസില്‍. എന്നാല്‍ മകളുടെ മരണം സേതുലക്ഷ്മിയ്ക്ക് ഏറെ വേദനകള്‍ സമ്മാനിച്ചിരുന്നു. 2015ലാണ് ബ്ലഡ് ക്യാന്‍സര്‍ വന്ന് മകള്‍ മരിച്ചത്. ലൊക്കേഷനിലായിരുന്നു ആ സമയത്ത് നടി ഉണ്ടായിരുന്നത്. മകളെ അവസാനമായി ഒന്നു കാണുവാന്‍ വീട്ടില്‍ ചെന്നപ്പോള്‍ തനിക്ക് കാണണ്ടെന്ന് പറഞ്ഞ് വണ്ടിയില്‍ തന്നെ ഇരിക്കുകയായിരുന്നു. മകളെ ശ്മശാനത്തില്‍ കൊണ്ടുപോയിട്ട് ഇറങ്ങാമെന്ന് പറഞ്ഞു. എല്ലാവരും വലിച്ചിറക്കിയപ്പോള്‍ ഒന്ന് നോക്കി. അന്ന് കുറച്ച് കരഞ്ഞു, ഇപ്പോഴും അതോര്‍ത്ത് കരയാറുണ്ട് സേതുലക്ഷ്മി. അതിനു പിന്നാലെയാണ് മകന് വൃക്കരോഗം ബാധിക്കുന്നത്. ഏറെക്കാലത്തെ ചികിത്സയ്ക്കൊടുവില്‍ 2019ലാണ് മകന്റെ വൃക്ക മാറ്റിവച്ചത്. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും ജീവിതത്തിലേക്ക് നടക്കുകയാണ് കിഷോര്‍ ഇപ്പോള്‍.

Senior Actress Sethulakshmi Opens Up About Her Love Story

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES