നടനായും സംവിധായകനായും തങ്ങളെ ഏറെ രസിപ്പിച്ച മനോബാലയുടെ വിയോഗം തമിഴകം ഏറെ വേദനയോടെയാണ് ഉള്‍ക്കൊണ്ടത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 69-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ വേര്‍പാട്. സിനിമാമേഖലയിലെ പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആദരം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ കാണാന്‍ നേരിട്ടെത്തി. നടന്‍ വിജയ് ആയിരുന്നു അതിലൊരാള്‍.
വിജയ് മനോബാലയെ അവസാനമായി കാണാനെത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ട്വിറ്ററില്‍ വൈറലാവുന്നത്. നിരവധി വിജയ് ചിത്രങ്ങളില്‍ മനോബാല പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് ആ ലിസ്റ്റില്‍. ബിഗില്‍ ആണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.
തമിഴ് ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ ഹാസ്യ താരമായും വേഷമിട്ടു. ചന്ദ്രമുഖി, അന്യന്‍, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭാരതി രാജയുടെ അസിസ്റ്റന്റ് ആയാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്.
അതേസമയം മനോബാലയുടെ വിയോഗത്തില്‍ ദു:ഖം പ്രകടിപ്പിച്ച് മമ്മൂട്ടിയും ദുല്‍ഖറും എത്തിയിരുന്നു. പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മനോബാലയുടെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചുവെന്ന് മമ്മൂട്ടി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. 'RIP മനോബാല സര്‍! നിങ്ങള്‍ എല്ലായ്പ്പോഴും ഊഷ്മളതയും ദയയുമുള്ള ആളായിരുന്നു. നിരന്തരം ഞങ്ങളെ ചിരിപ്പിച്ചു. ഞങ്ങള്‍ ഒന്നിച്ച സിനിമകളില്‍ നല്ല ഓര്‍മ്മകള്‍ മാത്രമെ എനിക്കുള്ളൂ', എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.