നടന് മനോബാലയുടെ മരണത്തിന് ശേഷം ശരത് ബാബുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാ ലോകം. ശരത് ബാബുവിന് അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും രജനികാന്ത്, സൂര്യ അടക്കമുള്ള സെലിബ്രിറ്റികള്‍ എല്ലാം എത്തി.
സോഷ്യല്‍ മീഡിയയിലൂടെയും നടന് ആദരാഞ്ജലികള്‍ അര്പിച്ചുകൊണ്ട് സഹപ്രവര്‍ത്തകര്‍ വരുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സുഹാസിനിയും. ശരത് ബാബുവിന് ഒപ്പം അഭിനയിച്ച സിനിമകളുടെ ചിത്രങ്ങള്‍ കോര്‍ത്ത് വച്ച് ഒരു കൊളാഷ് ചെയ്തിട്ടാണ് സുഹാസിനി വികാരഭരിതമായ കുറിപ്പ് എഴുതിയിരിയ്ക്കുന്നത്.
'42 വര്‍ഷത്തെ ബന്ധവും സൗഹൃദവും അവസാനിക്കുന്നു.. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും ശരത്ത് അണ്ണാ. ആദ്യ ചിത്രം മുതല്‍ എന്റെ ധൈര്യവും വഴികാട്ടിയും ആയിരുന്നു നിങ്ങള്‍. നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്. ശരിക്കുമൊരു ജന്റില്‍മന്‍, മികച്ച അഭിനേതാവ്'- സുഹാസിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.സുഹാസിനിയുടെ പോസ്റ്റിന് താഴെ ശരത് ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.
ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം. അന്ത്യം. 71 വയസ്സായിരുന്നു. രാമ രാജ്യം എന്ന തെലുങ്ക് സിനിമയിലൂടെ തുടക്കം കുറിച്ച ശരത് ബാബു പിന്നീട് തമിഴ്, മലയാളം, കന്നട സിനിമകളില്‍ എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.