Latest News

കാസറഗോടേക്കു സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല;ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്; മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമായതിനാല്‍ ലൊക്കേഷനുകള്‍ കാസര്‍ഗോട്ടേക്ക് മാറിയെന്ന രഞ്ജിത്തിന്റെ പരാമര്‍ശനത്തിനെതിരെ മദനോത്സവം സംവിധായന്റെ കുറിപ്പ്

Malayalilife
കാസറഗോടേക്കു സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല;ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്; മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമായതിനാല്‍ ലൊക്കേഷനുകള്‍ കാസര്‍ഗോട്ടേക്ക് മാറിയെന്ന രഞ്ജിത്തിന്റെ പരാമര്‍ശനത്തിനെതിരെ മദനോത്സവം സംവിധായന്റെ കുറിപ്പ്

കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിന്റെ ലഭ്യതയുള്ളതുകൊണ്ടാണെന്ന നിര്‍മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശനത്തിനെതിരെ മദനോത്സവം സംവിധായകന്റെ കുറിപ്പ്.ഒരു അഭിമുഖത്തില്‍ സിനിമയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കവെയാണ് രഞ്ജിത്തിന്റെ പരാമര്‍ശം.

'ദിവസവും പത്രങ്ങള്‍ വായിക്കുമ്പോള്‍ മയക്കുമരുന്ന് പിടിച്ച വാര്‍ത്തകളാണ്. കുറേ സിനിമകള്‍ ഇപ്പോള്‍ കാസര്‍കോടാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമാണ്. ഇപ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ പോലും അങ്ങോട്ട് മാറ്റി തുടങ്ങി. ഇത് കാസര്‍കോടിന്റെ കുഴപ്പമല്ല.'- ഇതായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.

സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെ മദനോത്സവം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുധീഷ്  പങ്ക് വച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. കാസര്‍കോട് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണെന്നും സുധീഷ് കുറിച്ചു

എന്റെ സ്വന്തം നാട്ടില്‍ സിനിമ ചെയ്യുന്നത് ഈ നാട് എന്റെ കൂടെ നില്‍ക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ്. ഷൂട്ടിംഗ് സമയത്ത് എന്റെ ക്രൂ മെമ്പേഴ്‌സ് എല്ലാം വീടുകളിലാണ് താമസിച്ചിരുന്നത്. കാസര്‍കോട്ടെ നന്മയുള്ള മനുഷ്യര്‍ ഉള്ളതുകൊണ്ടാണ് താമസിക്കാന്‍ വീട് വിട്ടുതന്നത്. മറ്റ് രീതിയിലുള്ള പ്രചാരണങ്ങള്‍ തികച്ചും അവാസ്തവവും ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവര്‍ത്തകരെയും അപമാനിക്കലും കൂടിയാണ്.'- സുധീഷ് ഗോപിനാഥ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാസറഗോടേക്കു സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല....ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്..1989ല്‍ പിറവി, 1995 ല്‍ ബോംബെ,2000 മധുരനോമ്പരക്കാറ്റ് ,2017ല്‍ തൊണ്ടിമുതല്‍, 2021 ല്‍ തിങ്കളാഴ്ച നിശ്ചയം, 2022 ല്‍ എന്നാ താന്‍ കേസ് കൊട്, 2023 ല്‍ ഞാന്‍ സംവിധാനം ചെയ്ത മദനോത്സവം തുടങ്ങിയ സിനിമകള്‍.. രേഖ,അനുരാഗ് എഞ്ചിനീയറിംഗ് പോലെ ശ്രദ്ധേയമായ മറ്റു പല മൂവികള്‍.. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു പാട് സിനിമകള്‍..പയ്യന്നൂര്‍/ കാസറഗോഡ് പ്രദേശത്തു സിനിമ വസന്തമാണിപ്പോള്‍.

അധികം പകര്‍ത്തപ്പെടാത്ത കാസറഗോഡിന്റെ ഉള്‍ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്‌കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാര്‍, തെയ്യം പോലുള്ള അനുഷ്ടാനാ കലകള്‍ ഈ നാട്ടിലെ കലാകാരന്മാര്‍ക്ക് നല്‍കിയ ഊര്‍ജ്ജമുള്ള ശരീര ഭാഷ , ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്‌കാരിക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസറഗോഡ് മണ്ണില്‍ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും, കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍ . 

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂര്‍ ഷൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വന്‍ വിജയമായപ്പോള്‍ കാസറഗോഡ് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവര്‍ത്തക സംഘം ഉണ്ടായി വന്നു. അവര്‍ക്കു ആ വിജയം നല്‍കിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ട് വന്നു. വലിയ നടന്മാര്‍ക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങള്‍ക്ക് വലിയ തടസമായിരുന്നു. കഥാ പരിസരം സ്വന്തം നാടായപ്പോള്‍, ഭാഷ സ്വന്തം സംസാര ഭാഷ ആയപ്പോള്‍ ഉത്തര മലബാറിലെ നടന്മാര്‍ വലിയ കഴിവുകള്‍ സ്‌ക്രീനില്‍ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച സിനിമ നിര്‍മ്മാണ പ്രക്രിയയില്‍ ഉണ്ടാക്കിയ സൗകര്യങ്ങള്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി വലിയ താരങ്ങള്‍ക്ക് എളുപ്പത്തില്‍കാസറഗോഡ് എത്താവുന്ന അവസ്ഥ, താങ്കളുടെ താമസത്തിനു ബേക്കല്‍, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകള്‍ , വിജയകരമായ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതല്‍ സിനിമക്കളെ കാസറഗോഡ് പയ്യന്നൂര്‍ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങള്‍ .

സിനിമ ഞങ്ങളുടെ ഒരു സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയാണ്. പരാജയ ലോക്കഷന്‍ എന്ന പഴയ പേര് ദോഷം മാറി വിജയ ലോക്കഷന്‍ എന്ന പേരിലേക്ക് ഞങ്ങള്‍ മാറി. തുടരെ തുടരെ സിനിമകള്‍ ഇവിടെ ഉണ്ടാകുന്നു. കാസറഗോഡ് ഭാഗത്തെ പലരുടെയും അന്നമാണ് ഇന്ന് സിനിമ , കലാകാരന്മാരുടെ ആവേശമാണ്.

ഞാന്‍ കാസര്‍ഗോഡ് എന്റെ സ്വന്തം നാട്ടില്‍ സിനിമ ചെയ്യാനുള്ള കാരണം ഈ നാട് എന്റെ സിനിമയുടെ കൂടെ നില്‍ക്കും എന്ന വിശ്വാസമുള്ളതു കൊണ്ടാണു.ഷൂട്ടിംഗ് സമയത്ത് എന്റെ ക്ര്യൂ മെംബെര്‍സ്സ് എല്ലാം വീടുകില്‍ ആയിരുന്നു താമസിച്ചിരുന്നത്.കാസര്‍ഗ്ഗോട്ടെ നന്മയുള്ള മനുഷ്യര്‍ ഉള്ളതു കൊണ്ടാണു താമസിക്കാന്‍ വീട് വിട്ടു തന്നത്.അതു എന്റെ സിനിമയുടെ ബഡ്ജറ്റ് കുറയ്ക്കാന്‍ വലിയ കാരണമായിട്ടുണ്ട്.ജൂനിയര്‍ ആക്‌റ്റേഴ്സ്സിനു എറ്റവും കുറവു പണം ചിലവഴിച്ച സിനിമയാണു മദനോല്‍സവം കാരണം ഓരോ സ്തലങ്ങളിലേയും ആളുകള്‍ നമ്മളോടൊപ്പം വന്നു സഹകരിച്ചതു കൊണ്ടാണു. അവര്‍ അങ്ങനെയാണു കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണു. മറ്റു രീതിയിലുള്ള പ്രചാരണങ്ങള്‍ തികച്ചും ആവാസ്തവവും ഈ നാടിലെ സാധാരണക്കാരെയും സിനിമ പ്രവര്‍ത്തകരെയും അപമാനിക്കല്‍ കൂടിയാണ്‌
 

sudheesh gopinath post about renjith

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES