ബംഗാളി നടി സുചന്ദ്ര ദാസ് ഗുപ്ത വാഹനാപകടത്തില്‍ മരിച്ചു. 29 വയസ്സായിരുന്നു. ഷൂട്ടിങ്ങിനുശേഷം ബൈക്കില്‍ മടങ്ങുന്നതിനിടെ കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വെച്ചായിരുന്നു അപകടം. ബൈക്ക് ടാക്സിയില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം വന്ന ട്രക്ക് നടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും നടി സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
നടി സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സീരിയലുകളില്‍ സഹനടിയായി ശ്രദ്ധേയയാണ് സുചന്ദ്ര. ?'ഗൗരി എലോ'യാണ് പ്രധാന സീരിയല്‍.നിരവധി ബംഗാളി ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിരുന്നു. ദേബ്ജ്യോതി സെന്‍ഗുപ്തയാണ് ഭര്‍ത്താവ്.