മമ്മൂട്ടി-പാര്‍വതി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'പുഴു'. റത്തീന സംവിധാനം ചെയ്ത ചിത്രം ജാതീയതയേയും മനുഷ്യ വിരുദ്ധതയേയും വരച്ചു കാട്ടിയ സിനിമയായിരുന്നു.ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയിരുന്നു. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം റത്തീനയുടെ പുതിയ ചിത്രം ഒരുങ്ങുകയാണ്. ഇത്തവണ വെബ് സീരീസുമായിട്ടാണ് റത്തീന എത്തുന്നത്.
റത്തീന സംവിധാനം ചെയ്യുന്ന വെബ് സീരീസില്‍ റിമ കല്ലിംഗല്‍ നായികയാവും. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിംഗലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെബ് സീരീസ് നൃത്തത്തെ ആസ്പദമാക്കിയാണ് . ബംഗളൂരുവില്‍ ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സീരീസിന് രശ്മി രാധാകൃഷ്ണനാണ് രചന.
150 ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യാനാണ് തീരുമാനം. റിമ അഭിനയിക്കുന്ന രണ്ടാമത്തെ വെബ് സീരീസാണ്. സിന്ദഗി എന്ന ഹിന്ദി വെബ് സീരീസില്‍ റിമ അഭിനയിച്ചിരുന്നു.
നീലവെളിച്ചം ആണ് റിമ കല്ലിംഗല്‍ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാര്‍ഗവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്‌കാരമായ നീലവെളിച്ചം മികച്ച അഭിപ്രായം നേടുന്നു