പൊതുപരിപാടിക്കിടെ സീരിയല്‍ താരങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തകന് അതേ വേദിയില്‍വച്ച് മറുപടി നല്‍കി മഞ്ജു പത്രോസ് സോഷ്യല്‍ മീഡിയയില്‍ താരമാണ്. പെരുമ്പിലാവില്‍ വച്ച് നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ വച്ചാണ് സംഭവം. പരിപാടിയില്‍ സംസാരിച്ച രാഷ്ട്രീയ നേതാവിന് മഞ്ജു നല്‍കിയ മറുപടി പങ്കുവച്ച് സീരിയല്‍ താരം സാജന്‍ സൂര്യയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. പ്രാദേശിക ഇടതു നേതാവിനായിരുന്നു നടി മറുപടി നല്‍കിയത്. ബാലാജി എന്ന വ്യക്തിയുടെ പരമാര്‍ശങ്ങള്‍ക്കായിരുന്നു മറുപടി.
'സീരിയല്‍ നടികള്‍ വരുന്നത് എനിക്കിഷ്ടമല്ല, ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നതുകൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴില്‍ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴില്‍ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുന്‍പിലെത്താന്‍. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം' എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഈ വീഡിയോ വൈറലായി. ഇതിന് പിന്നാലെ അഭിനന്ദനങ്ങളുമെത്തി. എന്നാല്‍ ഈ വിവാദത്തില്‍ ചര്‍ച്ചകള്‍ക്ക് മഞ്ജു പത്രോസ് ആഗ്രഹിക്കുന്നില്ല. അതവിടെ തീര്‍ന്ന കാര്യമെന്നാണ് മഞ്ജു മറുനാടനോട് പ്രതികരിച്ചത്.
ദയവായി ഇതൊരു വിവാദമാക്കി എന്നെയും അദ്ദേഹത്തെയും ഉപദ്രവിക്കരുത്. ഞാനല്ല അവിടെ ഉണ്ടായിരുന്ന ആരോ ആണ് അത് ഷൂട്ട് ചെയ്തു യൂട്യൂബില്‍ പോസ്റ്റ് ചെയ്തത് അത് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ഒരു പൊതു വേദിയില്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ഇന്‍സെല്‍ട്ടായി തോന്നി ഓപ്പണ്‍ ആയി തന്നെ അതിനു മറുപടിയും നല്‍കി. അതിനപ്പുറത്തേക്ക് അതുകൊണ്ട് പോകരുത്. എനിക്ക് കൂടുതല്‍ പറയാനില്ല-ഇതായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
പത്രസമ്മേളനത്തിലെ പരാമര്‍ശം ഒന്നും അല്ലല്ലോ. ബാലാജി എന്ന് പറയുന്ന ആളാണ് അവിടുത്തെ ബ്രാഞ്ച് സെക്രട്ടറി ആണെന്ന് തോന്നുന്നു, വ്യക്തമായി അറിയില്ല. അതിനു ഞാന്‍ രാഷ്ട്രീയ മാനദണ്ഡങ്ങള്‍ കൊടുത്തിട്ടില്ല. സംഭവം നടക്കുമ്പോള്‍ എം എല്‍ എ വേദിയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ വന്നപ്പോഴേക്കും പോയിരുന്നു. ഇതൊരു സൗഹൃദ സംഭാഷണമായിട്ടാണ് കാണുന്നത് അദ്ദേഹവും വേദിയില്‍ ഉണ്ടായിരുന്നവരും അപ്പോള്‍ ചിരിച്ചു കളഞ്ഞ കാര്യാമാണ് അത്രയേ ഉള്ളൂ-മഞ്ജു പത്രോസ് മറുനാടനോട് പറഞ്ഞു. മുന്‍ മന്ത്രി കെ ഇ ഇസ്മായില്‍ പങ്കെടുത്ത വേദിയിലായിരുന്നു ഈ സംഭവങ്ങള്‍. പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്തിരുന്നു. അഞ്ചു ദിവസം മുമ്പായിരുന്നു ഇതെല്ലാം.
'സീരിയല്‍ നടികളെ ഇകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴില്‍ രംഗത്തെ പുച്ഛവല്‍ക്കരിക്കുകയും ചെയ്ത പ്രമുഖ പാര്‍ട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കില്‍ കൂടിയും മഞ്ജു പത്രോസ് നല്‍കിയെന്നായിരുന്നു സാജന്‍ സൂര്യയുടെ പോസ്റ്റ്. അഭിനന്ദനങ്ങള്‍ മഞ്ജു. പരിപാടിയുടെ പേര് ' പെണ്‍വെട്ടം' എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കല്‍. ആളെകൂട്ടാന്‍ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയല്‍ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കള്‍ കാരണം ടിവിയിലെ വാര്‍ത്തകള്‍ പോലും കാണാന്‍ നാണക്കേടാന്ന്. കലികാലം' വിഡിയോ പങ്കുവച്ചുകൊണ്ട് സാജന്‍ സൂര്യ കുറിച്ചു.
മഞ്ജുവിന്റെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കടവല്ലൂര്‍ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം എ.സി. മൊയ്തീന്‍ എംഎല്‍എ.യാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ അധ്യക്ഷനായി. ബി.കെ. ഹരിനാരായണന്‍, മഞ്ജു പ്രസാദ്, പത്മം വേണുഗോപാല്‍, എസ്.സി. നിര്‍മല്‍, ശ്രീജാ വേലായുധന്‍ തുടങ്ങിയവരും പങ്കെടുത്തു.