വയ്യാണ്ടായോണ്ട് ഇപ്പോള്‍ കട തുറക്കാറില്ല; പണ്ട് തൃപ്പൂണിത്തുറയില്‍ ആദ്യം തുറന്നിരുന്ന കട എന്റെതായിരുന്നു; ജയറാമുമായി നല്ല സൗഹൃദം; എല്ലാവരെയും ചിരിപ്പിക്കുന്ന, ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കത്തിലെ അമ്മാവന്‍ പടന്നയില്‍ ആശാന്റെ ജീവിതം ഇങ്ങനെ..

പി.എസ്.സുവര്‍ണ്ണ
topbanner
വയ്യാണ്ടായോണ്ട് ഇപ്പോള്‍ കട തുറക്കാറില്ല; പണ്ട് തൃപ്പൂണിത്തുറയില്‍ ആദ്യം തുറന്നിരുന്ന കട എന്റെതായിരുന്നു; ജയറാമുമായി നല്ല സൗഹൃദം; എല്ലാവരെയും ചിരിപ്പിക്കുന്ന, ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കത്തിലെ അമ്മാവന്‍ പടന്നയില്‍ ആശാന്റെ ജീവിതം ഇങ്ങനെ..


സിനിമ-നാടക രംഗത്ത് നിരവധി കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കെ.ടി.എസ് പടന്നയില്‍. നാടകത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കാലെടുത്ത് വച്ച അദ്ദേഹം രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിച്ചത്. സിനിമയില്‍ സജീവമായിരുന്ന കാലത്ത് തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ ഒരു മുറുക്കാന്‍ കടയും തുടങ്ങിയിരുന്നു. അനിയന്‍ ബാവയില്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച പടന്നയില്‍ ആശാന്റെ വിശേഷങ്ങള്‍ അറിയാം..

സിനിമയിലേക്കുള്ള കടന്നുവരവ്?

കെ.ടി.എസ് പടന്നയില്‍ : മുമ്പേ സിനിമയിലേക്ക് ഓഫര്‍ വന്നതാണ്. പക്ഷെ അന്നൊക്കെ ഞാന്‍ അത് വിട്ടുകളഞ്ഞു. കാരണം അന്ന് നാടകത്തിന് പ്രാധാന്യം കൊടുത്തു. അന്ന് ദൃശ്യകല എന്ന് പറയുന്ന നാടകത്തിന് കൂടുതല്‍ പ്രഫറന്‍സ് ഉള്ള സമയമാണ്. ആ സമയത്ത് നാടകത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് സിനിമയിലേക്ക് പോയില്ല. എങ്കിലും പിന്നീട് അറുപത് വയസിന് ശേഷമാണ് ഞാന്‍ സിനിമയില്‍ വരുന്നത്. പിന്നെ കുറെ പടങ്ങള്‍ ചെയ്തു. ഇപ്പോള്‍ നാടകത്തിന് പോവാറില്ല.

ആദ്യ സിനിമ? 

ആദ്യ സിനിമ രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവയാണ്. അതിന് മുമ്പ് ഒരു പടത്തില്‍ അഭിനയിച്ചു ദി പ്രസിഡന്റ്. ആ പടം ഇറങ്ങിയില്ല. അതിന് ശേഷമാണ് രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന പടത്തില്‍ അഭിനയിക്കുന്നത്. 

ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ആരുടെ സിനിമയില്‍?

അനിയന്‍ ബാവ ചേട്ടന്‍ ബാവ, ദില്ലിവാല രാജകുമാരന്‍, കഥാനായകന്‍.. അങ്ങനെ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. പതിനേഴോളം സിനിമകള്‍ രജസേനന്‍ സാറിന്റെ പടമാണ് ചെയ്തത്. 

സിനിമയില്‍ ശ്രദ്ധേയമായ ഡയലോഗ്?

ശ്രദ്ധേയമായത് എന്റെ മകനാണ് ഇവന്‍, ഇവന്റെ മകനാണ് അവന്‍.. എന്ന അനിയന്‍ ബാവ ചേട്ടന്‍ ബാവ സിനിമയിലെ ഡയലോഗാണ്. പിന്നെ അത് മിമിക്രിക്കാരെടുത്ത് എന്നെ പരിചയപ്പെടുത്തുമ്പോള്‍ അയാള്‍ പറഞ്ഞത് ഇതാണെന്ന് പറഞ്ഞ് അവര്‍ പറയാറുണ്ടായിരുന്നു. അതിലാണ് ഫസ്റ്റ് ഡയലോഗ് വരുന്നത് . അതിന് ശേഷം എട്ട് ഒമ്പത് പടം ചെയതതിന് ശേഷമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമ വരുന്നത്. അതില്‍ ചിക്കന്‍ മുറ്റാണെന്ന പറയുന്ന ഡയലോഗ്. അതിനെക്കാളും മുമ്പ് മിമിക്രിക്കാര്‍ കൊണ്ടുനടന്ന ഡയലോഗാണ് അനിയന്‍ ബാവ ചേട്ടന്‍ ബാവയിലെ ഡയലോഗ്. 

പുതിയ പ്രേജക്ടുകള്‍?

ഇപ്പോള്‍ ചെയ്യാന്‍ പോവുന്ന പടം കാസര്‍ഗോടാണ്. അതിന്റെ ഷൂട്ടിങ്ങ് ഉടനെ തുടങ്ങും. പേര് ഇട്ടിട്ടില്ല. പേര് എന്താണ് നടന്‍ ആരാണ് എന്നൊന്നും ഞാന്‍ ചോദിക്കാറില്ല. സംവിധായകനെയും ചോദിക്കില്ല. അസോസിയേറ്റ് ആരാണെന്ന് ചോദിക്കും. അയാളെ കണ്ട് എന്താണ് വേഷം, വേഷത്തെ കുറിച്ച് ചോദിക്കും. അപ്പോള്‍ ഇതാണ് വേഷം ഇങ്ങനെയൊക്കെ ആണെന്ന് പറയും. അപ്പോള്‍ അത് അനുസരിച്ച് ചെയ്യും. 

 

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകമായി എന്തെങ്കിലും ശ്രദ്ധിക്കാറുണ്ടോ?

ഒന്നുമില്ല. എന്റെ വേഷം ചോദിക്കും. അപ്പോള്‍ പറയും ഇത്ര വയസുള്ള ആളാണ് ഇങ്ങനെയാണ് കാര്‍ന്നോരാണ്. അല്ലെങ്കില്‍ മുത്തച്ഛനാണ്. അല്ലെങ്കില്‍ അമ്മാവനാണ്. അപ്പോള്‍ ഞാന്‍ ആ മനുഷ്യന്റെ സ്വഭാവത്തെ കുറിച്ച് ചോദിക്കും. അപ്പോള്‍ സ്വഭാവം എന്താണെന്ന് അവര്‍ പറയും. ആ സ്വഭാവത്തിന് അനുസൃതമായിട്ട് ഞാന്‍ അഭിനയിക്കും. 

കുടുംബം?

വീട്ടില്‍ ഇപ്പോള്‍ ഞാനും ഭാര്യയും മാത്രമേയുള്ളൂ. മൂത്ത മകന്‍ ശ്യാം വേറെ താമസിക്കുന്നു. അവന് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്. ശ്യാമിന്റെ താഴെ മകളുണ്ട് സ്വപ്‌ന. അവള്‍ക്കും രണ്ട് കുട്ടികള്‍ ഉണ്ട്. സന്നന്‍ അവന് രണ്ട് ആണ്‍കുട്ടികള്‍. എനിക്ക് മൊത്തം നാല് മക്കള്‍ ഉണ്ട്. 

പടന്നയില്‍ ആശാന്റെ കട ശ്രദ്ധേയമാണ്...

കട വിട്ടിട്ടുള്ള പണി ഇല്ലായിരുന്നു സിനിമയില്‍ അഭിനയിക്കുമ്പോഴും നാടകത്തില്‍ അഭിനയിക്കുമ്പോഴും. പിള്ളേരെ കടയിലാക്കിയിട്ട് പോവും. ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോഴും നേരെ കടയില്‍ കയറി ഇരിക്കും. നാടകം കഴിഞ്ഞ് വരുമ്പോഴും നേരെ കടയില്‍ കയറി ഇരിക്കും. അത് അന്നും ഇന്നും.. ഇപ്പോള്‍ ആയെ പിന്നെയാണ് കാലത്ത് തുറക്കാനുള്ള ബുദ്ധിമുട്ട്. ഞാന്‍ വെളുപ്പിന് 4 മണിക്ക് കട തുറക്കുമായിരുന്നു. തൃപ്പൂണിത്തുറയില്‍ ആദ്യം തുറക്കുന്ന കട എന്റെയായിരുന്നു. പക്ഷെ കുറെ ആയപ്പോള്‍ എനിക്ക് വയ്യാതെയായി. വയ്യാതെയായപ്പോള്‍ പിള്ളേര്‍ക്ക് അതില്‍ താല്‍പര്യം ഇല്ല. അത് കാരണം പിന്നെ ഞാന്‍ വൈകിട്ട് ഒക്കെ പോവുകയുള്ളൂ.

സിനിമയിലെ സൗഹൃദങ്ങള്‍? 

സൗഹൃദങ്ങള്‍ എല്ലാവരുമായിട്ട് ഉണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിരിക്കുന്നത് ജയറാമിന്റെ കൂടെയാണ്. അദ്ദേഹമായി നല്ല സൗഹൃദമായിരുന്നു. പിന്നെ ഒടുവില്‍ ഉണ്ണികൃഷ്ണനുമായിട്ടും സൗഹൃദം ഉണ്ടായിരുന്നു. എല്ലാവരും എന്നോട് വളരെ സ്‌നേഹമായിട്ടാണ് പെരുമാറിയിട്ടുള്ളത്. ഒരാളും അകറ്റി നിര്‍ത്തുന്ന, വേറിട്ട സ്വഭാവം എന്നോട് കാണിച്ചിട്ടില്ല. മാന്യമായ രീതിയില്‍ തന്നെ അവര്‍ എന്നോട് പെരുമാറിയിട്ടുണ്ട്. ഞാന്‍ അവരോടും പെരുമാറിയിട്ടുണ്ട്...

(തയ്യാറാക്കിയത് : പി.എസ്.സുവര്‍ണ്ണ)
 

kts padannayil personal interview

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES