ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഖില വിമല്‍. നിലപാടുകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ള താരം ഇപ്പോള്‍ മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും തന്റെ നിലപാട് വ്യക്തമാക്കി.
സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നാണ് നിഖില പറഞ്ഞത്. ഇക്കാര്യങ്ങളില്‍ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനം എടുക്കേണ്ടതെന്നും നിഖില പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ് ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോംഗ് പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു നടി.
മദ്യവും ലഹരിയാണ്. എന്നാല്‍ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ അവ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളില്‍ ഉണ്ടായിട്ടില്ലെന്നും നിഖില പറഞ്ഞു.
മുന്‍പ് ഒരു സംവാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിച്ച് മാദ്ധ്യമങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില അറിയിച്ചു. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്. ഇതില്‍ ഒരു വരി മാത്രം അടര്‍ത്തിയെടുത്ത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കിയത് മാദ്ധ്യമങ്ങളാണെന്നും താരം പ്രതികരിച്ചു.
ഈ കാര്യത്തില്‍ ആരും തന്റെ പ്രതികരണം ചോദിച്ചില്ല. താന്‍ പ്രതികരിച്ചിട്ടുമില്ല. അതിനാല്‍ ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നടന്ന വിവാദങ്ങളില്‍ തനിക്ക് ഉത്തരവാദിത്വമില്ല. സമൂഹത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാദ്ധ്യമങ്ങളാണെന്നും നിഖില പറഞ്ഞു.