സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നതായി നടി നസ്രിയ ഫഹദ്. ഇസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് താന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ബ്രേക്ക് എടുക്കുന്നതായി നസ്രിയ കുറിച്ചത്.
'എല്ലാ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്‌നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും'. താരം തന്റെ സജീവമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
താരത്തിന്റെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിരവധി ഫോളോവേഴ്‌സാണുള്ളത്. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രം ഇപ്പോള്‍ പ്രത്യക്ഷപ്പെടാറുള്ള നസ്രിയയുടെ സിനിമയിലെയും സ്വകാര്യ ജീവിതത്തിലേയുമായുള്ള നിമിഷങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വലിയ പങ്ക് വഹിച്ചിരുന്നു.
അതേസമയം തന്നെ രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ വീണ്ടും മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തയും സജീവമായിരുന്നു. ആവേശം എന്ന് പേരിട്ടിരിക്കുന്ന ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ നായകനായ ഫഹദ് ഫാസിലിനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രം നസ്രിയ കൈകാര്യം ചെയ്യുമെന്നായിരുന്നു പലരും പങ്കുവെച്ച വിവരം.
അഞ്ജലി മേനോന്റെ ബാംഗ്ളൂര്‍ ഡെയ്സ് എന്ന ചിത്രത്തിന് ശേഷം പരസ്യ ചിത്രങ്ങളില്‍ മാത്രമായിരുന്നു ഫഹദും നസ്രിയയും ഒരുമിച്ച് അഭിനിച്ചിട്ടുണ്ടായിരുന്നത് 2014ലായിരുന്നു ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം.