തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താര, ഇപ്പോള്‍ ഷാരൂഖാനൊപ്പം 'ജവാന്‍' എന്ന ഹിന്ദി ചിത്രത്തിലും, 'ജയം രവി' നായകനാകുന്ന 'ഇറൈവന്‍', ശശികാന്ത് സംവിധാനം ചെയ്യുന്ന 'ടെസ്റ്റ്' എന്നീ തമിഴ് ചിത്രങ്ങളിലുമാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന തോടൊപ്പം ചില ബിസിനസുകളിലും നടി ചുവടുറപ്പിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതിന്റെ ആദ്യ പടിയായിഒരു തിയേറ്റര്‍ ഉടമ കൂടിയാവുകയാണ് നടിയെന്നാണ് പുറത്തു വരുന്ന വിവരം.
ചെന്നൈയിലെ ഒരു തിയേറ്റര്‍ താരം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉപേക്ഷിക്കപ്പെട്ട ഒരു തിയേറ്റര്‍ ആണ് താരം വാങ്ങിയത്.ചെന്നൈയിലെ അഗസ്ത്യ തിയേറ്ററാണ് നയന്‍താര വാങ്ങിയത്. നിലവില്‍ പ്രവര്‍ത്തനരഹിതമായ തിയേറ്റര്‍ മിനുക്കു പണികള്‍ നടത്തി മള്‍ട്ടിപ്ലക്സ് ആക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അത്യാഢംബര മള്‍ട്ടിപ്ലക്സ് തിയേറ്ററാണ് ഇവിടെ ഒരുങ്ങുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ ലോകത്ത് തിയേറ്റര്‍ ഉടമയാകുന്ന ആദ്യത്തെ താരമല്ല നയന്‍താര. തെന്നിന്ത്യയില്‍ മഹേഷ് ബാബു, അല്ലു അര്‍ജുന്‍ തുടങ്ങിയ താരങ്ങള്‍ക്കും സ്വന്തമായി തിയേറ്ററുകളുണ്ട്.നിലവില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേര്‍ന്ന് സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്.
ചെന്നൈയുടെ വടക്കന്‍ പ്രദേശമായ തണ്ടയാര്‍പേട്ടൈ എന്ന സ്ഥലത്തില്‍ വളരെ പ്രശസ്തിയോടു പ്രവര്‍ത്തിച്ചുവന്ന ഒരു തിയേറ്ററാണ് 'അഗസ്ത്യ തിയേറ്റര്‍'. ആയിരത്തിലധികം സീറ്റുകള്‍, '70.എം.എം' സ്‌ക്രീന്‍ എന്നീ സൗകര്യങ്ങളോടു കൂടി പ്രവര്‍ത്തിച്ചുവന്ന ഈ തിയേറ്റര്‍ 2020-ല്‍ ആണ് അടച്ചുപൂട്ടിയത്.
നേരത്തെ ചെന്നൈയില്‍ ശിവാജി ഗണേശന്‍, നാഗേഷ്, ജയപ്രത തുടങ്ങിയ അഭിനേതാക്കള്‍ക്ക് സ്വന്തം തിയറ്ററുകള്‍ ഉണ്ടായിരുന്നു. പിന്നീട് അവ വില്‍ക്കപെട്ടു ഷോപ്പിംഗ് മാളുകളായും, കല്യാണ മണ്ഡപങ്ങളായും മാറി.
സിനിമാ സംവിധായകന്‍ വിഘ്‌നേഷ് ശിവനെ വിവാഹം കഴിച്ച്, രണ്ടു കുട്ടികള്‍ക്ക് അമ്മയായ നയന്‍താര ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരതാമസമാണ്.
വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാകുന്നതിന് മുമ്പ് സിനിമാ അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നയന്‍താര, വിഘ്നേഷ് ശിവനുമായുള്ള ബന്ധത്തിന് ശേഷം കുറച്ച് വ്യവസായങ്ങളിലും സിനിമാ നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.അതുവഴി റൗഡി പിക്ചേഴ്സിലൂടെ ഇതിനകം തന്നെ ചില ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന നയന്‍താര-വിക്കി ജോഡികള്‍ ഡീയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ലിഫാം എന്ന ബ്യൂട്ടി പ്രൊഡക്ട് നിര്‍മാണ കമ്പനിയും നയന്‍താര നടത്തുന്നുണ്ട്. റിയല്‍ എസ്റ്റേറ്റിലും ഇവര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.