മണിരത്നത്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള നടിയായ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഐശ്വര്യയുടെ കരിയര്‍ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആദ്യം പരിഗണിച്ചത് കീര്‍ത്തി സുരേഷിനെ ആണ്
തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നായിക നടിയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ അഭിനയ രം?ഗത്തേക്ക് കടന്ന് വന്ന കീര്‍ത്തി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിജയ്, രജിനികാന്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം കീര്‍ത്തി ഇതിനകം അഭിനയിച്ചു.
കരിയറില്‍ നടിക്ക് നാഴികക്കല്ലാവുന്ന മണിരത്‌നം ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് അമ്മ മേനകയാണ് പങ്ക് വച്ചത്. പൊന്നിയന്‍ സെല്‍വന് പകരം നടി ചെയ്ത സിനിമ രജിനികാന്ത് നായകനായ അണ്ണാത്തെയാണ്.അണ്ണാത്തെ പരാജയപ്പെടുകയും പൊന്നിയിന്‍ സെല്‍വന്‍ വന്‍ ഹിറ്റാവുകയും ചെയ്തു. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല എന്നിവരാണ് പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചത്
കുന്ദവി, പൂങ്കുഴലി എന്നീ കഥാപാത്രങ്ങളിലൊന്നിന് കീര്‍ത്തിയെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ ഇതിലേതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും മേനക പറയുന്നു. കുന്ദവിക്കോ പൂങ്കുഴലിക്കോ കീര്‍ത്തിയെ ഫിക്‌സ് ചെയ്തിരുന്നു. എന്നാല്‍ അണ്ണാത്തെയും പൊന്നിയിന്‍ സെല്‍വന്റെ ഡേറ്റും ക്ലാഷായി. തായ്‌ലന്റ് വരെയും പോവാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ ഏറെ വിഷമത്തോടെ ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും മേനക പറയുന്നു. പൊന്നിയിന്‍ സെല്‍വനില്‍ കീര്‍ത്തി അഭിനയിക്കാത്തതില്‍ നടിയുടെ മുത്തശ്ശിക്ക് ഏറെ വിഷമം ഉണ്ടായിരുന്നെന്നും മേനക പറഞ്ഞു. പക്ഷെ അവസരം ലഭിച്ചില്ലെങ്കില്‍ അത് നമുക്ക് വിധിച്ചതല്ല എന്ന് കരുതാന്‍ കീര്‍ത്തിക്ക് കഴിയുമെന്നും മേനക വ്യക്തമാക്കി.
ദസറ എന്ന സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം കൊടുത്തതിനെക്കുറിച്ചും മേനക സംസാരിച്ചു. മുമ്പ് മഹാനടി എന്ന സിനിമയിലെ സെറ്റിലും മേനക സ്വര്‍ണ നാണയം കൊടുത്തിരുന്നു. സാവിത്രി എന്ന നടിയുടെ ജീവിത കഥയെ ആസ്പദമാക്കിയായിരുന്നു സിനിമ. സാവിത്രിയും മുമ്പ് സെറ്റില്‍ സ്വര്‍ണ നാണയം വിതരണം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കീര്‍ത്തിക്കറിയില്ലായിരുന്നെന്നും മേനക സുരേഷ് പറഞ്ഞു.
മഹാനടിക്ക് ശേഷം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയായി മാറിയിരിക്കുകയാണ് ദസറ.