ഒരച്ഛനും കണ്ട് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അത്; ജിഷ്ണുവിന്റെ ഓർമ്മകൾ പങ്കുവച്ച് രാഘവൻ

Malayalilife
topbanner
 ഒരച്ഛനും കണ്ട് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അത്; ജിഷ്ണുവിന്റെ ഓർമ്മകൾ പങ്കുവച്ച് രാഘവൻ

 നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച താരമാണ് ജിഷ്‌ണു രാഘവൻ. 
 ജിഷ്ണുവിന്റെ മരണത്തോട് പൊരുത്തപ്പെടാന്‍ ഉള്ള ശ്രമങ്ങളിലാണ് നടൻ  രാഘവനും ഭാര്യ ശോഭയും. ജിഷ്ണുവിന്റെ വേർപാടിന്റെ നാലാമത്തെ വർഷമാണ്  ഇന്ന് . മകന്റെ  ഓർമ്മകൾ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ്   രാഘവൻ.

കുഞ്ഞുന്നാള്  മുതല്‍ അഭിനയിക്കാന്‍ ജിഷ്ണുവിന് താത്പര്യമുണ്ടായിരുന്നു. കിളിപ്പാട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ ധാരാളം അവസരം വന്നു. പക്ഷെ ചെറുപ്പത്തില്‍ ലൊക്കേഷനില്‍ പോകുമ്പോള്‍ അവനൊപ്പം ആരെങ്കിലും പോകണം. എനിക്കതിന് സമയം തികയുമായിരുന്നില്ല. അമ്മ അങ്ങനെ പുറത്തേക്ക് പോകുന്ന ആളുമായിരുന്നില്ല. ഞങ്ങളെ മനസ്സിലാക്കിയ അവന്‍ അഭിനയത്തെ കുറിച്ച് പറഞ്ഞില്ല, പഠനത്തിലേ ക്കാവുകയും ചെയ്‌തിരുന്നു എന്നും രാഘവൻ പറഞ്ഞിരുന്നു. 

ചലച്ചിത്ര അക്കാദമിയുടെ ഒരു പ്രോഗ്രാമില്‍ വച്ച് കമലിനെ കണ്ടപ്പോള്‍ അദ്ദേഹം തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞു. 'രണ്ട് പുതുമുഖങ്ങളെയാണ് ആലോചിക്കുന്നത്. ഒരാളെ കിട്ടി. ഭരതേട്ടന്റെ മകന്‍ സിദ്ധാര്‍ത്ഥ്. രണ്ടാമത്തെ ആള്‍ക്ക് അല്‍പം പൊക്കം വേണം.' എന്ന് കമല്‍ പറഞ്ഞപ്പോള്‍ ആറടി പൊക്കമുള്ള ഒരാള്‍ വീട്ടിലുണ്ട്, മകന്‍' എന്ന് പറഞ്ഞത് രാഘവനാണ്. അന്ന് ജിഷ്ണു ദില്ലിയിലെ എന്‍ജിനിയറിങ് ജോലി രാജിവച്ച് വന്ന സമയമായിരുന്നു. അങ്ങനെയാണ് നമ്മളില്‍ അഭിനയിക്കുന്നത്.

കുറേ പടങ്ങള്‍ അഭിനയിച്ചെങ്കിലും ചിലത് വിചാരിച്ചതുപോലെ ക്ലിക്കായില്ല. ആ സമയത്ത് മറ്റെന്തെങ്കിലും സൈഡ് ബിസിനസിനെ കുറിച്ച് ചിന്തിച്ചത്. സര്‍ക്കാര്‍ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം നടപ്പാക്കാന്‍ വേണ്ടി സൊസൈറ്റി ഫോം ചെയ്തു. ഓരോ സ്‌റ്റേറ്റിലും അതിന് ഓഫീസുകളുണ്ടാക്കി. അതിന്റെ ഭാഗമായി ഇന്ത്യ മുഴുവന്‍ കറങ്ങേണ്ടിവന്നപ്പോള്‍ നിന്നുതിരിയാന്‍ പോലും സമയം കിട്ടാത്ത അവസ്ഥ വന്നു. ഇതിനിടയ്ക്കാണ് അണപ്പല്ല് ഉരഞ്ഞ് നാവില്‍ മുറിവുണ്ടായത്. തിരക്കുപിടിച്ച ജീവിതത്തില്‍ അതത്ര കാര്യമാക്കിയില്ല. മരുന്നുപോലും കഴിച്ചില്ല. വല്ലാതെ വേദന വന്നപ്പോള്‍ ഡോക്ടറെ കാണിച്ചു. മുറിവില്‍ ഫംഗസ് ബാധയുണ്ടായാല്‍ അത് ലുക്കോപ്ലാക്കിയ എന്ന കാന്‍സറിന് വഴിവയ്ക്കും. അതുകൊണ്ട് ശ്രദ്ധിക്കണം എന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.

പിന്നീടൊരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ ആര്‍ സി സിയില്‍ പോയി കാണിച്ചു. എന്‍ഡോസ്‌കോപ്പി ചെയ്തുനോക്കിയെങ്കിലും പ്രശ്‌നമില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ കുറച്ചുനാളുകള്‍ക്കുള്ളില്‍ വീണ്ടും വേദന വന്നു. എം ആര്‍ ഐ സ്‌കാന്‍ ചെയ്തപ്പോള്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അത്യാവശ്യമായി സര്‍ജറി വേണമെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍ ആ സമയത്ത് രണ്ടു സിനിമകളുടെ വര്‍ക്കിലായിരുന്നു ജിഷ്ണു. ഒരു തമിഴ്പടവും 'ട്രാഫിക്കി'ന്റെ ഹിന്ദി പതിപ്പും. സര്‍ജറി കഴിഞ്ഞാല്‍ കുറച്ചുനാളത്തേക്ക് സംസാരിക്കാന്‍ പോലും കഴിയില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് കുറച്ചുദിവസത്തെ സാവകാശം ഡോക്ടര്‍മാരോട് ചോദിച്ചത്. ബാംഗ്ലൂരില്‍ വച്ചായിരുന്നു സര്‍ജറി. അത് വിജയകരമായി നടത്തി. സര്‍ജറിയുടെ തുടര്‍ച്ചയായി സ്പീച്ച് തെറാപ്പിയും ചെയ്തു. ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍.

പക്ഷേ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ ഒരു മുഴ പോലെ വന്നു. ശ്വാസനാളം മൂടുന്നതുപോലെ തോന്നുന്നു എന്നു പറഞ്ഞപ്പോള്‍ വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. കീമോ ചെയ്തു. പുറത്തുനിന്നു കൊണ്ടുവന്ന വിലകൂടിയ മരുന്നുകള്‍ ഓരോ ദിവസവും ശരീരത്തില്‍ കയറ്റിക്കൊണ്ടിരുന്നു. ഒരു ഡോസ് ശരീരത്തില്‍ കയറണമെങ്കില്‍ മിനിമം മൂന്നുമണിക്കൂറെങ്കിലുമെടുക്കും. ആ സമയത്തൊക്കെ അവന്‍ സന്തോഷവാനായിരുന്നു. വീണ്ടും അവന്‍ ആവേശത്തോടെ ഞങ്ങള്‍ക്കിടയിലേക്ക് വന്നു. അസുഖം മാറിത്തുടങ്ങി. എല്ലാ ഈശ്വരന്‍മാര്‍ക്കും നന്ദി പറഞ്ഞു.

വീണ്ടും അസുഖം വന്നപ്പോഴാണ് അമൃത ആശുപത്രിയിലെത്തിച്ചത്. ശരീരം നന്നായി ശോഷിച്ചു. കൈയും കാലും ചലിപ്പിക്കാന്‍ പോലും കഴിയാതായി.ഇന്ത്യ മുഴുവന്‍ ഓടിനടന്ന് സംസാരിച്ചുകൊണ്ട് കമ്പനിയുണ്ടാക്കിയ അവന് ഒരു നിമിഷം സംസാരിക്കാന്‍ കഴിയാതായി. ഏതെങ്കിലുമൊരു അച്ഛന് കണ്ടുനില്‍ക്കാന്‍ കഴിയുമോ, ഈ അവസ്ഥ? മലയാളം പോലെ ഇംഗ്ലീഷും ഹിന്ദിയും അനായാസമായി കൈകാര്യം ചെയ്യാന്‍ അവന് കഴിയുമായിരുന്നു.

ജിഷ്ണുവിനെ ഒരു ദിവസം പോലും കാണാതിരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. സീരിയലില്‍ നിന്ന് വിളിച്ചെങ്കിലും അഭിനയിക്കാന്‍ പോയില്ല. എല്ലാം അടുത്ത് നിന്ന് ഞാന്‍ തന്നെ നോക്കണം. അവസാന നാളുകളില്‍ ഷര്‍ട്ടിന്റെ ബട്ടന്‍ പോലും അഴിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു കാറ്റ് വന്നാല്‍ വേദനിയ്ക്കുന്ന ശരീരമായിരുന്നു. ഞങ്ങളെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഒന്നും പറയില്ല. ശരീരത്തില്‍ രണ്ട് തുള ഇട്ടിരുന്നു. ഒന്ന് ഭക്ഷണം കൊടുക്കാനും, മറ്റൊരെണ്ണം മൂത്രം എടുത്ത് കളയാനും. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. എനിക്ക് 75 വയസ്സായി. എന്തെങ്കിലും പറ്റിയാല്‍ അവനെ ആര് നോക്കും എന്നായിരുന്നു ആധി. എന്നാല്‍ ആ അവസ്ഥയിലും ധൈര്യം തന്നത് അവനാണ്.

കോഴിക്കോട് ആര്‍ ഇ സിയില്‍ പഠിക്കുന്ന കാലത്ത് ജിഷ്ണുവിന്റെ ജൂനിയറായിരുന്നു ധന്യാ രാജന്‍. എല്ലാകാര്യങ്ങളും പരസ്പരം തുറന്നുപറയുന്ന നല്ല സുഹൃത്തുക്കളായിരുന്നു അവര്‍. മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. കാന്‍സര്‍ വന്ന ആദ്യ ഘട്ടം മുതല്‍ ഞങ്ങള്‍ക്ക് മാത്രമല്ല, അവള്‍ക്കും ധൈര്യം നല്‍കിയത് ജിഷ്ണുവാണ്- രാഘവന്‍ പറഞ്ഞു.

Read more topics: # memmories of jishnu raghavan
memmories of jishnu raghavan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES