നടന്‍ മാമുക്കോയ മരിച്ചതില്‍ മലയാള സിനിമ യാതൊരു ആദരവും കാണിച്ചില്ല എന്നുള്ള പരാതി എത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ നിസാര്‍ ഇതിനോട് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്. ആരോടും പരാതിയില്ലെന്നും അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പറഞ്ഞു.
ആരും വരാത്തതില്‍ എനിക്ക് പരാതിയില്ല. ആരും മനഃപൂര്‍വം വരാത്തത് അല്ല. അത് എന്തെങ്കിലും ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ പല തിരക്കുകളാണ്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും എല്ലാവരും വിളിച്ചിരുന്നു. വിദേശത്തായതിനാലാണ് മമ്മൂട്ടിയും മോഹന്‍ലാലും വരാതിരുന്നത്. അല്ലെങ്കിലും വരുന്നതിലും പോകുന്നതിലും വലിയ കാര്യമൊന്നുമില്ല. പ്രാര്‍ത്ഥിച്ചാല്‍ മതിയല്ലോ.
ജോജു ജോര്‍ജ്, ഇര്‍ഷാദ്, ഇടവേള ബാബു, വിനോദ് കോവൂര്‍ എന്നിവരെല്ലാം വന്നിരുന്നു. എങ്കിലും മറ്റാരും വരാത്തതില്‍ എനിക്ക് പരാതിയൊന്നുമില്ല. അവരെല്ലാം എന്റെ സുഹൃത്തുക്കള്‍ തന്നെയായി രുന്നു. ഇന്നസെന്റും എന്റെ ഉപ്പയും വളരെ നല്ല കൂട്ടുകെട്ടായിരുന്നു. മുഹമ്മദ് നിസാര്‍ പറഞ്ഞു.
മാമുക്കോയയ്ക്ക് മലയാള സിനിമാലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നും വളരെ നീചമായ പ്രവര്‍ത്തിയാണിതെന്നും ആരോപിച്ച് സംവിധായകന്‍ വി.എം. വിനു രംഗത്തുവന്നിരുന്നു. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യവുമുണ്ടായിരുന്നുവെന്ന് വി.എം. വിനു പറഞ്ഞിരുന്നു.വി.എം. വിനുവിനെ അനുകൂലിച്ച് സാഹിത്യകാരന്‍ ടി. പദ്മനാഭന്‍ രംഗത്തു വന്നിരുന്നു.
മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ മകന്‍ സോണറ്റും കൊച്ചുമകന്‍ ജൂനിയര്‍ ഇന്നസെന്റും എത്തി. മാമുക്കോയയുടെ സ്വവസതിയായ കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിലെ അല്‍സുമാസിലാണ് ഇരുവരും എത്തിയത്.