കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ എത്തിയാണ് താരം വന്ദനയുടെ അച്ഛയേയും അമ്മയേയും കണ്ടത്.
ഇന്നലെ രാത്രി എട്ടേകാലോടെയാണ് താരം വന്ദനയുടെ വീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചെലവഴിച്ചു. അച്ഛന്‍ മോഹന്‍ദാസിനോട് മകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. നടന്‍ രമേഷ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. കൂടാതെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജറോമും വന്ദനയുടെ വീട്ടിലുണ്ടായിരുന്നു.
പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.