മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയില്‍ എത്തുന്ന 'എമ്പുരാന്‍' സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഓരോ അപ്ഡേഷനും സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറ്.
ചിത്രം അതിന്റെ അവസാനഘട്ട പണിപ്പുരയിലാണ്. പൃഥ്വിയും സംഘവും ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിങിനായി വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള യാത്രകളിലാണ്.നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഈ വിശേഷം ആരാധകരെ അറിയിച്ചത്.
കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ സിനിമയാണ് എമ്പുരാന്‍. കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടുപോയാല്‍ ഈ വര്‍ഷം മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കണമെന്നാണ് പൃഥ്വിരാജിന്റെ ആഗ്രഹം.ഇന്ത്യയില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂര്‍ത്തിയാകുന്നത്. ലൊക്കേഷനുകള്‍ക്കുവേണ്ടി സംവിധായകന്‍ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകള്‍ ഉത്തരേന്ത്യയില്‍ അവസാനിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകള്‍ തേടി ടീം വീണ്ടും യാത്ര തിരിച്ചത്.
മുരളി ഗോപിയാണു കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിര്‍മിക്കുന്നത്. തിയേറ്ററില്‍ വന്‍ വിജയം നേടിയ ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്.