'സീതാരാമ'ത്തിന്റെ വിജയത്തിന് ശേഷം തെലുങ്കില്‍ സിനിമയൊരുക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിത്താര എന്റര്‍ടൈന്‍മെന്റ്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യും. 'വാത്തി'യുടെ വിജയത്തിനുശേഷം വെങ്കി ഒരുക്കുന്ന സിനിമയാണിത്.
നാഗ വംശി, സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം റിലീസിനെത്തിക്കാനാണ് പദ്ധതി. മാസ് എന്റര്‍ടെയ്നര്‍ ഴോണറിലുള്ളതാണ് ചിത്രം.
അടുത്ത വര്‍ഷം അവധിക്കാലത്ത് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.മഹാനദിയിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കില്‍ എത്തുന്നത്. ദുല്‍ഖറിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്.
അതേസമയം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം കിംഗ് ഒഫ് കൊത്ത ഓണത്തിന് റിലീസ് ചെയ്യും. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. വന്‍താരനിര അണിനിരക്കുന്നു.
ടിനു പാപ്പച്ചനോടൊപ്പം ഒരു മലയാള ചിത്രവും തമിഴില്‍ ഒരു ചിത്രവും ദുല്‍ഖറിന്റേതായി ഷൂട്ടിനുള്ള തയ്യാറെടുപ്പുകളിലാണ്. പുതിയ തെലുങ്കു ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.