'മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ എത്തി സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തിന് ഏഴാമതൊരു റീമേക്ക് കൂടി വരികയാണ്. കൊറിയന്‍ ഭാഷയില്‍ ദൃശ്യം ഒരുങ്ങുന്നുവെന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം സിനിമ വന്‍ വിജയമായിരുന്നു നേടിയത്. പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തിയിരുന്നു.ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു.
ഇപ്പോഴിത ദൃശ്യത്തിന്റെ ഒന്നും രണ്ടു ഭാഗങ്ങള്‍ കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന പ്രഖ്യാപനം നടന്നിരിക്കുകയാണ്. നിര്‍മാതാക്കളായ കുമാര്‍ മങ്ങാട്ട് പഥക്കും, ജയ് ചോയിയും കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നടന്ന പ്രഖ്യാപനത്തില്‍ സന്നിഹിതരായിരുന്നു. ആദ്യ റിലീസ് മലയാള ഭാഷയിലായിരുന്നെങ്കിലും ഹിന്ദി ചിത്രത്തിന്റെ റീമേക്കെന്ന നിലയിലാകും ചിത്രത്തിന്റെ കൊറിയന്‍ പരിഭാഷ ഒരുങ്ങുക.
ഐ സോ ദ് ഡെവിള്‍ എന്ന സിനിമയിലൂടെ ലോക സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ സംവിധായകന്‍ കിം ജൂ വൂണ്‍ ആയിരിക്കും കൊറിയന്‍ പതിപ്പ് ഒരുക്കുക. ദ് ഹോസ്റ്റ്, മെമറീസ് ഓഫ് മര്‍ഡര്‍, പാരസൈറ്റ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ സോങ് കാങ് ഹോ ആകും നായകന്‍.
ഇവര്‍ തന്നെ ഉടമകളായിട്ടുള്ള നിര്‍മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്. ആന്തോളജി സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദൃശ്യം രണ്ടാം തവണയാണ് അന്താരാഷ്ട്ര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. 'ഷീപ് വിതൗട്ട് ഷെപ്പേര്‍ഡ്' എന്ന പേരില്‍ ചിത്രത്തിന്റെ ചൈനീസ് പതിപ്പ് മുന്‍പ് പുറത്തിറങ്ങിയിരുന്നു.