ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസിന്റെ ജീവിതം ഡോക്യു-സീരീസായി ഒരുങ്ങുന്നു. ജീവിതവും പാരമ്പര്യവും യാത്രയും കോര്‍ത്തിണക്കി ഇഎസ്പിഎന്‍ ഡോക്യു-സീരീസായിട്ടാണ് ഒരുങ്ങുക. 'ഇന്‍ ദ അരീന: സെറീന വില്യംസ്' എന്നാണ് സീരീസിന് നല്‍കിയിരിക്കുന്ന പേര്. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന വാള്‍ട്ട് ഡിസ്നി കമ്പനിയുടെ പ്രോഗ്രാമിനിടയിലാണ് പുതിയ സീരീസ് പ്രഖ്യാപിച്ചത്. ഗോതം ചോപ്രയാണ് സീരീസ് സംവിധാനം ചെയ്യുന്നത്.
23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീന വില്യംസിന്റേത് രണ്ട് പതിറ്റാണ്ടോളം നീണ്ട ടെന്നീസ് കരിയറാണ്. പ്രൊഫഷണല്‍ ജീവിതത്തോടൊപ്പം സെറിനയുമായി അടുപ്പമുള്ളവരുടെ അഭിമുഖങ്ങളും സീരീസില്‍ ഉണ്ടാകും. 'ഇന്‍ ദ അരീന: സെറീന വില്യംസ്' ഇഎസ്പിഎനില്‍ സ്ട്രീം ചെയ്യും. റിലീജിയന്‍ ഓഫ് സ്പോര്‍ട്സ്, ടോം ബ്രാഡിയുടെ 199 പ്രൊഡക്ഷന്‍സ്, വില്യംസ്, കരോലിന് കറിയര്‍ എന്നിവരുടെ പ്രൊഡക്ഷന്‍സ് ചേര്‍ന്നാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്.