Latest News

ശരപഞ്ജരത്തിലും ഡെയ്സിയിലും അടക്കം മലയാള ചലച്ചിത്രങ്ങളില്‍ വേഷമിട്ട് മലയാളികളുടെ മനം കവര്‍ന്നു; വിവിധ ഭാഷകളില്‍ കൈയൊപ്പ് ചാര്‍ത്തിയ വേറിട്ട അഭിനയപ്രതിഭ; തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത് ബാബു അന്തരിച്ചു

Malayalilife
 ശരപഞ്ജരത്തിലും ഡെയ്സിയിലും അടക്കം മലയാള ചലച്ചിത്രങ്ങളില്‍ വേഷമിട്ട് മലയാളികളുടെ മനം കവര്‍ന്നു; വിവിധ ഭാഷകളില്‍ കൈയൊപ്പ് ചാര്‍ത്തിയ വേറിട്ട അഭിനയപ്രതിഭ; തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത്ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രില്‍ 20-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1973-ല്‍ 'രാമരാജ്യത്തിലൂടെ' സിനിമയിലെത്തിയ ശരത് ബാബു തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 1977ല്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത 'പട്ടിണ പ്രവേശം' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറി. 1978ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'നിഴല്‍കള്‍ നിജമാകിറത്' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 1984ല്‍ പുറത്തിറങ്ങിയ തുളസീദളയാണ് ആദ്യ കന്നഡ ചിത്രം. 2021-ല്‍ പുറത്തിറങ്ങിയ 'വക്കീല്‍ സാബാ'ണ് ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. തമിഴില്‍ ഈ വര്‍ഷം 'വസന്ത മുല്ലൈ' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സഹതാരത്തിനുള്ള നന്തി പുരസ്‌കാരത്തിന് ഒന്‍പതു തവണ അര്‍ഹനായിട്ടുണ്ട്.

വിവിധ ഭാഷകളിലായി 200-ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

മെയ് മൂന്നിന് ശരത് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അതിനുപിന്നാലെ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സഹോദരി രംഗത്തെത്തുകയായിരുന്നു. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാര്‍ഥ പേര്.

Read more topics: # ശരത്ബാബു
Sarath Babu passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES