ബോളിവുഡ് താരം പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. അടുത്തിടെ മോതിര വിരലില്‍ വെള്ളി ബാന്‍ഡ് ധരിച്ച് പരിണീതിയെ പൊതുമധ്യത്തില്‍ കണ്ടതോടെയാണ് ഇവരുടെ വിവാഹ വാര്‍ത്തകള്‍ വീണ്ടും സജീവമായിരുന്നു.
പരിണീതിയും രാഘവും വിവാഹത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്തിയെന്നും അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പരമ്പരാഗത റോക്ക വിവാഹ നിശ്ചയം ചടങ്ങ് നടത്തി എന്നും വാര്‍ത്തകള്‍ പരന്നതിന് പിന്നാലെ ഇപ്പോള്‍ ഈ മാസം 13 ന് വിവാഹ നിശ്ചയം നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മെയ് 13 ന് ഡല്‍ഹിയില്‍ വച്ച് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം.മുംബൈയില്‍ വച്ചു കണ്ടതിനു പിന്നാലെ മറ്റു സ്ഥലങ്ങളില്‍ വച്ചും ആരാധകര്‍ ഇരുവരെയും കണ്ടിരുന്നു. പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്ര ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടാകുമെന്ന സംശയത്തിലായിരുന്നു ആരാധകര്‍. സിറ്റാഡെല്‍ എന്ന സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് പ്രിയങ്ക നാട്ടിലെത്തിയത്.
മുതിര്‍ന്ന എഎപി നേതാവും എംപിയുമാണ് ഛദ്ദ. 2011 ല്‍ പുറത്തിറങ്ങിയ ലേഡീസ് വേഴ്സസ് റിക്കി ബാല്‍ എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാ ലോകത്തെത്തുന്നത്. ദില്‍ജിത്ത് ദോശനൊപ്പമുള്ള ചംകീലആണ് പരിനീതിയുടെ പുതിയ ചിത്രം.