മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ ഗാനം കോപ്പിയടിച്ചതാണെന്ന് ആരോപണം. ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗരാണ് ആരോപണം നടത്തിയത്. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത 'വീര രാജ വീര' എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. തന്റെ അച്ഛനും അമ്മാവനും ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീന്‍ ആരോപിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പൊന്നിയിന്‍ സെല്‍വന്‍ 2' റിലീസ് ചെയ്ത് രണ്ടാം ദിനത്തില്‍ ആഗോളതലത്തില്‍ 100 കോടി നേടിയിരുന്നു. ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2'.
അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദന്‍ പറഞ്ഞു. പിഎസ് 2 വിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആര്‍ റഹ്‌മാനും അനുവാദം ചോദിച്ചിരുന്നു എങ്കില്‍ തങ്ങള്‍ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നുവെന്നും വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലിയ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.ഓരോ ഭാഗത്തിന്റെയും ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വാസിഫുദ്ദീന്റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. 13-ാം നൂറ്റാണ്ടില്‍ നാരായണ പണ്ഡിതാചാര്യന്‍ ചെയ്ത കോംമ്പോസിഷനാണ് ഇതെന്നും ആലാപന ശൈലിയില്‍ ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ സാധിക്കില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
തമിഴ് സാഹിത്യകാരന്‍ കല്‍കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, ശോഭിത ദുലിപാല, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു ,ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എ ആര്‍ റഹ്‌മാന്റെ സംഗീതവും, രവി വര്‍മ്മന്റെ ഛായാഗ്രഹണവും, തോട്ടാധരണിയുടെ കലാ സംവിധാനവും 'പൊന്നിയിന്‍ സെല്‍വ 'നിലെ ആകര്‍ഷക ഘടകങ്ങളാണ്. ലൈക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച 'പൊന്നിയിന്‍ സെല്‍വന്‍-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.