പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ് ശരത് ചന്ദ്രന് വയനാട്.വെങ്കലം,ചമയം,ദി സിറ്റി,കന്മദം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മയില്‍,അന്നൊരിക്കല്‍,നന്മ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇപ്പോളിതാ പുതിയ ചിത്രം ചതിയുടെ പ്രസ് മീറ്റില്‍ നടന് ആസിഫ് അലിക്ക് എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം. ഏഴ് വര്‍ഷത്തിലധികമായി നടന് ആസിഫ് അലി തന്നെ ചതിച്ചു കൊണ്ടിരിക്കുകയാണെന്ന് ആണ് ശരത്ചന്ദ്രന് വയനാട് ആരോപിക്കുന്നത്.
ആസിഫ് അലിക്ക് വായിക്കാനായി താന്‍ നല്കിയ സ്ക്രിപ്റ്റ് ഏഴുവര്‍ഷമായി തിരിച്ചു തന്നിട്ടില്ല എന്നാണ് ശരത് ചന്ദ്രന് ആരോപിക്കുന്നത്.ആന്റോ ജോസഫ് പറഞ്ഞിട്ടാണ് സ്ക്രിപ്റ്റ് ആസിഫ് അലിക്ക് നല്‍കിയത്. നടനെ നായകനാക്കി സിനിമ എടുക്കാന്‍ താല്പര്യമായിരുന്നു. നാല് ദിവത്തിനകം സ്ക്രിപ്റ്റ് വായിച്ച് തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ പ്രതികരണമില്ല എന്നാണ് ശരത്ചന്ദ്രന് പറയുന്നത്.
ശരത്ചന്ദ്രന് വയനാടിന്റെ വാക്കുകള്‍:
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ആസിഫ് അലി. ആന്റോ ജോസഫ് പറഞ്ഞിട്ട് തൊടുപുഴയില്‍ ആസിഫ് അലിക്ക് ഒരു സക്രിപ്റ്റ് ഞാന്‍ കൊണ്ടുപോയി കൊടുത്തിരുന്നു. ആ കഥ ഞാന്‍ പറയുകയും സ്ക്രിപ്റ്റ് കൊടുക്കുകയും ചെയ്തു. ഇതുവരെയും അയാള്‍ അത് വായിച്ച് കഴിഞ്ഞിട്ടില്ല. ഏഴ് കൊല്ലമായി കൊടുത്തിട്ട്, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. എന്താണ് ചെയ്യേണ്ടത്? സിനിമയല്ല ആദ്യം സിനിമാക്കാരാണ് നന്നാവേണ്ടത്. അപ്പോ ഇവിടെ നല്ല സിനിമയുണ്ടാകും.
സിനിമയില്‍ പുറത്ത് നിന്ന് കുറ്റം, പുറത്ത് നിന്ന് ചതിക്കും. ചതിയുടെ വഴികളിലൂടെയാണ് ഈ സിനിമ പോകുന്നത്. സിനിമയിലും ജീവിതത്തിലും എന്നെ പലരും ചതിച്ചു. ഞാന്‍ വായിക്കാം, കഥ ഇഷ്ടപ്പെട്ടു, നാല് ദിവസം കൊണ്ട് തിരിച്ച് തരാമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് തന്നില്ല. തിരിച്ച് ചോദിക്കാന്‍ ഇയാള്‍ ഫോണ്‍ എടുക്കില്ല. 30 രൂപ മുടക്കി ശരത് ചന്ദ്രന് വയനാട് എന്ന് പറഞ്ഞ് ഒരു പാണ്ടി ലോറിയിലെങ്കിലും ആ സ്ക്രിപ്റ്റ് മടക്കി അയക്കാമായിരുന്നു.
35 രൂപ മുടക്കി ഒരു കൊറിയര്‍ എങ്കിലും അയച്ചൂടെ. അയാള്‍ നല്ല നടനാണ്, എനിക്കിഷ്ടപ്പെട്ട നടന്. ഒന്നിച്ച് പടം ചെയ്യാന്‍ ആഗ്രഹിച്ചതുമാണ്. പക്ഷെ കുറച്ച് സാമാന്യ മര്യാദ ഇന്നത്തെ യൂത്തുകള്‍ കാണിക്കണമെന്ന് എനിക്ക് നിര്‍ബന്ധമായിട്ട് പറയേണ്ടി വരുന്നു. ആ സ്ക്രിപ്റ്റ് ഇഷ്ടമല്ലെങ്കില്‍ തിരിച്ച് തന്നൂടെ. സ്നേഹം പങ്കുവച്ചിട്ട് പിന്നെ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്തത് ഒരു ചതി തന്നെയാണ്.
ഇതു താന്‍ടാ പൊലീസ്' എന്ന സിനിമയുടെ സെറ്റില്‍ പോയി കാരവാനില്‍ ഇരുന്ന് സംസാരിച്ചത്. പിന്നെ ഞാന്‍ അങ്ങനെ പോട്ടെ എന്ന് വിചാരിച്ചു. ഒരു അവസരം വന്നപ്പോ പറഞ്ഞെന്നേയുള്ള. എല്ലാവരും മാന്യത കാണിക്കുന്നതാണ് സിനിമാ കുടുംബത്തിന് നല്ലത്.