മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധയയാണ് സംയുക്ത. മലയാളവും കടന്ന് ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാം സംയുക്ത അഭിനയിച്ച ചിത്രങ്ങള്‍ മികച്ച വിജയങ്ങളായ മാറുകയും ചെയ്തിരുന്നു.ഇപ്പോള്‍ നടി'സായ് ധരം തേജ് നായകനായ വിരൂപാക്ഷ' മലയാളത്തിലും റിലീസാകുന്നതിന്റെ ഭാഗമായി പ്രോമോഷനെത്തിയതിന്റെ വിശേഷങ്ങളാണ് വൈറലാകുന്നത്.
മലയാള ചിത്രമായ 'ബൂമറാംഗു'സിനിമയുടെ പ്രമോഷന് വേണ്ടി സംയുക്തയെ സമീപിച്ചെങ്കിലും അവര്‍ തയ്യാറായില്ലെന്ന് നിര്‍മാതാവ് വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോയും രംഗത്തെത്തിയിരുന്നു.'ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതല്‍ ഇഷ്ടം കുറച്ച് ഇഷ്ടം എന്നൊന്നും ഇല്ല. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.' -എന്നായിരുന്നു ഷൈന്‍ അന്ന് പറഞ്ഞത്.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍. 'എന്റെ പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്നുള്ളത് ഞാന്‍ വളരെ പ്രോഗ്രസീവായി എടുത്ത തീരുമാനമായിരുന്നു. അന്ന് അദ്ദേഹം (ഷൈന്‍) പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ സങ്കടം തോന്നി. ഇപ്പോഴും പല സ്ഥലങ്ങളില്‍ പോകുമ്പോഴും ജാതിവാല്‍ ചേര്‍ത്താണ് വിളിക്കുന്നത്. ഒരു ചിത്രത്തിന്റെ ആവശ്യത്തിനായി ചെന്നൈയില്‍ പോയപ്പോള്‍ അവിടെനിന്നും അങ്ങനെ വിളിച്ചപ്പോള്‍ അരോചകമായിത്തോന്നി. അതുകൊണ്ടാണ് അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞത്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കേരളം മുന്നോട്ട് ചിന്തിക്കുന്ന ഇടമാണ്. ജാതിവാല്‍ മാറ്റിയത് ചോദ്യം ചെയ്യപ്പെടുക എന്ന് പറയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. മറ്റൊരു കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇത് എടുത്തിടുന്നത് കേട്ടപ്പോള്‍ വളരെയേറെ സങ്കടം തോന്നി.'- നടി വ്യക്തമാക്കി.