മലയാള സിനിമ മേഖല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി വാര്‍ത്തകളില്‍ നിറയുകയാണ്. ലഹരി ഉപയോഗവും കൃത്യനിഷ്ടയില്ലായ്മയും ഒക്കെയാണ് പലര്‍ക്കും എതിരെ തിരിയുന്ന കാരണങ്ങള്‍. ഇപ്പോള്‍ സൗബിന് ഷാഹിറിനെതിരെ ആരോപണങ്ങളുമായി സംവിധായകന് ഒമര്‍ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്. ഡബ്ബിംഗിന് വിളിച്ചാല്‍ സൗബിന് വരില്ലെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നാണ് ഒമര്‍ ലുലു പറയുന്നത്
മുതിര്‍ന്ന താരങ്ങള്‍ വരെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കാറുണ്ട്, യുവ നടന്മാര്ക്കാണ് പ്രശനം എന്നാണ് ഒമര്‍ ലുലു പ്രതികരിക്കുന്നത്.ഇപ്പോള്‍ വരുന്ന പുതുമുഖങ്ങളാണ് പ്രശ്നം. എന്റെ സിനിമയില്‍ സിദ്ദിഖ് ഒക്കെ അഭിനയിച്ചിട്ടുണ്ട്. സിദ്ദിക്ക, ഇടവേള ബാബു ചേട്ടന്, മുകേഷേട്ടന്, ഉര്‍വ്വശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ വരുന്ന സമയം നമ്മളുടെ അടുത്ത് പറയും. അതിന് അനുസരിച്ച് ഷൂട്ട് ചാര്‍ട്ട് ചെയ്യാം. വരുന്ന വഴിക്കൊക്കെ ബ്ലോക്ക് ഒക്കെ ഉണ്ടായാല്‍ അത് പറയും.''
എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോണ്‍ ചെയ്താല്‍ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിന് ആയിട്ട് ഞാന്‍ അങ്ങനെയാണ് ആദ്യം വിഷയം തുടങ്ങുന്നത്.''
''ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല. ഷൈന്‍ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട്. പോപ്കോണ്‍ എന്ന സിനിമ നടക്കുകയാണ്, അപ്പോള്‍ സൗബിന് വന്ന് ഡബ്ബ് ചെയ്തോ എന്ന് ഷൈന്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഷൈന്‍ സമ്മതിക്കുമോ എന്നറിയില്ല'' എന്നാണ് ഒമര്‍ ലുലു അഭിമുഖത്തില്‍ പങ്ക് വച്ചത്.
മലയാള സിനിമയിലെ പല യുവതാരങ്ങള്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. ഷെയ്ന് നിഗത്തെയും ശ്രീനാഥ് ഭാസിയെയും നിലവില്‍ സിനിമയില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ആന്റണി വര്‍ഗീസിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.