പീഡനക്കേസില്‍ പ്രതിയായ ലിജു കൃഷ്ണ സംവിധാനം ചെയ്ത 'പടവെട്ട്' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലിജു കൃഷ്ണയ്‌ക്കെതിരേ ക്രിമിനല്‍ കേസുണ്ടെന്നും വിചാരണ പൂര്‍ത്തിയാകും വരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നുമായിരുന്നു ആവശ്യം..
പരാതിക്കാരിയുടെ ആരോപണങ്ങള്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്. യുവതിയുടെ ആവശ്യം സെന്‍സര്‍ ബോര്‍ഡ് നേരത്തേ നിഷേധിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ജയശങ്കര്‍ വി. നായര്‍ അറിയിച്ചു.
പടവെട്ടി'ന്റെ ഷൂട്ടിങ് നടക്കുന്ന ഘട്ടത്തിലാണ് ലിജുവിനെതിരേ സഹപ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയത്. സിനിമയുടെ ആവശ്യത്തിനായി വാടകക്കെടുത്ത വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആര്‍ത്തവ സമയത്തും അയാളുടെ ബലപ്രയോഗത്തില്‍ ക്ഷതം സംഭവിച്ചുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
പടവെട്ട് എന്ന സിനിമയ്ക്കായി തിരക്കഥ ഉള്‍പ്പടെ പല രീതിയിലുള്ള ജോലികള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും യുവതി പറഞ്ഞിരുന്നു. തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പരാതി പറയുവാന്‍ സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ ഉണ്ടായിരുന്നില്ല. വിഷയം സംബന്ധിച്ച് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
യുവ താരം നിവിന്‍ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് പടവെട്ട്. ലിജു കൃഷ്ണയെന്ന നവാഗത സംവിധായകന്‍ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.യുവ താരം സണ്ണി വെയ്ന്റെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ്, യോഡ്‌ലീ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള ശാരീരിക മാറ്റത്തിനു തയ്യാറായ നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലന്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍, സുധീഷ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.