ബോളിവുഡ് മസാല എന്റര്‍ടെയ്നറുകളില്‍ നിന്ന് അടയാളപ്പെടുത്തുന്ന കഥാപാത്രം തനിക്ക് ലഭിച്ചത് 'കെന്നഡി' എന്ന ചിത്രത്തിലൂടെയെന്ന് നടി സണ്ണി ലിയോണി. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തിയതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നടി.
മുന്‍പ് കണ്ട എന്റെ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷം ഞാന്‍ മൂന്നു സിനിമകള്‍ ചെയ്തു. അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ ചിത്രം. ബോളിവുഡില്‍ ഇന്ന് ഇവിടെ എത്തിനില്ക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് ഒരു വലിയ യാത്രയാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമ പ്രശസ്തമായ ഒരിടത്ത് പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത് വലിയ ആവേശം പകരുന്നു' - സണ്ണി ലിയോണിന്റെ വാക്കുകള്‍. കെന്നഡിയുടെ പ്രീമിയറിന് സണ്ണി ലിയോണ്‍ പങ്കെടുക്കുന്നുണ്ട്. മിഡ് നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിലാണ് പ്രദര്‍ശനം.
ഈ പ്രോജക്ടിനായി അനുരാഗ് കശ്യപ് എന്നെ സമീപിച്ചപ്പോള്‍ അത് അവിശ്വസനീയമായാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ സിനിമാ ശൈലി എനിക്കിഷ്ടമാണ്, അദ്ദേഹത്തോടൊപ്പം നന്നായി ആസ്വദിച്ചാണ് ഞാന്‍ ജോലി ചെയ്തത്. അദ്ദേഹം എന്നിലെ അഭിനേത്രിയുടെ മറ്റൊരു വശമാണ് പുറത്തുകൊണ്ടുവന്നത്. മറ്റ് സംവിധായകര്‍ ചിന്തിക്കാത്ത, ചെയ്യാത്ത വിധത്തില്‍. അത് ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീക്ഷണം അതിശയകരമാണ്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അനുരാഗ് കശ്യപ് ചിത്രം 'ഗാങ്സ് ഓഫ് വാസിപൂര്‍' ആണ്, സണ്ണി ലിയോണി വ്യക്തമാക്കി.