ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച് ആരാധകന്‍. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
ട്രാഫിക്കില്‍ കുരുങ്ങിയ ബച്ചന്‍ ഒരു വഴിയാത്രക്കാരന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് പോവുകയും ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തുകയും ചെയ്തു. ബൈക്കുകാരന്റെ തോളില്‍ കൈവച്ച് കറുത്ത ടീഷര്‍ട്ടും, നീല പാന്റ്സും ബ്രൗണ്‍ കോട്ടും വെള്ള ഷൂസും അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കില്‍ അദ്ദേഹം ബൈക്കിലിരിക്കുന്ന ചിത്രങ്ങളും വൈറലാവുകയാണ്.
ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം സഹിതം ബച്ചന്‍ കുറിപ്പ് പങ്കുവച്ചത്. 'യാത്രയ്ക്ക് നന്ദി സുഹൃത്തേ.. നിങ്ങളെ എനിക്കറിയില്ല.. എന്നാല്‍ നിങ്ങള്‍ എന്നെ ജോലി സ്ഥലത്തേക്ക് കൃത്യസമയത്ത് എത്തിച്ചു.. വേഗത്തിലും ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കിയും.. തൊപ്പിയും ഷോര്‍ട്ട്‌സും മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ടും അണിഞ്ഞിരുന്നയാളോട് നന്ദി പറയുന്നു'- അമിതാഭ് കുറിച്ചു.
പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രതികരണങ്ങള്‍ നിരവധിയാണ് എത്തിയത്. ഒപ്പം ഇരുവരും ഹെല്‍മെറ്റ് ധരിക്കാത്തതും ആരാധകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്